
കോഴിക്കോട് അതിരൂപതയിലെ ആദ്യ മെത്രാപ്പൊലീത്ത: ഡോ.വർഗീസ് ചക്കാലയ്ക്കലിന്റെ സ്ഥാനാരോഹണം ഇന്ന്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ മലബാറിന്റെ മാതൃരൂപതയായ കോഴിക്കോട് രൂപതയെ അതിരൂപതയായും രൂപതയുടെ മെത്രാൻ ഡോ.വർഗീസ് ചക്കാലക്കലിനെ അതിരൂപതയുടെ ആദ്യ മെത്രാപ്പൊലീത്തയായും ഉയർത്തുന്ന ചടങ്ങുകൾ ഇന്ന്. വൈകിട്ട് മൂന്നിന് കണ്ണൂർ റോഡ് സിറ്റി സെന്റ് ജോസഫ്സ് പള്ളിയിലാണ് ചടങ്ങുകൾ.
ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ഡോ. ലിയോ പോൾദോ ജിറെല്ലി കാർമികത്വം വഹിക്കും. കെസിബിസി പ്രസിഡന്റ് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ വചനപ്രഘോഷണം നടത്തും. സിബിസിഐ പ്രസിഡന്റും തൃശൂർ അതിരൂപതാധ്യക്ഷനുമായ മാർ ആൻഡ്രൂസ് താഴത്ത്, തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ, തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി, കണ്ണൂർ ബിഷപ് ഡോ.അലക്സ് വടക്കുംതല തുടങ്ങിയവർ പങ്കെടുക്കും.
സ്ഥാപിതമായി 102 വർഷം പൂർത്തിയാകുമ്പോഴാണ് കോഴിക്കോട് രൂപത അതിരൂപതയായി ഉയർത്തപ്പെടുന്നത്. ഏപ്രിൽ 12 ന് വൈകിട്ട് 3.30ന് കോഴിക്കോട് ബിഷപ്പ്സ് ഹൗസിൽവച്ചാണ് കോഴിക്കോട് രൂപതയെ അതിരൂപതയായും ബിഷപ് ഡോ. വർഗീസ് ചക്കാലക്കലിനെ ആർച്ച് ബിഷപ്പായും നിയമിച്ചുകൊണ്ടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ഉത്തരവ് വായിച്ചത്. കോട്ടപ്പുറം രൂപതയിലെ മാള പള്ളിപ്പുറം സെന്റ് ആന്റണീസ് ഇടവകാംഗമാണ് ബിഷപ് ഡോ.വർഗീസ് ചക്കാലക്കൽ.
മലബാറിന്റെ മണ്ണിൽ കോഴിക്കോട് രൂപതയുടെ ചരിത്ര പ്രാധാന്യവും വിശ്വാസ പാരമ്പര്യവും അജപാലന ശുശ്രൂഷകളും വിലയിരുത്തി മെത്രാൻമാരുടെയും സഭാ വിദഗ്ധരുടെയും പഠനങ്ങളുടെ പശ്ചാത്തലത്തിലാണ് ഫ്രാൻസിസ് മാർപാപ്പ കോഴിക്കോടിനെ അതിരൂപതയായി ഉയർത്തിയത്. വരാപ്പുഴ, തിരുവനന്തപുരം എന്നിവയ്ക്കു ശേഷം കേരളത്തിൽ ലത്തീൻ സഭയുടെ മൂന്നാമത്തെ അതിരൂപതയാണിത്. കണ്ണൂർ, സുൽത്താൻപേട്ട്, കോഴിക്കോട് രൂപതകളെ ഒരുമിപ്പിച്ചാണ് പുതിയ അതിരൂപത നിലവിൽ വന്നത്.
ദിവ്യബലിക്കു ശേഷം വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന യോഗം നടക്കും. മന്ത്രി പി.എ.മുഹമ്മദ് റിയാസ്, മേയർ ബീന ഫിലിപ്, പ്രിയങ്ക ഗാന്ധി എംപി, എം.കെ.മുനീർ എംഎൽഎ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ പങ്കെടുക്കും സംസ്ഥാനത്തി ന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മതമേലധ്യക്ഷരും ചടങ്ങിൽ പങ്കെടുക്കും.
പരിപാടിയുടെ ഭാഗമായി കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കണ്ണൂർ റോഡിൽ സിറ്റി സെന്റ് ജോസഫ് ദേവാലയത്തിന്റെ എതിർവശത്ത് ക്രിസ്ത്യൻ കോളജ് മൈതാനത്ത് കാറുകൾ പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കും. ബസുകൾക്ക് പി.ടി.ഉഷ റോഡിൽ താജ് ഹോട്ടലിനു സമീപത്തെ മൈതാനത്താണ് പാർക്കിങ്.