
വസ്ത്രവ്യാപാര ശൃംഖലയുടെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് 11.80 ലക്ഷം രൂപയുടെ തട്ടിപ്പ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കായംകുളം∙ പ്രമുഖ വസ്ത്രവ്യാപാര ശൃംഖലയുടെ ഫ്രാഞ്ചൈസി നൽകാമെന്നു വാഗ്ദാനം നൽകി വ്യാപാരിയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ബംഗാൾ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാൾ പർഗാന കാഞ്ചൻപുര നോർത്ത് ലൈനിൽ താമസിക്കുന്ന പങ്കജ് ശർമയാണ് (35) അറസ്റ്റിലായത്.തിരുവല്ലയിൽ വസ്ത്രവ്യാപാര ശൃംഖലയുടെ ഫ്രാഞ്ചൈസി നൽകാമെന്ന വാഗ്ദാനം നൽകി വ്യാപാരിയിൽനിന്ന് ഈ മാസം 20ന് ആണ് പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 11,80,000 രൂപ വാങ്ങിയത്.
വസ്ത്രവ്യാപാര ശൃംഖലയുടെ വ്യാജ ലിങ്ക് നിർമിച്ചായിരുന്ന തട്ടിപ്പ്. കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫിസർ, കമ്പനി സെക്രട്ടറി എന്നിവരുടെ പേരിൽ വ്യാജ സീലും രേഖകളും തയാറാക്കി അയച്ചു നൽകിയാണു വ്യാപാരിയുടെ വിശ്വാസം നേടിയത്. എന്നാൽ പണം നൽകിയതിനു ശേഷം കൂടുതൽ വിവരങ്ങൾ ലഭിക്കാതെ വന്നതോടെ വ്യാപാരി പൊലീസിനെ സമീപിക്കുകയായിരുന്നു.
പ്രതി ഉപയോഗിച്ച അക്കൗണ്ടിന്റെ വിവരങ്ങളും മറ്റും ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽ പങ്കജ് ശർമയാണ് കബളിപ്പിച്ചതെന്നു കണ്ടെത്തി. ഉത്തർപ്രദേശിലെ ഫത്തേപ്പുർ സൈബർ പൊലീസ് സ്റ്റേഷൻ പരിധിയിൽ സമാന കുറ്റകൃത്യത്തിലേർപ്പെട്ട് പിടിയിലായ പങ്കജ് ശർമയെ കായംകുളം പൊലീസ് ഫത്തേപ്പുർ ജില്ലാ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തി കായംകുളം കോടതിയിൽ ഹാജരാക്കി.
ഇയാളെ റിമാൻഡ് ചെയ്തു. ഇയാൾ തലശ്ശേരി പൊലീസ് സ്റ്റേഷനിലും സമാന കേസിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഡിവൈഎസ്പി എൻ.ബാബുക്കുട്ടന്റെ നേതൃത്വത്തിൽ എസ്എച്ച്ഒ അരുൺ ഷാ, എസ്ഐ രതീഷ് ബാബു, എഎസ്ഐ സജീവ് കുമാർ, പൊലീസ് ഉദ്യോഗസ്ഥരായ ശിവകുമാർ, അൻഷാദ് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.