
കൊല്ലം: കാവനാട് സ്വകാര്യ ബാങ്കിലെ ജീവനക്കാരി മരിച്ചത് ബ്രെയിൻ ഹെമറേജ് കാരണമെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. തലച്ചോറിലെ രക്തസ്രാവം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ മരണകാരണം ഇതു തന്നെയാണെന്ന് സ്ഥിരീകരിക്കാൻ ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം പുറത്തുവരേണ്ടതുണ്ട്. കാവനാട് മീനത്തുചേരി സ്വദേശി ദീപ്തി പ്രഭയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷം ചൂടാക്കിയ ചൂരക്കറി കഴിച്ചതിന് പിന്നാലെയാണ് ദീപ്തിപ്രഭയ്ക്ക് അവശത നേരിട്ടതെന്ന് കുടുംബം പറഞ്ഞിരുന്നു.
ഇതേ ഭക്ഷണം കഴിച്ച ദീപ്തിപ്രഭയുടെ ഭർത്താവിനും മകനും ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഭക്ഷ്യവിഷബാധയാണ് ദീപ്തിയുടെ മരണകാരണമെന്ന് സംശയം ഉയർന്നിരുന്നെങ്കിലും പോസ്റ്റ്മോർട്ടത്തിൽ ബ്രെയിൻ ഹെമറേജ് സംഭവിച്ചെന്ന് കണ്ടെത്തി. മരണകാരണം സ്ഥിരീകരിക്കാൻ ആന്തരികാവയവങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
സ്വകാര്യ ബാങ്ക് ജീവനക്കാരിയായ ദീപ്തി കഴിഞ്ഞ ദിവസം വൈകിട്ടാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെടുന്നത്. സംഭവ ദിവസത്തിന് തലേന്ന് ഇവർ ചൂരമീൻ വാങ്ങി കറിവച്ച് കഴിച്ചിരുന്നു. പിന്നാലെ ദീപ്തിയുടെ ഭർത്താവ് ശ്യാംകുമാറിനും മകൻ അർജുൻ ശ്യാമിനും ഇന്നലെ രാവിലെ മുതൽ ഛർദി തുടങ്ങി. എന്നാൽ, ദീപ്തി പ്രഭ പതിവു പോലെ രാവിലെ ശക്തികുളങ്ങരയിലെ ബാങ്കിൽ ജോലിക്കു പോയി. വൈകിട്ട് ഭർത്താവ് എത്തിയാണ് ബാങ്കിൽ നിന്നും ദീപ്തിയെ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. വീട്ടിലെത്തിയ ഉടനെ ദീപ്തിപ്രഭയും ഛർദിച്ചു കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]