
പുതിയ അധ്യക്ഷന്റെ ആദ്യ ദൗത്യം; അൻവറില്ലാതെ ജയം നേടാൻ സിപിഎം: പെരുമഴയിൽ നിലമ്പൂരിൽ പോരാട്ടച്ചൂട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്പുള്ള ക്വാർട്ടർ ഫൈനലായി കാണാം. സെമി ഫൈനലായ തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപുള്ള മത്സരം എത്തുന്നത് മഴക്കാലത്താണെങ്കിലും രാഷ്ട്രീയച്ചൂട് ഉയർന്നു നിൽക്കുമെന്ന് ഉറപ്പ്. ഞായറാഴ്ചയുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുന്നണികൾ പ്രതീക്ഷിച്ചതല്ല.
ഇടതു സ്വതന്ത്രനായ പി.വി.അൻവർ എംഎൽഎ സ്ഥാനം രാജിവച്ച് ഇടതു മുന്നണി വിട്ടതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ആര്യാടൻ മുഹമ്മദിന്റെ കുത്തകയായിരുന്ന മണ്ഡലം അൻവറിലൂടെയാണ് രണ്ടു തവണ സിപിഎം പിടിച്ചെടുത്തത്. മുഖ്യമന്ത്രിയെയും സർക്കാരിനെയും വെല്ലുവിളിച്ചാണ് അൻവർ മുന്നണി വിട്ടതെന്നതിനാൽ ജയം സിപിഎമ്മിന് അനിവാര്യമാണ്. പരാജയപ്പെട്ടാൽ അൻവറിന്റെ സ്വീകാര്യത മണ്ഡലത്തിൽ കുറഞ്ഞിട്ടില്ലെന്നും, നിലപാടുകൾ ജനം അംഗീകരിച്ചെന്നും വ്യാഖ്യാനിക്കപ്പെടാം. മത്സരിക്കാനില്ലെന്ന് അൻവർ വ്യക്തമാക്കിയിട്ടുണ്ട്. തൃണമൂൽ കോണ്ഗ്രസിന്റെ ഭാഗമായ അൻവർ യുഡിഎഫിന് പൂർണപിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ, മണ്ഡലം തിരിച്ചു പിടിക്കേണ്ടത് യുഡിഎഫിന്റെ രാഷ്ട്രീയ ആവശ്യമാണ്. പുതിയ പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെട്ട് ദിവസങ്ങൾക്കുശേഷമെത്തുന്ന സുപ്രധാന ദൗത്യം. പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെയുള്ള ഉപതിരഞ്ഞെടുപ്പിലെ ജയം തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രവർത്തനത്തിന് ഊർജം പകരും. മറിച്ചായാൽ, മൂന്നാം വട്ടം തുടർഭരണമെന്ന സിപിഎം അവകാശവാദത്തിന് മുൻതൂക്കം ലഭിക്കാം. ഡിസിസി പ്രസിഡന്റ് വി.എസ്.ജോയിയെയും ആര്യാടൻ ഷൗക്കത്തിനെയുമാണ് കോൺഗ്രസ് പരിഗണിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നാണ് കെപിസിസി നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇതിന്റെ പ്രാരംഭ ചർച്ചകളും നടന്നിരുന്നു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇന്ന് കണ്ണൂരിലാണ്. പ്രതിപക്ഷ നേതാവ് കൊച്ചിയിലും. നാളെ പ്രഖ്യാപനമുണ്ടാകാനുള്ള സാധ്യതയാണുള്ളതെന്ന് നേതാക്കൾ പറയുന്നു. തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട് ഉപതിരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് പല അനുകൂലഘടകങ്ങളുണ്ടായിരുന്നു. സിറ്റിങ് സീറ്റല്ലാത്ത മണ്ഡലത്തിലാണ് ഇത്തവണ പോരാട്ടം.
പാർട്ടി ചിഹ്നത്തിൽ സ്വതന്ത്രനെ മത്സരിപ്പിക്കാനുള്ള സാധ്യതകളാണ് സിപിഎം തേടുന്നത്. സ്വരാജ് മത്സരിക്കുമെന്ന് നേരത്തെ പ്രചാരണമുണ്ടായെങ്കിലും നിലവിലെ സാഹചര്യത്തിൽ സാധ്യതയില്ല. പാർട്ടി നേതൃയോഗങ്ങൾ ജൂൺ ആദ്യയാഴ്ചയാണ് തീരുമാനിച്ചിരിക്കുന്നത്. അതിനു മുൻപായി സ്ഥാനാർഥി പ്രഖ്യാപനമുണ്ടായേക്കും. പാർട്ടി, മുന്നണി നേതൃത്വങ്ങൾ കൂടിയാലോചിച്ച് എത്രയും വേഗം തീരുമാനമെടുക്കുമെന്ന് മുന്നണി കൺവീനർ ടി.പി.രാമകൃഷ്ണൻ പറഞ്ഞു. 1982ൽ ടി.കെ.ഹംസ മണ്ഡലം പിടിച്ചശേഷം പിന്നീട് സിപിഎം വിജയിക്കുന്നത് 2016ലാണ്, അൻവറിലൂടെ. അതുവരെ എല്ലാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് സ്ഥാനാർഥി ആര്യാടനാണ് വിജയിച്ചത്. വോട്ടുകൾക്കൊപ്പം അൻവറിന്റെ ജനകീയതയും എൽഡിഎഫിനെ സഹായിച്ചിരുന്നു. അൻവർ ഇല്ലാതെ ജയിക്കാൻ കഴിഞ്ഞാൻ മുന്നണിക്ക് അത് വലിയ നേട്ടമാകും.
അൻവറിന്റെ രാഷ്ട്രീയ ഭാവികൂടിയാണ് മാറ്റുരയ്ക്കപ്പെടുന്നത്. വിജയിച്ചാൽ സിപിഎമ്മിനെതിരെ തന്റെ വാദങ്ങൾ ശരിയായിരുന്നു എന്ന് അൻവറിന് വാദിക്കാം. യുഡിഎഫിലെ സ്ഥാനം ഉറപ്പിക്കാം. മറിച്ചായാൽ അൻവറിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെടും. നിലമ്പൂരിൽ 11504 വോട്ടിനാണ് അൻവർ 2016ൽ ജയിച്ചത്. ആര്യാടൻ ഷൗക്കത്തായിരുന്നു എതിരാളി. കഴിഞ്ഞ തവണ 2700 വോട്ടിനാണ് അൻവർ വിജയിച്ചത്. വി.വി.പ്രകാശായിരുന്നു എതിരാളി. ബിജെപിക്ക് മണ്ഡലത്തിൽ കാര്യമായ സ്വാധീനമില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേടിയത് 8595 വോട്ടുകൾ.