
ആളറിയാതിരിക്കാൻ വയോധികയുടെ മുഖം പൊത്തി സ്വർണക്കവർച്ച; ബന്ധുവും സഹായികളും പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബേപ്പൂർ∙ മാത്തോട്ടം ചാക്കേരിക്കാട് പറമ്പിൽ വയോധികയുടെ മുഖം മറച്ചു പിടിച്ച് സ്വർണം കവർന്ന കേസിൽ ബന്ധു പൊലീസ് പിടിയിൽ. അരക്കിണർ പുഞ്ചപ്പാടം വയൽ മൂഴിക്കൽ മുഹമ്മദ് ലബീബിനെ(19) ആണ് ഫറോക്ക് എസിപി ക്രൈം സ്ക്വാഡും ബേപ്പൂർ പൊലീസും ചേർന്നു പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.17ന് വൈകിട്ടാണ് വലിയകാട് പറമ്പ് കുഞ്ഞീബിയുടെ(74) മുക്കാൽ പവൻ വളയും മൊബൈൽ ഫോണും സ്വർണം പൂശിയ വളയും കവർന്നത്.
ഇവരുടെ സഹോദരിയുടെ പേരമകനാണു പ്രതി. ആളുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് പരിചയമില്ലാത്ത ഒരാൾക്ക് ഇത്തരം കുറ്റകൃത്യം ചെയ്യാൻ കഴിയില്ലെന്നു പൊലീസിന് നേരത്തേ സംശയമുണ്ടായിരുന്നു. പരിസരപ്രദേശങ്ങളിൽ എവിടെയും സിസിടിവി ഇല്ലാതിരുന്നതും തുടക്കത്തിൽ അന്വേഷണ സംഘത്തെ കുഴക്കി.കയ്യിലെ വളകൾ മുറിച്ചെടുത്തതാണെങ്കിലും സ്ത്രീക്ക് പരുക്കുണ്ടായിരുന്നില്ല. ഇവരെ പരുക്കേൽപിക്കാൻ താൽപര്യമില്ലാത്തവരും കുഞ്ഞീവി കണ്ടാൽ തിരിച്ചറിയുന്ന ആളുമായിരിക്കാം കവർച്ച നടത്തിയതെന്ന നിഗമനത്തിലാണ് ബന്ധുക്കളിലേക്ക് അന്വേഷണം എത്തിയത്.
ഒരാഴ്ച വീട്ടിൽ അതിഥികളായി വന്നുപോയ ആളുകളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിൽ കവർച്ച നടത്തുന്നതിന് 4 ദിവസം മുൻപ് പ്രതി കുഞ്ഞീവിയുടെ വീട്ടിൽ വന്നു പോയതായി കണ്ടെത്തി. ഇതോടെ ഇയാളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് കേസിൽ വഴിത്തിരിവായത്.മുൻപ് വീട്ടിലെത്തി കുഞ്ഞീവിയോട് സാധാരണ പോലെ പെരുമാറിയ പ്രതി ശരീരത്തിലെ ആഭരണങ്ങൾ നോക്കി മനസ്സിലാക്കിയിരുന്നു. പിന്നീട് പ്രായപൂർത്തിയാകാത്ത മറ്റു രണ്ടു പേരുടെ സഹായത്തോടെയാണ് കവർച്ച നടത്തിയത്.
കേസിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത ഇരുവർക്കുമെതിരെ ജുവനൈൽ നിയമപ്രകാരം നടപടികൾ സ്വീകരിച്ചതായി ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണർ എ.എം.സിദ്ദിഖ് അറിയിച്ചു. പ്രതിയെ സ്ത്രീയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മോഷ്ടിച്ച് വിൽപന നടത്തിയ സ്വർണം പൊലീസ് സംഘം കണ്ടെടുത്തു.ബേപ്പൂർ ഇൻസ്പെക്ടർ ദിനേശ് കോറോത്ത്, എസ്ഐമാരായ എം.രവീന്ദ്രൻ, വി.വി.സജിത്ത് കുമാർ, എം.കെ.സനോജ് പ്രകാശ്, എസിപി സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ അരുൺ കുമാർ മാത്തറ, സീനിയർ സിപിഒമാരായ ഐ.ടി.വിനോദ്, അനുജ് വളയനാട്, സിപിഒമാരായ സനീഷ് പന്തീരാങ്കാവ്, സുബീഷ് വേങ്ങേരി, അഖിൽ ബാബു എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.