കൂട്ടമായി എത്തുന്നു, മൂടോടെ പിഴുന്നു; പുലർച്ചെ രണ്ടിന് ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നു, നോക്കുമ്പോൾ വീട്ടുമുറ്റത്ത് കാട്ടാന
കോന്നി ∙ കുളത്തുമണ്ണിൽ കൂടുതൽ ജനവാസ മേഖലകളിലേക്ക് കാട്ടാനസാന്നിധ്യം വ്യാപിക്കുന്നു. കഴിഞ്ഞ ദിവസം ഒറ്റ രാത്രിയിൽ കാട്ടാനകളിറങ്ങി വൻതോതിൽ കൃഷികൾ നശിപ്പിച്ചു.
കലഞ്ഞൂർ പഞ്ചായത്തിലെ ആറാം വാർഡിൽ കുളത്തുമൺ പ്രദേശത്ത് ഇനിയും കാട്ടാന എത്തിയിട്ടില്ലാത്ത മേഖലകളിലാണ് ഇപ്പോൾ ശല്യം രൂക്ഷമായിട്ടുള്ളത്. കുളത്തുമൺ സൗപർണിക ഉഷ ഷാജിയുടെ 20 മൂട് വാഴകളാണ് ആന ഒടിച്ചത്. താമരശേരിൽ ബൈജുവിന്റെ വീട്ടുമുറ്റത്തെത്തി വാഴ നശിപ്പിച്ചു.
കാട്ടാനയെ ഭയന്ന് ഓമനക്കുട്ടൻ കൃഷിയിടത്തിൽ വാഴക്കുലകൾ വെട്ടി വച്ചപ്പോൾ.
പുലർച്ചെ രണ്ടിന് ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നു നോക്കുമ്പോൾ വീട്ടുമുറ്റത്ത് ആനയെ കണ്ടു. 15 അടി മാത്രം അകലെയായാണ് ആന ഉണ്ടായിരുന്നത്.
ആനയെ ഭയപ്പെടുത്താൻ പടക്കം ഉണ്ടെങ്കിലും ഭയംമൂലം ഇതു കത്തിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു പുത്തൻപുരയിൽ കേശവന്റെ രണ്ട് തെങ്ങ്, കാവിൽ അജിതയുടെ ഒരു തെങ്ങ്, പുത്തൻപുരയിൽ ജിജിയുടെ നാല് വാഴ, പുത്തൻവീട് നിർമലയുടെ കൊക്കോ, കമുക്, തെങ്ങ് തുടങ്ങിയവയാണ് ഏതാനും മണിക്കൂറുകൾകൊണ്ട് ആന തകർത്തത്. വന്യജീവികളുടെ സാന്നിധ്യം തിരിച്ചറിയാനായി കുളത്തുമൺ നന്ദിയാട്ട് ജോസിന്റെ റബർ തോട്ടത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ഫാം ഗാർഡ് എന്ന ഇലക്ട്രോണിക് ഉപകരണം സ്ഥാപിക്കുന്നു.
രാത്രി ഒരുമണി വരെ വനപാലക സംഘം സ്ഥലത്തുണ്ടായിരുന്നു.
അവർ പോയശേഷമാണ് വ്യാപക ആക്രമണം നടന്നത്. തുടർന്ന് നാട്ടുകാർ അറിയിച്ചതോടെ വനപാലകർ സ്ഥലത്തെത്തുകയും ചെയ്തു.
പുലർച്ചെ എസ്റ്റേറ്റ് തൊഴിലാളികൾ ടാപ്പിങ്ങിനു പോകുന്ന സമയത്തായിരുന്നു ഇത്. ഇന്നലെ കാട്ടാന ഈ മേഖലയിൽ ഉള്ളപ്പോൾ തന്നെയാണ് തൊഴിലാളികൾ ജോലിക്കു പോകുന്നത് കണ്ടത്. നാട്ടുകാരും വനപാലകരും ഇവരെ തടയുകയും ആനയുണ്ടെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
വിളവെത്തും മുൻപേ കുലവെട്ടി കർഷകൻ
കുളത്തുമൺ വിളയിൽ പടിഞ്ഞാറ്റേതിൽ ഓമനക്കുട്ടന്റെ വാഴത്തോട്ടത്തിലെ വാഴക്കുലകൾ പൂർണ വിളവെത്തിയില്ല, അതിനു മുൻപ് കാട്ടാന നശിപ്പിക്കുമോയെന്ന ഭയത്തിൽ കുറെയെണ്ണം വെട്ടിമാറ്റുകയായിരുന്നു.
