
ദക്ഷിണാഫ്രിക്കയിൽ വെള്ളക്കാരുടെ വംശഹത്യ?; ട്രംപിന്റെ വാദങ്ങളിലെ സത്യമെന്ത്, എന്താണ് ‘വൈറ്റ് ജിനോസൈഡ്’?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജൊഹാനസ്ബർഗ്∙ ദക്ഷിണാഫ്രിക്ക പ്രസിഡന്റ് സിറിൽ റാമഫോസയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ബുധനാഴ്ച വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിൽ ട്രംപ് ഉന്നയിച്ച പ്രധാന ആരോപണമായിരുന്നു ദക്ഷിണാഫ്രിക്കയിൽ ‘വൈറ്റ് ജിനോസൈഡ്’ നടക്കുന്നുവെന്നത്. ട്രംപിന്റെ പരാമർശത്തിൽ വിവാദം കത്തിപ്പുകയുകയാണ്. ഓവൽ ഓഫിസ് കൂടിക്കാഴ്ചയ്ക്കിടെ ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരായ ന്യൂനപക്ഷങ്ങൾക്കെതിരെ നടന്ന പീഡനങ്ങളെക്കുറിച്ച് ട്രംപ് ഒട്ടേറെ പ്രസ്താവനകൾ നടത്തിയിരുന്നു. ഇതെല്ലാം തെറ്റാണെന്നാണു വസ്തുതകകൾ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
വൈറ്റ് ജിനോസൈഡ് പ്രസ്താവനക്കിടെ ഒപ്പമുണ്ടായിരുന്ന ഇതു തെറ്റാണെന്ന് പറയാൻ ശ്രമിച്ചിരുന്നെങ്കിലും ട്രംപ് തന്റെ ഭാഗം ആവർത്തിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ വർഷങ്ങളായി പ്രചരിക്കുന്ന ചില ദക്ഷിണാഫ്രിക്കൻ രാഷ്ട്രീയ നേതാക്കളുടെ പ്രകോപനപരമായ പ്രസംഗങ്ങളുടെ ക്ലിപ്പുകളും ട്രംപ് ഇതിനിടെ പ്രദർശിപ്പിച്ചു. ട്രംപ് ഉയർത്തിയ വാദങ്ങളിൽ തെറ്റായവയെന്ന് തെളിവുസഹിതം പുറത്തുവന്നവ താഴെ നൽകിയിരിക്കുന്നു:
1. ‘വെള്ളക്കാരായ കർഷകരുടെ വംശഹത്യ’
1994ൽ ദക്ഷിണാഫ്രിക്കയിൽ വർണവിവേചനം അവസാനിച്ചതിനു ശേഷമാണ് ഈ ഗൂഢാലോചന സിദ്ധാന്തം പ്രചരിച്ചത്. വെളുത്ത വർഗക്കാരായ ദക്ഷിണാഫ്രിക്കക്കാരുടെ ചില ഗ്രൂപ്പുകളിലായിരുന്നു പ്രചാരണം. രാജ്യാന്തര തലത്തിൽ തീവ്ര വലതുപക്ഷ ഗ്രൂപ്പുകളിലും ചാറ്റ് റൂമുകളിലും ഈ സിദ്ധാന്തം പ്രചരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. കറുത്ത വർഗക്കാരുടെ നേതൃത്വത്തിലുള്ള സർക്കാർ, കർഷക കൊലപാതകങ്ങളിൽ പങ്കാളികളാകുന്നുവെന്നാണ് ഇക്കൂട്ടർ ആരോപിക്കുന്നത്. എന്നാൽ ദക്ഷിണാഫ്രിക്കൻ സർക്കാർ ഇതു നിഷേധിക്കുന്നു.
