
രജീഷിനെ രക്ഷിക്കാൻ കഴിഞ്ഞില്ല: വേർപാടിൽ വിറങ്ങലിച്ച് അഴിയൂർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അഴിയൂർ∙ നാടും നാട്ടുകാരും അധികാരികളും ഒറ്റ മനസ്സുമായി പ്രവർത്തിച്ചിട്ടും രജീഷിനെ രക്ഷിക്കാൻ കഴിയാത്തതിലുള്ള വേദനയിലാണ് അഴിയൂർ ഗ്രാമം. വടകര, മാഹി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും ചോമ്പാല പൊലീസും നാട്ടുകാരും ചേർന്ന് 3 മണിക്കൂറോളം നീണ്ട രക്ഷാ പ്രവർത്തനമാണ് നടത്തിയത്. വിവരം അറിഞ്ഞ് കനത്ത മഴയെ അവഗണിച്ച് വൻ ജനാവലിയാണ് ദുരന്തം നടന്ന അഴിയൂർ വേണുഗോപാല ക്ഷേത്രത്തിന് സമീപം തൈയുള്ളതിൽ സമീറിന്റെ ഉടമസ്ഥതയിലുള്ള കൊക്കോന്റെവിട പറമ്പിലേക്ക് ഒഴുകി എത്തിയത്.
5 മണ്ണുമാന്തികളും മറ്റും വരുത്തി ഇടിഞ്ഞു വീണ മണ്ണ് നീക്കി നടത്തിയ രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് രജീഷിനെ കണ്ടെത്തിയത്. രജീഷിന് ഒപ്പം കിണറ്റിൽ അകപ്പെട്ട അഴിയൂർ 3–ാം ഗേറ്റിലെ വേണുവിനെ ആദ്യം രക്ഷപ്പെടുത്തിയിരുന്നു. അതുപോലെ രജീഷിനെയും രക്ഷിക്കാമെന്ന കണക്കു കൂട്ടൽ മണിക്കൂറുകൾ കഴിയുമ്പോഴും നഷ്ടപ്പെട്ടിരുന്നില്ല.നേരത്തെ എത്തിയ ശക്തമായ മഴയായിരുന്നു കിണർ നിർമാണത്തിന് വില്ലനായത്. മേയ് അവസാനം വരെ സാധാരണ കിണറിന്റെ പ്രവൃത്തി നടക്കാറുണ്ട്. 6 പേരാണ് കിണറിന്റെ ജോലിക്ക് ഉണ്ടായിരുന്നത്.
അതിൽ രജീഷും വേണുവും കിണറിൽ ഇറങ്ങി ജോലി ചെയ്യുകയായിരുന്നു. പൂഴി പ്രദേശം ആയതിനാൽ വെൽഗർ ഉപയോഗിച്ച് കല്ല് കെട്ടി താഴ്ത്തിയാണ് കിണർ കുഴിച്ചു കൊണ്ടിരുന്നത്. അതിനിടയിലാണ് മുകളിൽ നിന്നു ശക്തമായി ഇടിഞ്ഞത്. ഇരുവരും മണ്ണിനുള്ളിൽ അകപ്പെട്ടു. നാട്ടുകാരുടെ നേതൃത്വത്തിൽ പെട്ടെന്നു തന്നെ രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു. പിന്നീട് അഗ്നി രക്ഷാസേനയും പൊലീസും എത്തി.
ഫയർ സേഫ്റ്റി ഓഫിസർ ഒ.അനീഷ് കിണറ്റിൽ ഇറങ്ങി സേനാംഗങ്ങളുടെ സഹായത്തോടെ രജീഷിനെ പുറത്തെടുക്കുകയായിരുന്നു. സ്റ്റേഷൻ ഓഫിസർ പി.ഒ വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഫയർ ഓഫിസർമാരായ എ.പി.ഷൈജേഷ്, മനോജ് കിഴക്കെക്കര, ടി.കെ.ജിബിൻ, മുനീർ അബ്ദുല്ല, ഐ.ബിനീഷ്, കെ.വി.അനിത്ത്കുമാർ, സി.കെ.അർജുൻ, ജെ.ജയകൃഷ്ണൻ എന്നിവരും ഉണ്ടായിരുന്നു. അഴിയൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനിഷ ആനന്ദനിലയത്തിന്റെ സഹോദരനാണ് രജീഷ്. കെ.പി.മോഹനൻ എംഎൽഎ ആശുപത്രിയിൽ എത്തി.