
‘കരയാതെ അമ്മേ, അവൾ സന്തോഷത്തോടെയല്ലേ പോയത്’; അബിത മടങ്ങി, നാടിന്റെ കണ്ണീർസമ്മാനം വാങ്ങി…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ ഹയർ സെക്കൻഡറി പരീക്ഷാഫലം അറിഞ്ഞ സന്തോഷത്തിൽ അമ്മയ്ക്കൊപ്പം സമ്മാനം വാങ്ങാനെത്തി റോഡ് കുറുകെ കടക്കവേ കാറിടിച്ചു മരിച്ച ആർ.അബിത പാർവതിയുടെ (18) സംസ്കാരം നടത്തി. വ്യാഴാഴ്ച വൈകിട്ട് കെകെ റോഡിൽ ചന്തക്കവലയിലുണ്ടായ അപകടത്തിലായിരുന്നു തോട്ടയ്ക്കാട് മാടത്താനി വടക്കേമുണ്ടയ്ക്കൽ വി.ടി.രമേശിന്റെ മകൾ അബിതയുടെ മരണം.
ഇന്നലെ ഉച്ചയോടെ പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം മൃതദേഹം വസതിയിൽ എത്തിച്ചു. പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അമ്മ കെ.ജി.നിഷ മകളുടെ മൃതദേഹം വഹിച്ചിരുന്ന ആംബുലൻസിൽ വീട്ടിലെത്തി. എംഎൽഎമാരായ ചാണ്ടി ഉമ്മൻ, ജോബ് മൈക്കിൾ, സിപിഎം ജില്ലാ സെക്രട്ടറി ടി.ആർ.രഘുനാഥൻ തുടങ്ങിയവർ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു.
തോരാതെ പെയ്ത പകൽ പെയ്തൊഴിയാതെ അമ്മ മനസ്സ്
കോട്ടയം ∙ അബിതയ്ക്കേറെ ഇഷ്ടമായിരുന്ന മഴ ഇന്നലെ തോരാതെ പെയ്തു. സംസ്കാരച്ചടങ്ങുകൾക്കിടെ അമ്മ നിഷയുടെ സങ്കടം അണപൊട്ടി ഒഴുകിയപ്പോൾ ഇളയ മകൾ അബിജ അരികിലെത്തി. ‘കരയാതെ അമ്മേ, അവൾ സന്തോഷത്തോടെയല്ലേ പോയത്..?.
തലയിലേറ്റ പരുക്കുകൾ കാരണം ഒന്നു കരയാൻ പോലുമാകാത്ത അവസ്ഥയിലായിരുന്നു നിഷ. മകൾക്ക് യാത്രാമൊഴിയേകാൻ മൃതദേഹം എത്തിച്ച അതേ ആംബുലൻസിലാണ് നിഷയെയും വീട്ടിലെത്തിച്ചത്. സഹോദരി അബിജയും പിതാവ് രമേഷും നിഷയ്ക്ക് ഒപ്പംനിന്നു. കരയാതിരിക്കാനുള്ള ഇരുവരുടെയും പാടുപെടലിൽ ചുറ്റും നിന്നവരുടെയും കണ്ണുകൾ നിറഞ്ഞു. വിഎച്ച്എസ്ഇ പരീക്ഷയിൽ മകൾ മികച്ച വിജയം നേടിയതിന്റെ സന്തോഷത്തിലാണ് കുറുമ്പനാടം സെന്റ് ആന്റണീസ് എൽപി സ്കൂൾ അധ്യാപികയായ നിഷ അബിതയെക്കൂട്ടി നഗരത്തിലെത്തിയത്.
മധുരപലഹാരങ്ങളും മക്കളുടെ തുടർപഠനത്തിനു വേണ്ട പഠനോപകരണങ്ങളും വാങ്ങലായിരുന്നു ലക്ഷ്യം. കോട്ടയം മാർക്കറ്റ് ജംക്ഷനിൽ ബസ് ഇറങ്ങിയിട്ട് റോഡ് മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാർ ഇടിച്ചു തെറിപ്പിച്ചത്. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് അബിതയുടെ മരണത്തിന് കാരണം. മുഖത്തിനും താടിയെല്ലിനും പരുക്കേറ്റ നിഷയ്ക്ക് ശസ്ത്രക്രിയ അടക്കമുള്ള ചികിത്സ ഇനിയും ശേഷിക്കുന്നുണ്ട്. അബിതയുടെ അധ്യാപകർ, സഹപാഠികൾ, നിഷയുടെ സഹപ്രവർത്തകർ, വിദ്യാർഥികൾ അവരുടെ മാതാപിതാക്കൾ, മുൻപ് ചിൽഡ്രൻസ് ഹോമിലെ ജീവനക്കാരനായിരുന്ന രമേശിന്റെ സഹപ്രവർത്തകർ, നാട്ടുകാർ എന്നിങ്ങനെ നൂറുകണക്കിനാളുകളാണ് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത്.
പരീക്ഷാഫലം വന്നപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ അബിതയ്ക്ക് വിജയാശംസകൾ നേർന്ന കൂട്ടുകാരിൽ പലരും ഇന്നലെ രാവിലെ മാധ്യമങ്ങളിലൂടെയാണ് അപകട വിവരം അറിഞ്ഞത്. സന്തോഷം പങ്കിടാൻ പോലും നിൽക്കാതെ കൂട്ടുകാരി പോയത് ഉൾക്കൊള്ളാനാകാതെ വിതുമ്പുകയായിരുന്നു സഹപാഠികൾ.അപകടത്തിനിടയാക്കിയ വാഹനം സംഭവ ദിവസം തന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. വാഹന ഉടമയ്ക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തെന്ന് വെസ്റ്റ് പൊലീസ് അറിയിച്ചു.