ഏറ്റവും ഉയർന്ന കൊലപാതക നിരക്കുള്ള രാജ്യങ്ങളിൽ ഒന്നാണ് ദക്ഷിണാഫ്രിക്ക. 60 ദശലക്ഷം ജനങ്ങളുള്ള രാജ്യത്ത്, ഒരു ദിവസം ശരാശരി 72 കൊലപാതകങ്ങൾ നടക്കുന്നുണ്ടെന്നാണ് കണക്ക്. ഇരകളിൽ ഭൂരിഭാഗവും കറുത്ത വർഗക്കാരാണ്. 2024ൽ മാത്രം ദക്ഷിണാഫ്രിക്കയിൽ 26,232 കൊലപാതകങ്ങൾ നടന്നുവെന്ന് പൊലീസ് പറയുന്നത്. ഇതിൽ എട്ടു പേർ കർഷകരായിരുന്നു. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ആകെ കൊലപാതകങ്ങളിൽ വെള്ളക്കാർ ഇരകളാകുന്ന സംഭവങ്ങൾ ആകെ ഒരു ശതമാനം മാത്രമാണ്. കഴിഞ്ഞ 40 വർഷത്തിനിടെ 1363 വെള്ളക്കാരായ കർഷകരാണു കൊല്ലപ്പെട്ടതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
2. ‘വെള്ളക്കാരുടെ ഭൂമി പിടിച്ചെടുക്കുന്നു’
കറുത്ത വർഗക്കാരായ ദക്ഷിണാഫ്രിക്കക്കാർക്കു വിതരണം ചെയ്യുന്നതിനായി, വെള്ളക്കാരായ കർഷകരിൽനിന്നു സർക്കാർ നഷ്ടപരിഹാരം നൽകാതെ ഭൂമി പിടിച്ചെടുക്കുന്നുവെന്നതാണു മറ്റൊരു ആരോപണം. ഇതിന്റെ ഭാഗമായി അക്രമപരമ്പരകള് അരങ്ങേറിയതായും കിംവദന്തികൾ പ്രചരിച്ചു. എന്നാൽ ദക്ഷിണാഫ്രിക്ക സർക്കാർ ഈ ആരോപണങ്ങളെയും തള്ളിക്കളയുന്നു. വർണവിവേചനത്തിന്റെയും കോളനിവത്കരണത്തിന്റെയും ഭാഗമായി ഭൂവുടമസ്ഥതയുമായി ബന്ധപ്പെട്ട അസമത്വങ്ങൾ പരിഹരിക്കാൻ ശ്രമിക്കുക എന്നതാണ് നയമെന്ന് റാമഫോസ സർക്കാർ വാദിക്കുന്നു. ആരുടെയും ഒരു ഭൂമിയും തട്ടിയെടുത്തിട്ടില്ലെന്നും പകരം വെള്ളക്കാരായ കർഷകരോട് അവരുടെ ഭൂമി സ്വമേധയാ വിൽക്കാൻ പ്രോത്സാഹിപ്പിക്കുകയാണു സർക്കാർ ചെയ്യുന്നതെന്നുമാണ് വാദം.
അതേസമയം, ദക്ഷിണാഫ്രിക്കയിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള കൃഷിഭൂമിയുടെ മുക്കാൽ ഭാഗവും ഇപ്പോഴും വെള്ളക്കാരുടെ കൈകളിലാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ജനസംഖ്യയുടെ എട്ടു ശതമാനത്തിൽ താഴെ മാത്രമാണ് ദക്ഷിണാഫ്രിക്കയിൽ വെള്ളക്കാർ ഉള്ളത്. എന്നാൽ 80% വരുന്ന കറുത്തവർഗക്കാർക്ക് ആകെ ഭൂമിയുടെ നാലു ശതമാനത്തിൽ മാത്രമാണ് ഉടമസ്ഥാവകാശം. ഇതു പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, അപൂർവം സന്ദർഭങ്ങളിൽ ഉടമയ്ക്കു നഷ്ടപരിഹാരം നൽകാതെ ‘പൊതുതാൽപര്യാർഥം’ ഭൂമി ഏറ്റെടുക്കാൻ സർക്കാരിന് അനുമതി നൽകുന്ന ഒരു നിയമത്തിന് ഈ ജനുവരിയിൽ റാമഫോസ അംഗീകാരം നൽകിയിരുന്നു. നിയമം അനുസരിച്ച് അധികാരികൾ ആദ്യം ഭൂമിയുമായി ബന്ധപ്പെട്ട് ഒരു കരാറിലെത്താൻ ശ്രമിക്കേണ്ടതുണ്ടെന്നും പറയുന്നു. അതേസമയം ഈ നിയമം ഇതുവരെ ദക്ഷിണാഫ്രിക്കയിൽ നടപ്പിലാക്കിയിട്ടില്ലെന്നാണ് റോയിട്ടേഴ്സിന്റെ റിപ്പോർട്ട്.
