
പത്തനംതിട്ട ജില്ലയിൽ നാളെ റെഡ് അലർട്ട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട∙ ജില്ലയിൽ 30 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തന സജ്ജമെന്ന് ഉറപ്പാക്കണമെന്ന് കലക്ടർ എസ്.പ്രേം കൃഷ്ണൻ നിർദേശിച്ചു. ജില്ലയിൽ ഇന്ന് ഒാറഞ്ച് അലർട്ടും നാളെ റെഡ് അലർട്ടുമാണ്.അടിയന്തര സാഹചര്യങ്ങളെ നേരിടാൻ.ജില്ലയിൽ 230 ക്യാംപുകൾ സജ്ജമാക്കും. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ ദുരിതാശ്വാസ ക്യാംപുകളിലേയ്ക്കു മാറണം.ജില്ലയിൽ മണ്ണിടിച്ചിലിന് സാധ്യതയുളള 60 പ്രദേശങ്ങളുണ്ട്. ഇവിടെ നിന്നും ആളുകളെ ഒഴിപ്പിക്കാൻ പ്രത്യേക പദ്ധതി തയാറാക്കും. ഈ പ്രദേശത്തെ താമസക്കാരുടെ ഫോൺ നമ്പർ തദ്ദേശസ്ഥാപനം വഴി ശേഖരിക്കും. ശക്തമായ മഴയെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ ജില്ലയിൽ ആരംഭിച്ചു.
മലയോര മേഖലയിൽ രാത്രി യാത്രയ്ക്ക് നിരോധനം
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം,മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങൾ എന്നിവയിലുള്ള ദുരന്ത സാധ്യതകൾ ഒഴിവാക്കുന്നതിന് ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള യാത്രകളും രാത്രി 7 മുതൽ രാവിലെ 6 വരെയും, തൊഴിലുറപ്പ് ജോലികൾ, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിങ്/കുട്ട വഞ്ചി സവാരി, ബോട്ടിങ്, ട്രക്കിങ് എന്നിവയും 28 വരെ നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനും കലക്ടറുമായ എസ്.പ്രേം കൃഷ്ണൻ ഉത്തരവിറക്കി.ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അടിയന്തര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഔദ്യോഗിക ആവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നതിന് നിരോധനം ബാധകമല്ല.
ക്വാറികളുടെ പ്രവർത്തനം നിരോധിച്ചു
28 വരെ ജില്ലയിലെ എല്ലാ ക്വാറികളുടേയും പ്രവർത്തനവും മലയോരത്തു നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികൾ നിർമിക്കുക, നിർമാണത്തിനായി ആഴത്തിൽ മണ്ണ് മാറ്റുക എന്നീ പ്രവർത്തനങ്ങളും നിരോധിച്ചു. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കർശന നടപടി സ്വീകരിക്കും.ഇത്തരത്തിലുള്ള ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് അതത് താലൂക്കുകളിലെ കൺട്രോൾ റൂമിൽ പരാതിപ്പെടാം.
ഉദ്യോഗസ്ഥർ ഹാജരാകണം
ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ സുഗമമായ നിർവഹണത്തിനായി എല്ലാ ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥരും ഇന്നു മുതൽ 30 വരെ ഓഫിസിൽ എത്താനും നിർദേശം നൽകി. തങ്ങളുടെ പരിധിയിലുള്ള എല്ലാ വകുപ്പുകൾ, പ്രാദേശിക അതോറിറ്റികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലെ മുഴുവൻ ജീവനക്കാരും ഓഫിസുകളിൽ കൃത്യമായി ഹാജരാകാൻ ജില്ലാതല ഉദ്യോഗസ്ഥർ നിർദേശിക്കണമെന്നും കലക്ടർ അറിയിച്ചു.
വീടിന് മുകളിലേക്ക് മരം കടപുഴകി വീണ് വിദ്യാർഥിനിക്ക് പരുക്ക്
ഏനാത്ത് ∙ മരം കടപുഴകി വീടിന് മുകളിൽ വീണ് പതിനാലുകാരിക്ക് പരുക്ക്. കിടപ്പു രോഗിയായ അമ്മ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വയല വള്ളിവിള ജോസിന്റെ വീടിനു മുകളിലാണ് സമീപത്തെ പള്ളിയങ്കണത്തിൽ നിന്ന മരം കടപുഴകി വീണത്. ഈ സമയം ജോസിന്റെ മകളും കിടപ്പു രോഗിയായ ഭാര്യ ഏലിയാമ്മയും വീടിനുള്ളിൽ ഉണ്ടായിരുന്നു. തലയ്ക്ക് പരുക്കേറ്റ കുട്ടിയെ അടൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു അപകടം. മേൽക്കൂര പൂർണമായി തകർന്ന വീട് താമസയോഗ്യമല്ലാതായി. ഇതിനെ തുടർന്ന് ഏലിയാമ്മയെ ജോസിന്റെ ബന്ധു വീട്ടിലേക്കു മാറ്റി.