
കൊച്ചി: കേരളത്തിൽ സ്വകാര്യ കോളേജുകൾ ആദ്യം കൊണ്ടുവന്നത് താനാണെന്ന അവകാശവാദവുമായി മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അൽഫോൺസ് കണ്ണന്താനം. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായിരിക്കെ നായനാർ മന്ത്രിസഭ പോലും അറിയാതെ 33 കോളേജുകൾക്ക് എൻഒസി നൽകിയെന്നും, മാസങ്ങൾക്ക് ശേഷം വിവരമറിഞ്ഞ ഇ.കെ നായനാർ തനിക്കെതിരെ നടപടിക്ക് രുങ്ങിയെന്നും അദ്ദേഹം പറഞ്ഞു. അന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന പിജെ ജോസഫ് രാജി വയ്ക്കുമെന്ന് ഭീഷണി മുഴക്കിയാണ് തന്നെ നടപടിയിൽ നിന്ന് രക്ഷപ്പെടുത്തിയതെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് അന്താരാഷ്ട്ര അംഗീകാരം വരെ നേടിക്കൊടുത്ത ജനസമ്പർക്ക പരിപാടിയും ആദ്യം നടപ്പാക്കിയത് താനാണെന്നും കണ്ണന്താനം അവകാശപ്പെട്ടു. അൽഫോൺസ് കണ്ണന്താനത്തിന്റെ പുതിയ പുസ്തകമായ വിന്നിങ് ഫോർമുലയിലെ വെളിപ്പെടുത്തലാണ് ചർച്ചയാകുന്നത്. 2000-ൽ ഇകെ നായനാർ മന്ത്രിസഭയുടെ കാലത്ത് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായിരിക്കെയാണ് മന്ത്രിസഭ പോലുമറിയാതെയുള്ള നടപടിയെന്ന് കണ്ണന്താനം പറയുന്നു.
പിന്നീട് വിവരം മുഖ്യമന്ത്രി ഇകെ നായനാർ അറിഞ്ഞപ്പോൾ തന്നെ സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി, വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി ജെ ജോസഫ് രാജി ഭീഷണി മുഴക്കിയാണ് നടപടി ഒഴിവാക്കിയത്. ഇപ്പോൾ സർക്കാർ സ്വകാര്യ സർവകലാശാലകളടക്കം കൊണ്ടുവരാൻ ശ്രമിക്കുന്നു, നട്ടെല്ലുള്ള ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ വിചാരിച്ചാൽ എത്രത്തോളം വലിയ മാറ്റം സാധ്യമാണെന്നതിന് തെളിവാണ് തന്റെ നടപടിയെന്നും കണ്ണന്താനം പ്രതികരിച്ചു. വിന്നിംഗ് ഫോർമുലയടക്കം അൽഫോൺസ് കണ്ണന്താനം ഇതുവരെ മൂന്ന് പുസ്തകങ്ങളാണ് എഴുതിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]