
ദേശീയപാത: തകർന്ന ഭാഗം കാണാനും റീൽസെടുക്കാനും ആളുകൾ കൂട്ടത്തോടെ കൂരിയാട്ടേക്ക്; ‘കലാമിറ്റി ടൂറിസം’ വേണ്ട
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലപ്പുറം∙ ദേശീയപാത 66–ൽ നിർമാണവുമായി ബന്ധപ്പെട്ട് ആശങ്കയുയർന്ന സ്ഥലങ്ങളിൽ മണ്ണ്,ബല പരിശോധന എന്നിവ നടത്തണമെന്നു വിദഗ്ധർ. മലപ്പുറം, കോഴിക്കോട്, തൃശൂർ, കണ്ണൂർ,കാസർകോട് ജില്ലകളിൽ ഇതിനകം നിർമാണത്തിലിരിക്കുന്ന ഭാഗത്ത് മണ്ണിടിഞ്ഞു താഴുകയോ വിള്ളൽ രൂപപ്പെടുകയോ ചെയ്തിട്ടുണ്ട്. 370 കിലോമീറ്റർ ദൂരമാണു ഈ 5 ജില്ലകളിലൂടെ ദേശീയപാത 66 കടന്നുപോകുന്നത്. ഇതിൽ ഏകദേശം 50 കിലോമീറ്റർ, കൂരിയാടിനു സമാനമായി വയലിൽ മണ്ണിട്ടു ഉയർത്തിയാണ് നിർമാണം. ഈ സാഹചര്യത്തിലാണ് നിർമാണം പൂർത്തിയായതും പുരോഗമിക്കന്നതുമായി സ്ഥലങ്ങളിൽ മണ്ണ്,ബല പരിശോധനകൾ എന്നിവ നടത്തണമെന്ന ആവശ്യം ഉയരുന്നത്.വയലിൽ മണ്ണിട്ട് ഉയർത്തിയ സ്ഥലങ്ങളിൽ അടിത്തറ ബലപ്പെടുത്തിയില്ലെങ്കിൽ ഇടിഞ്ഞു താഴുമെന്ന ആശങ്ക മുൻപ് പലരും ഉന്നയിച്ചിരുന്നു. കേരളത്തിന്റെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കു യോജിച്ച രീതിയിലല്ല നിർമാണമെന്ന ആശങ്കളും ഉയർന്നിരുന്നു. എന്നാൽ, അതിവേഗത്തിൽ പൂർത്തിയാകുന്ന നിർമാണം ചൂണ്ടിക്കാട്ടിയാണു ഇതിനെല്ലാം മറുപടി നൽകിയിരുന്നത്.
കൂരിയാട് 200 മീറ്റർ റോഡ് ഇടിഞ്ഞു താഴുകയും പല ജില്ലകളിലും വിള്ളൽ കണ്ടെത്തുകയും ചെയ്തതോടെമുൻപ് പങ്കുവച്ചിരുന്ന ആശങ്കകൾ അസ്ഥാനത്തല്ലെന്നു വ്യക്തമായി. മണ്ണിട്ട് ഉയർത്തിയ ഭാഗങ്ങൾക്കൊപ്പം കുന്ന് ചെത്തിയിറക്കി റോഡ് നിർമിച്ചയിടങ്ങളിലും ജനം ആശങ്കയിലാണ്. മഴ വെള്ളം ഒഴുകി പോകുന്നതിനുള്ള കാര്യക്ഷമമായ അഴുക്കുചാൽ സംവിധാനം ഒരുക്കിയിട്ടില്ലെന്നതാണു ഇത്തരം സ്ഥലങ്ങളിലെ പ്രധാന പ്രശ്നം. കുന്ന് ചെത്തി പാത നിർമിച്ച ചില സ്ഥലങ്ങളിൽ സർവീസ് റോഡ് 5 മുതൽ 6 മീറ്റർ വരെ ഉയരത്തിലാണ്. സർവീസ് റോഡ് വഴി വെള്ളം 6 വരിപ്പാതയിലേക്കു വീഴും. ഇങ്ങനെ ഒലിച്ചിറങ്ങുന്ന വെള്ളം ഒഴികിപ്പോകാൻ നിലവിലെ ഡ്രൈനേജ് സംവിധാനം മതിയാകില്ല.കേരളത്തിൽ ഇപ്പോൾ സാധാരണമായി കണ്ടുവരുന്ന ലഘുമേഘ വിസ്ഫോടനങ്ങൾ ദേശീയപാത നിർമാണത്തിൽ കണക്കിലെടുത്തിട്ടില്ല. കുറഞ്ഞ സമയത്തിനുള്ളിൽ ചെറിയ പ്രദേശത്ത് അതിതീവ്രമായ മഴ പെയ്യുന്ന പ്രതിഭാസമാണിത്. ഇതുവഴി വരുന്ന വെള്ളം ഒഴുകി പോകാനുള്ള സംവിധാനമില്ലെങ്കിൽ വലിയ അപകടങ്ങൾക്കു വഴിവച്ചേക്കുമെന്ന ആശങ്കയാണു വിദഗ്ധർ പങ്കുവയ്ക്കുന്നത്.
‘കലാമിറ്റി ടൂറിസം’ വേണ്ട
ദേശീയപാതയുടെ തകർന്ന ഭാഗം കാണാനും റീൽസെടുക്കാനുമായി ആളുകൾ കൂട്ടത്തോടെ കൂരിയാട്ടേക്കു പോകുന്നതു നിർത്തണമെന്നു ജില്ലാ കലക്ടർ. ആവശ്യമായ അറ്റകുറ്റപണി നടത്തി ഒരു ഭാഗത്തെ സർവീസ് റോഡ് ഗതാഗത്തിനു തുറന്നുകൊടുക്കാമെന്ന നിർദേശം ദേശീയപാത അതോറിറ്റി മുന്നോട്ടുവച്ചിട്ടുണ്ട്. ഇതിനു ആവശ്യമായ സുരക്ഷാ പരിശോധന നടത്തി അറ്റകുറ്റപണി പൂർത്തിയാക്കണം. ജനം കൂട്ടത്തോടെയെത്തുന്നത് ഇതിനു തടസ്സമാകുന്നുണ്ടെന്നും കലക്ടർ പറഞ്ഞു.
മാസങ്ങൾ വൈകും
ജില്ലയിലെ ദേശീയപാത നിർമാണം ഈ മാസത്തോടെ പൂർത്തിയാക്കാൻ നിർമാണ കമ്പനി തീവ്ര ശ്രമം നടത്തുന്നതിനിടെയാണ് കൂരിയാട് സംഭവം. കൂരിയാട് തകർന്ന ഭാഗം പൂർണമായി പുനർനിർമിക്കേണ്ടതുണ്ട്. ഇതിനു മാസങ്ങളെടുക്കും.