
ലഖ്നൗ: ഉത്തർപ്രദേശിലെ ഗോണ്ടയിലെ ജില്ലാ പാർട്ടി ഓഫീസിൽ ഒരു സ്ത്രീയുമൊത്തുള്ള ബിജെപി നേതാവിന്റെ വീഡിയോ വിവാദമായി. ബിജെപി ജില്ലാ പ്രസിഡന്റ് അമർ കിഷോർ കശ്യപ് സ്ത്രീയുമായി പാർട്ടി ഓഫിസിൽ കെട്ടിപ്പിടിക്കുന്ന വീഡിയോയാണ് വ്യാപമായി പ്രചരിച്ചത്. വീഡിയോയെക്കുറിച്ച് വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശ് ബിജെപി നേതാവിന് നോട്ടീസ് അയച്ചു. പ്രവർത്തകനാണ് ബിജെപി നേതൃത്വത്തിന് ഔദ്യോഗികമായി പരാതി നൽകിയത്. കശ്യപിനോട് ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകാൻ പാർട്ടി ആവശ്യപ്പെട്ടു.
സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്നതാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ഗോവിന്ദ് നാരായൺ ശുക്ല നൽകിയ നോട്ടീസിൽ പറയുന്നു. സംസ്ഥാന പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരം, ഏഴ് ദിവസത്തിനുള്ളിൽ ബിജെപി സംസ്ഥാന ഓഫീസിൽ രേഖാമൂലം വിശദീകരണം സമർപ്പിക്കാൻ ആവശ്യപ്പെട്ടു. നിശ്ചിത സമയത്തിനുള്ളിൽ തൃപ്തികരമായ പ്രതികരണം നൽകിയില്ലെങ്കിൽ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നേതൃത്വം അറിയിച്ചു. ഏപ്രിൽ 12 നാണ് വീഡിയോ റെക്കോർഡ് ചെയ്തതെന്ന് റിപ്പോർട്ടുണ്ട്.
സുഖമില്ലെന്നും വിശ്രമിക്കാൻ ഒരു സ്ഥലം വേണമെന്നും പറഞ്ഞ് സ്ത്രീ തന്നെ വിളിച്ചതായി അമർ കിഷോർ കശ്യപ് അവകാശപ്പെടുന്നു. ആ സ്ത്രീ നമ്മുടെ പാർട്ടിയിലെ സജീവ അംഗമാണ്. അവർ എന്നെ വിളിച്ച് തനിക്ക് സുഖമില്ലെന്നും കുറച്ച് നേരം വിശ്രമിക്കാൻ സ്ഥലം വേണമെന്നും ആവശ്യപ്പെട്ടതനുസരിച്ച് അവരെ കൂട്ടി ഓഫീസിലേക്ക് കൊണ്ടുവന്നുവെന്ന് മിസ്റ്റർ കശ്യപ് പറഞ്ഞു. പാർട്ടി ഓഫീസിൽ വെച്ച് സ്ത്രീ കാറിൽ നിന്ന് ഇറങ്ങുന്നത് സിസിടിവി ക്യാമറകളിൽ പതിഞ്ഞിരുന്നു. ഇരുവരും തോളിൽ ഒരു കൈ ഇടുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്ന വീഡിയോയാണ് പുറത്തുവന്നത്.
പടികൾ കയറുമ്പോൾ സ്ത്രീക്ക് തലകറക്കം അനുഭവപ്പെടുകയും താൻ സഹായിക്കുകയും ചെയ്തെന്നാണ് നേതാവ് പറയുന്നത്. അപകീർത്തിപ്പെടുത്താൻ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്നും കശ്യപ് പറഞ്ഞു. പാർട്ടി പ്രവർത്തകയെ സഹായിക്കുന്നത് ഒരു കുറ്റകൃത്യമാണെങ്കിൽ ഒന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]