റോബസ്റ്റ, ഏത്തൻ, പാളയംകോടൻ വിഭാഗത്തിലുള്ള 15 വാഴക്കുലകളാണ് വെട്ടിവച്ചത്. കഴിഞ്ഞ പ്രാവശ്യം ഓമനക്കുട്ടൻ 500 വാഴ നട്ടതിൽ 400 എണ്ണവും കാട്ടാന നശിപ്പിച്ചു.
ഇതിലൂടെ വൻ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഇത്തവണ 600 വാഴയാണ് വച്ചത്.
കൃഷിയിടത്തിനു തൊട്ടടുത്തു വരെ കാട്ടാനകൾ എത്തി വ്യാപകമായി കൃഷി നശിപ്പിച്ചതോടെ ഇന്നലെ രാവിലെ ഈ കുലകൾ വെട്ടിയെടുക്കുകയായിരുന്നു. എല്ലാം കുലച്ച വാഴകളാണ്. പൂർണ വിളവെത്തിയിട്ടുമില്ല.
അതിനാൽ വേണ്ടത്ര തൂക്കമോ വിലയോ ലഭിക്കുകയുമില്ല. എന്നാൽ, കാട്ടാന നശിപ്പിക്കുന്നതിലും ഭേദമാണിതെന്ന് ഓമനക്കുട്ടൻ പറയുന്നു.
യന്ത്രം പറയും:അവർ അരികെ
കുളത്തുമണ്ണിൽ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചതിന്റെ പശ്ചാത്തലത്തിൽ സ്ഥലത്ത് വനംവകുപ്പ് വന്യജീവികളുടെ സാന്നിധ്യം തിരിച്ചറിയാൻ കഴിയുന്ന ഇലക്ട്രോണിക് ഉപകരണം സ്ഥാപിച്ചു. കുളത്തുമൺ നന്ദിയാട്ട് ജോസിന്റെ റബർതോട്ടത്തിലാണ് ഫാം ഗാർഡ് എന്ന ഉപകരണം.
സ്ഥാപിച്ചത്. 20 മീറ്റർ ചുറ്റളവിൽ ആന ഉൾപ്പെടെ വന്യജീവികൾ എത്തിയാൽ ഉപകരണം അലാം മുഴക്കും.
ഇതു കേട്ട് ആളുകൾക്ക് വന്യജീവികൾ എത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കും. ഒരാഴ്ച പ്രവർത്തിക്കാനുള്ള ഊർജം ഉപകരണത്തിൽ ഉണ്ടായിരിക്കും. അതിനു ശേഷം ഇത് കൊണ്ടുപോയി ചാർജ് ചെയ്ത് ശേഷം വീണ്ടും സ്ഥാപിക്കണം.
പരീക്ഷണാടിസ്ഥാനത്തിലാണ് ഇവിടെ ഈ ഉപകരണം സ്ഥാപിക്കുന്നതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. സന്ദർശിച്ച് എംഎൽഎ
കുളത്തുമണ്ണിൽ കാട്ടാന കൃഷി നശിപ്പിച്ച സ്ഥലങ്ങൾ കെ.യു.ജനീഷ് കുമാർ എംഎൽഎ, കോന്നി ഡിഎഫ്ഒ ആയുഷ് കുമാർ കോറി എന്നിവരുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി.
കാട്ടാനകളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ കോന്നി വനം ഡിവിഷനിലെ എല്ലാ ഫോറസ്റ്റ് സ്റ്റേഷനുകളിലെയും ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ സംയുക്ത ഓപ്പറേഷൻ പ്ലാൻ ചെയ്ത് ആനകളെ കാട്ടിലേക്കു തുരത്താനുള്ള നടപടി സ്വീകരിക്കുമെന്ന് എംഎൽഎ പറഞ്ഞു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]