
കണ്ണൂർ ജില്ലയിൽ ഇന്നു മുതൽ റെഡ് അലർട്ട്; അതീവജാഗ്രത വേണം, ഈ നമ്പറുകൾ ഓർക്കാം..
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ∙ ജില്ലയിൽ ഇന്നുമുതൽ 26 വരെ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവജാഗ്രത പാലിക്കണമെന്ന് കലക്ടർ അരുൺ കെ.വിജയൻ അറിയിച്ചു. പൊതുജനങ്ങൾക്ക് ആവശ്യമായ മുന്നറിയിപ്പ് നൽകാനും ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാംപുകളിലേക്ക് ജനങ്ങളെ മാറ്റാനും തദ്ദേശ സ്വയംഭരണ അധ്യക്ഷൻമാർക്കും തഹസിൽദാർമാർക്കും ഇന്നലെ രാത്രി ഓൺലൈനായി ചേർന്ന ദുരന്ത നിവാരണ സമിതി യോഗം നിർദേശം നൽകി. തദ്ദേശ സ്ഥാപന അധ്യക്ഷൻമാരും സെക്രട്ടറിമാരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തണമെന്നു നിർദേശിച്ചു.
ക്യാംപുകൾ സജ്ജം
∙ ദുരിതാശ്വാസ ക്യാംപുകൾ സജ്ജമാക്കണമെന്നും ആവശ്യമെങ്കിൽ ഒഴിപ്പിക്കൽ നടപടികൾ സ്വീകരിക്കണമെന്നും കലക്ടർ തദ്ദേശ സ്ഥാപന അധികൃതരോട് പറഞ്ഞു. ക്യാംപുകൾ സജ്ജമാണെന്ന് തഹസിൽദാർമാർ അറിയിച്ചു.
മാറിത്താമസിക്കണം
∙ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കാൻ ആളുകളോട് ആവശ്യപ്പെടണമെന്ന് പഞ്ചായത്ത് പ്രസിഡന്റുമാർക്ക് നിർദേശം നൽകി.
ക്വാറികളില്ല
∙ ജില്ലയിൽ ക്വാറിയുടെ പ്രവർത്തനം മൂന്നു ദിവസം പൂർണമായും നിർത്തി വച്ചതായി ജിയോളജി വിഭാഗം അറിയിച്ചു.
പ്രവേശനമില്ല
∙ ജില്ലയിലെ മുഴുവൻ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം മൂന്നു ദിവസം നിരോധിച്ചതായും കലക്ടർ അറിയിച്ചു.
ഒരു ഷട്ടർ കൂടി തുറന്നു
മട്ടന്നൂർ∙ പഴശ്ശി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഒരു ഷട്ടർ കൂടി തുറന്നു വെള്ളം പുഴയിലേക്ക് ഒഴുക്കി ജലനിരപ്പ് ക്രമീകരിച്ചു. അണക്കെട്ടിൽ 16 ഷട്ടറുകളുള്ളതിൽ മൂന്നെണ്ണമാണ് ഇതുവരെ തുറന്നത്.
ഈ നമ്പറുകൾ ഓർക്കാം
കണ്ണൂർ ∙ കാലവർഷത്തോടനുബന്ധിച്ചു ജില്ലയിലെ വിവിധ താലൂക്കുകളിൽ കൺട്രോൾ റൂമുകൾ തുറന്നു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണ് കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നത്. ജില്ലയിൽ നേരിടുന്ന പ്രകൃതിദുരന്തങ്ങൾ, അപകടങ്ങൾ, അടിയന്തിര സാഹചര്യം തുടങ്ങിയവയിലൊക്കെ സഹായം ആവശ്യപ്പെടാൻ പൊതുജനങ്ങൾക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാം:
കണ്ണൂർ: 0497 2704969
തളിപ്പറമ്പ്: 0460 2203142
തലശ്ശേരി: 0490 2343813
ഇരിട്ടി: 0490 2494910
പയ്യന്നൂർ: 0498 5294844
ജില്ലാതല കൺട്രോൾ റൂം: 0497-2713266
മൊബൈൽ: 9446682300
ടോൾ ഫ്രീ: 1077