
കോഴിക്കോട് രൂപതയും മലബാർ കുടിയേറ്റവും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മനുഷ്യസമുദായത്തിന്റെ ചരിത്രം തന്നെ കുടിയേറ്റങ്ങളുടെ ചരിത്രമാണെന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്. ആഫ്രിക്കയിൽ നിന്നാരംഭിച്ച കുടിയേറ്റങ്ങളാണ് മനുഷ്യരാശിയുടെ ചരിത്രമെന്ന് നരവംശശാസ്ത്രജ്ഞൻമാർ പറഞ്ഞുവെക്കുന്നു. അതിജീവനത്തിനുള്ള ത്വരയുമായ് മനുഷ്യവർഗം ഓരോ പ്രദേശങ്ങളിലേക്കും പാർപ്പു തുടങ്ങുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം തിരുവിതാംകൂറിൽനിന്ന് ജനങ്ങൾ ബ്രിട്ടീഷ് മലബാറിലേക്ക് കന്നിമണ്ണ് തേടി യാത്ര തുടരുകയുണ്ടായി. രണ്ടാം ലോക മഹായുദ്ധം ചവച്ചുതുപ്പിയ ദാരിദ്ര്യം തന്നെയായിരുന്നു അവരുടെ യാത്രയുടെ കാരണം.
വന്യമൃഗങ്ങളും മഹാരോഗങ്ങളും ദാരിദ്ര്യവുമായിരുന്നു അവരെ ഗ്രസിച്ചിരുന്നത്. രേഖകളുടെയും കേൾവികളുടെയും അടിസ്ഥാനത്തിൽ 1926 ൽ പാലാ ളാലംപള്ളി കപ്യാരായിരുന്ന വൈക്കം അയ്മനം സ്വദേശി ഔസേപ്പ് കുറ്റ്യാടിക്കടുത്ത് മൂന്നാം കയ്യിൽ സ്ഥലം വാങ്ങി പാർപ്പുതുടങ്ങിയതാണ് കുടിയേറ്റത്തിന്റെ ആരംഭം. 1924 നടുത്ത് തലശ്ശേരി കോളയാട്ട് ചില കുടിയേറ്റങ്ങൾ നടന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ കുടിയേറ്റം നൂറു വർഷം പിന്നിട്ടുണ്ട്.
1930കളിൽ ജനങ്ങൾ സാന്ദ്രമായി കോഴിക്കോട് ജില്ലയിലെ മലയോരങ്ങളിലേക്കു വന്നുകൊണ്ടിരുന്നു. അവർക്കു നേതൃത്വം കൊടുക്കുവാനോ അവരുടെ സങ്കടങ്ങൾ കേൾക്കുവാനോ ആരുമുണ്ടായിരുന്നില്ല. വന്യമൃഗങ്ങൾ, മാരകരോഗങ്ങൾ, അധികാരികളുടെ പീഡനങ്ങൾ എന്നിവ ജനങ്ങളെ മുച്ചൂടും കഷ്ടപ്പെടുത്തിയിരുന്നു. കുളത്തുവയൽ പള്ളിയിലെ മരണ രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നത്, 1943 മുതൽ 48 വരെ മലമ്പനിമൂലം 377പേർ മരിച്ചു സെമിത്തേരിയിൽ അടക്കപ്പെട്ടിട്ടുണ്ട് എന്നാണ്. അവരവരുടെ പറമ്പുകളിൽ വീണുമരിച്ചവർ എത്രയെന്ന് അറിവില്ല.
അക്കാലങ്ങളിൽ കുടിയേറ്റക്കാർക്ക് സാന്ത്വനമരുളുവാൻ മംഗലാപുരം, കോഴിക്കോട് ലത്തീൻ രൂപതകളിലെ പുരോഹിതന്മാർ കാൽനടയായി മൈലുകൾ താണ്ടി കുടിയേറ്റ മേഖലകളിലെത്തി ഗുളികകൾ വിതരണം ചെയ്യുകയും ചെറിയ കുടിലുകൾ കേന്ദ്രീകരിച്ച് ആത്മീയ കൃത്യങ്ങൾ നിർവഹിക്കുകയും ചെയ്തിരുന്നു.
കോഴിക്കോട് രൂപതാധ്യക്ഷന്മാരായ ഡോ.ലിയോ പ്രോസർപിയോ, ഡോ.ആൾദോ മരിയ പത്രോണി എന്നിവരുടെ നേതൃത്വത്തിൽ ഫാ.ഇടമരം, ഫാ. ജയിംസ് മന്തിനാരി, ഫാ.റിബല്ലോ, ഫാ.ജോസഫ് പിടിയേക്കൽ, ഫാ . ആയല്ലൂർ, ഫാ.തയ്യിൽ, ഫാ.ജോസഫ് ചുങ്കത്ത്, ഫാ.ജോസഫ് പന്നിക്കോട്ടൂർ, ഫാ. പോൾ റൊസ്സാരിയോ, ഫാ. സി.ജെ. വർക്കി, ഫാ.ഫ്രാൻസിസ് ആറുപറ, ഫാ.ജോസഫ് കിഴക്കുംഭാഗം, ഫാ.ബനാറ്റാ, ഫാ.ജോൺ സെക്വ മുതലായ പുരോഹിതന്മാർ സേവനം അനുഷ്ഠിച്ചിരുന്നു. കുഞ്ഞുങ്ങളുടെ വിദ്യാദാനത്തിന് സ്കൂളുകൾ ആരംഭിക്കുവാനും അവർ മുൻകൈ എടുത്തിരുന്നു.
മനുഷ്യനുവേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയാത്തവന് ദൈവത്തിനു വേണ്ടി ഒന്നും ചെയ്യാൻ കഴിയുകയില്ല എന്ന വിക്ടർ ഹ്യൂഗോയുടെ വാക്കുകളെ സ്മരിച്ചുകൊണ്ട് കുടിയേറ്റ ജനതയ്ക്കുവേണ്ടി ജീവിതം ഹോമിച്ച കോഴിക്കോട് രൂപതയെയും പിതാവിനെയും വൈദികരേയും ജനങ്ങളേയും ഈ വേളയിൽ അനുസ്മരിക്കാം.