
മഴ: മരങ്ങൾ കടപുഴകി, റോഡിൽ വെള്ളക്കെട്ട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ നഗരത്തിൽ ഇന്നലെ രാത്രിയോടെ പെയ്ത കനത്ത മഴയിലും ശക്തമായ കാറ്റിലും ഒട്ടേറെ സ്ഥലങ്ങളിൽ വെളളം കയറുകയും മരങ്ങൾ കടപുഴകുകയും ചെയ്തു. മെഡിക്കൽകോളജ് പൊലീസ് സ്റ്റേഷന് സമീപം മരം വീണ് ഒരാൾക്കു പരുക്കേറ്റു. മാനവീയം വീഥിയിലും വെള്ളയമ്പലം ജംക്ഷനിലും രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടായി. വെള്ളം ഒലിച്ചു പോകാതെ നിന്നതിനാൽ ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്തവർ വലഞ്ഞു. അഗ്നിശമന സേനാംഗങ്ങൾ എത്തി ഓടകൾ തുറന്നാണു വെള്ളക്കെട്ട് ഒഴിവാക്കിയത്. ബേക്കറി ജംക്ഷനിൽ റിസർവ് ബാങ്കിന് മുന്നിലും ആൽത്തറയ്ക്ക് സമീപവും രാജ്ഭവനു മുന്നിലും മരം കടപുഴകി. മുക്കോല ജംക്ഷനിലും പനങ്ങോടിനും വെങ്ങാനൂരിനും മധ്യേ അംബേദ്കർ നഗർ ഭാഗത്തും റോഡിൽ മരം വീണു ഗതാഗതം തടസ്സപ്പെട്ടു.
രാജ്ഭവന് മുന്നിൽ റോഡിന് കുറുകെയാണ് മരം വീണത്. അഗ്നിശമന സേന എത്തി തടസ്സം നീക്കുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് സമീപവും മരം കടപുഴകി റോഡിലേക്ക് വീണു. ഇവിടെയും ഗതാഗതം തടസ്സപ്പെട്ടു. കാട്ടാക്കട, മാറനല്ലൂർ, മൂങ്ങോട് ഭാഗങ്ങളിലും മരം വീണ് നാശനഷ്ടങ്ങൾ സംഭവിച്ചു. പലേടത്തും ഓട്ടോറിക്ഷകൾക്കും ഇരുചക്രവാഹനങ്ങൾക്കും കേടുപോടുകൾ സംഭവിച്ചു. വൈദ്യുതിയും പല മേഖലകളിലും തടസ്സപ്പെട്ടിരികുകയാണ്.
അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യത മുൻനിർത്തി വെള്ളിയാഴ്ച രാത്രി 3 മണിക്കൂർ തലസ്ഥാന ജില്ലയിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ടും പ്രഖ്യാപിച്ചിരുന്നു. മരം വീണുള്ള തടസ്സങ്ങളും വെള്ളക്കെട്ടും മാറ്റുന്നതിനും അഗ്നിശമന സേനാംഗങ്ങളും പൊലീസും രാത്രി വൈകിയും തുടർന്നു. രാത്രി വൈകിയും വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിയാത്ത സ്ഥലങ്ങളുണ്ട്. കെഎസ്ഇബി ജീവനക്കാർ അർധരാത്രി കഴിഞ്ഞും ജോലികൾ തുടർന്നു.
ശംഖുംമുഖം, ആക്കുളം, കരിയ്ക്കകം, പേട്ട, പാങ്ങോട്, തമ്പാനൂർ, പേരൂർക്കട, ചെന്നിലോട്, മുക്കോല, വഞ്ചിയൂർ എന്നിവിടങ്ങളിലും മരം വീണു. റോഡിൽ മരം വീണതോടെ നഗരത്തിലെ ഗതാഗതം താറുമാറായി. കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ വേരിളകി നിന്ന മരങ്ങൾ ശക്തമായ കാറ്റിൽ വീണതാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. വൈദ്യുതി തടസ്സപ്പെട്ടതോടെ തട്ടുകടകൾ ഉൾപ്പെടെ രാത്രി നേരത്തേ അടച്ചു.