
35 ലക്ഷം രൂപ പാഴായതു മിച്ചം; ആർക്കും ഗുണമില്ലാതെ അമിനിറ്റി സെന്റർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇട്ടിയപ്പാറ ∙ കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്ററിൽ അമിനിറ്റി സെന്റർ നിർമിക്കാൻ ചെലവഴിച്ച 35 ലക്ഷം രൂപ പാഴായി. 7 വർഷമായിട്ടും കെട്ടിടം പ്രയോജനപ്പെടുത്തിയില്ല. കെട്ടിട നിർമാണത്തിനു പകരം യാഡിനായി തുക ചെലവഴിച്ചിരുന്നെങ്കിൽ ചെളിക്കുഴി താണ്ടാതെ യാത്ര നടത്താമായിരുന്നുവെന്നാണു യാത്രക്കാർ പറയുന്നത്.
പ്രളയം വില്ലൻ
ബസ് സ്റ്റേഷനിലെ കെട്ടിട പരിമിതിക്കു പരിഹാരം കാണാനാണ് എംഎൽഎ ഫണ്ടിൽ 35 ലക്ഷം രൂപ ചെലവഴിച്ച് അമിനിറ്റി സെന്റർ നിർമിക്കാൻ തീരുമാനിച്ചത്. ഓപ്പറേറ്റിങ് സെന്ററിന്റെ ഓഫിസും സ്റ്റേഷൻ മാസ്റ്ററുടെ മുറിയുമെല്ലാം ഒരു കെട്ടിടത്തിലെത്തിക്കുകയായിരുന്നു ലക്ഷ്യം. 2018 ഓഗസ്റ്റ് 15ന് ഉണ്ടായ മഹാപ്രളയത്തിനു മുൻപ് കെട്ടിടത്തിന്റെ നിർമാണവും വയറിങ്ങുമെല്ലാം പൂർത്തിയായിരുന്നു.
മഹാപ്രളയത്തിൽ ബസ് സ്റ്റേഷൻ മുങ്ങിയപ്പോൾ കെട്ടിടത്തിനും നാശം നേരിട്ടു. പിന്നീട് പുനരുദ്ധരിക്കുകയും വയറിങ് പൂർണമായി മാറ്റി സ്ഥാപിക്കുകയും ചെയ്തിരുന്നു. വൈദ്യുതി, വെള്ളം കണക്ഷനുകൾ ലഭിക്കാത്തതായിരുന്നു പിന്നീട് കെട്ടിടം തുറക്കുന്നതിനു തടസ്സം. നീണ്ട കാത്തിരിപ്പിനൊടുവിലാണ് പഴവങ്ങാടി പഞ്ചായത്ത് കെട്ടിടത്തിനു താൽക്കാലിക നമ്പരിട്ടു നൽകിയത്. ഇതിനു ശേഷം വൈദ്യുതി കണക്ഷനെടുക്കാനുള്ള പണത്തിനായി കെഎസ്ആർടിസി ചീഫ് ഓഫിസിനെ സമീപിച്ചെങ്കിലും ലഭിച്ചില്ല.
പഞ്ചായത്തിന്റെ സ്ഥലത്തു നിർമിച്ച കെട്ടിടത്തിനു കെഎസ്ആർടിസിക്കു പണം മുടക്കാനാകില്ലെന്നാണ് ബന്ധപ്പെട്ടവർ നിരത്തിയ വാദം. പഞ്ചായത്തും തുടർ നടപടി സ്വീകരിച്ചില്ല. തൊഴിൽ നികുതി ഇനത്തിൽ ബസ് സ്റ്റേഷനിൽ നിന്നു ലഭിക്കുന്ന വരുമാനത്തിൽ ഒരു വിഹിതം പഞ്ചായത്ത് ചെലവഴിച്ചിരുന്നെങ്കിൽ കെട്ടിടം പഞ്ചായത്തിനു സ്വന്തമാകുമായിരുന്നു. ഇപ്പോൾ സംരക്ഷണമില്ലാതെ കിടന്നു നശിക്കുകയാണ് കെട്ടിടം. നാഥനില്ലാത്ത അവസ്ഥയാണ്.
യാഡ് ചെളിക്കുഴി
അമിനിറ്റി സെന്റർ നിർമിക്കും മുൻപു തന്നെ ചെളിക്കുഴിയായി കിടക്കുകയാണ് യാഡ്. അടുത്തിടെ 20 ലക്ഷം രൂപ ചെലവഴിച്ച് മൂന്നിലൊന്നു ഭാഗം കോൺക്രീറ്റ് ചെയ്തിരുന്നു. ബാക്കി ഭാഗത്ത് നിറയെ കുഴികളാണ്. ഇതിൽ മഴവെള്ളം കെട്ടിക്കിടക്കുന്നു. യാഡിനു ചുറ്റും കാടും പടലും മൂടി വെള്ളക്കെട്ടാണ്. കെട്ടിട നിർമാണത്തിനു പാഴാക്കിയ തുക യാഡിനു ചെലവഴിച്ചിരുന്നെങ്കിൽ യാത്രക്കാർക്കു സുരക്ഷിതമായി യാത്ര നടത്താമായിരുന്നു.