
‘അതിജീവിത അത് കുറ്റകൃത്യമായി കാണുന്നില്ല, കുടുംബമായി ജീവിക്കുന്നു’: പോക്സോ കേസിൽ യുവാവിന്റെ ശിക്ഷ ഒഴിവാക്കി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ പോക്സോ കേസിൽ പ്രതിചേർക്കപ്പെടുകയും പിന്നീട് ആ കേസിലെ അതിജീവിതയെ വിവാഹം ചെയ്യുകയും ചെയ്ത യുവാവിന്റെ ശിക്ഷ നടപ്പിലാക്കുന്നതു തടഞ്ഞു. പശ്ചിമ ബംഗാളിൽനിന്നുള്ള പോക്സോ കേസിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
പ്രണയിച്ച കൗമാരക്കാരിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനാണ് യുവാവിനെതിരെ കേസ് റജിസ്റ്റർ ചെയ്തത്. വിചാരണ കോടതി യുവാവിനെ 20 വർഷം തടവിനു ശിക്ഷിച്ചിരുന്നു. സംഭവം നടക്കുമ്പോൾ 24 വയസ്സായിരുന്നു പ്രതിയുടെ പ്രായം. പെൺകുട്ടി പ്രായപൂർത്തിയായപ്പോൾ യുവാവ് അവളെ വിവാഹം ചെയ്തു. ഇപ്പോൾ അതിജീവിതയും യുവാവും കുഞ്ഞും കുടുംബമായി കഴിഞ്ഞുവരികയാണ്. കോടതിയുടെ നിർദേശപ്രകാരം മാനസികാരോഗ്യവിദഗ്ധർ അടങ്ങുന്ന വിദഗ്ധ സംഘം പെൺകുട്ടിയുടെ നിലവിലെ മാനസിക, ജീവിത സാഹചര്യങ്ങൾ പരിശോധിച്ചിരുന്നു. അവരുടെകൂടി അഭിപ്രായം കണക്കിലെടുത്താണ് വിധി പറഞ്ഞത്. യുവാവുമായി അതിജീവിതയ്ക്ക് ഇപ്പോഴുള്ള വൈകാരിക ബന്ധവും ജീവിതസാഹചര്യങ്ങളും പരിഗണിച്ചാണ് ഭരണഘടനയുടെ 142-ാം അനുച്ഛേദ പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് വിധി പുറപ്പെടുവിച്ചത്. പ്രതിയുടേത് കുറ്റകൃത്യമാണെങ്കിലും അതിജീവിത ഇപ്പോൾ അതിനെ അങ്ങനെ കാണുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.
‘‘നിയമപ്രകാരം യുവാവ് ചെയ്തത് കുറ്റകൃത്യമാണ്. പക്ഷേ, ഇര അതൊരു കുറ്റകൃത്യമായി അംഗീകരിച്ചിട്ടില്ല. കുറ്റകൃത്യമല്ല ഇരയ്ക്ക് ആഘാതമുണ്ടാക്കിയത്. യുവാവിനെ ശിക്ഷയിൽനിന്ന് രക്ഷിക്കാൻ പൊലീസുമായും നിയമവ്യവസ്ഥയുമായും നടത്തിയ പോരാട്ടമാണ് അവൾക്ക് മാനസിക ആഘാതമുണ്ടാക്കിയത്’’–കോടതി ചൂണ്ടിക്കാട്ടി. നീണ്ട നിയമനടപടികളാണ് കുറ്റകൃത്യത്തേക്കേൾ അതിജീവിതയെ ബാധിച്ചതെന്ന് കോടതി വിലയിരുത്തി ‘‘ സമൂഹം അവളെ വിധിയെഴുതി, നിയമ വ്യവസ്ഥ അവളെ പരാജയപ്പെടുത്തി, കുടുംബം അവളെ ഉപേക്ഷിച്ചുപോയി’’–കോടതി ചൂണ്ടിക്കാട്ടി.
കൊൽക്കത്ത ഹൈക്കോടതി നേരത്തേ യുവാവിന്റെ ശിക്ഷ റദ്ദാക്കിയിരുന്നു. എന്നാൽ, കോടതിയുടെ ചില പരാമർശങ്ങളെ തുടർന്ന് സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. അതീജീവിതയുടെ ഭാഗം കേൾക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചു. അവരുടെ കണ്ടെത്തലുകൾ പരിശോധിച്ചശേഷമാണ് ജസ്റ്റിസുമാരായ അഭയ് എസ്. ഓക, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ച് വിധി പുറപ്പെടുവിച്ചത്.