3. ‘കിൽ ദി ബോയർ’
കറുത്തവർഗ്ഗക്കാരായ ദക്ഷിണാഫ്രിക്കക്കാർ ആലപിച്ച ‘കിൽ ദി ബോയർ’ എന്ന ഗാനമാണു മറ്റൊരു തെളിവായി ട്രംപ് അനുകൂലികൾ ഉയർത്തിക്കാട്ടുന്നത്. കൃഷിഭൂമിയുടെ ഉടമസ്ഥരായ യൂറോപ്യൻ വംശജരായ വെള്ളക്കാരെ കൊലപ്പെടുത്താൻ ആഹ്വാനം നൽകുന്നതാണ് ഈ ഗാനം. വർണവിവേചനത്തിനെതിരായ ശക്തമായ ചെറുത്തുനിൽപ്പ് എന്ന രീതിയിലാണ് തുടക്കം മുതൽ ഈ ഗാനം അറിയപ്പെടുന്നത്. ട്രംപ് പ്രദർശിപ്പിച്ച വിഡിയോ ക്ലിപ്പുകളിലൊന്നിൽ മാർക്സിസ്റ്റ് ഇക്കണോമിക് ഫ്രീഡം ഫൈറ്റേഴ്സ് (ഇഎഫ്എഫ്) എന്ന പാർട്ടിയുടെ നേതാവ് ജൂലിയസ് മലേമയാണ് ഗാനം ആലപിക്കുന്നത്.
എന്നാൽ ഈ ഗാനം ആക്രമണത്തിനുള്ള പ്രേരണയല്ലെന്നും മറിച്ച് വർണവിവേചനത്തിനെതിരെയുള്ള ഗാനം മാത്രമാണെന്നാണ് ദക്ഷിണാഫ്രിക്കയിലെ മൂന്ന് കോടതികൾ വിധി പുറപ്പെടുവിച്ചതെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ആഫ്രിക്കൻ പൈതൃകത്തിന്റെ ഭാഗമാണ് ഈ ഗാനമെന്നും ഇഎഫ്എഫ് പറയുന്നു.
4. വെളുത്ത കുരിശും ശ്മശാനവും
ദക്ഷിണാഫ്രിക്കയിലെ ഒരു ഹൈവേയുടെ വശത്ത് വെളുത്ത കുരിശുകള് നാട്ടിയിരിക്കുന്നതിന്റെ ഒരു വിഡിയോയും ട്രംപ് പ്രദർശിപ്പിച്ചിരുന്നു. വെളുത്തവർഗക്കാരായ കർഷകർക്കുള്ള ശ്മശാനമാണ് ഇതെന്നാണ് ട്രംപ് പറയുന്നത്. എന്നാൽ ഒരാഴ്ച മുൻപ് തങ്ങളുടെ ഫാമിൽ രണ്ടു പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് നടന്ന കർഷക കൊലപാതകങ്ങൾക്കെതിരായ പ്രതിഷേധത്തിനിടെ 2020 സെപ്റ്റംബറിൽ നിർമിച്ചതാണ് ഈ വിഡിയോയെന്നതാണ് വസ്തുത. കുരിശുകൾ യഥാർഥ ശവക്കുഴികളെ അടയാളപ്പെടുന്നതല്ലെന്നും വർഷങ്ങളായി കൊല്ലപ്പെട്ട കർഷകരെയാണ് മരക്കുരിശുകൾ ഉപയോഗിച്ച് പ്രതിനിധീകരിച്ചതെന്നുമാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
5. മൃതദേഹ ബാഗുകളിലെ വെള്ളക്കാർ
മൃതദേഹങ്ങളടങ്ങിയ ബാഗുകളുമായി നിൽക്കുന്ന ആളുകളുടെ ചിത്രങ്ങളായിരുന്നു പിന്നാലെ ട്രംപ് ഉയർത്തിക്കാട്ടിയത്. വെള്ളക്കാരായ കർഷകരെയാണ് കുഴിച്ചിട്ടതെന്നും ട്രംപ് ആരോപിച്ചു. എന്നാൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ഗോമ നഗരത്തിൽനിന്നുള്ള ചിത്രമായിരുന്നു അത്. നഗരം പിടിച്ചെടുത്ത, റുവാണ്ടയുടെ പിന്തുണയുള്ള വിമതർ നടത്തിയ അക്രമത്തിനിടെ കൊല്ലപ്പെട്ടവരായിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നത്. മനുഷ്യാവകാശ പ്രവർത്തകർ മൃതദേഹങ്ങൾ സംസ്കരിക്കുന്നതാണ് യഥാർഥത്തിൽ ആ ചിത്രം. റോയിട്ടേഴ്സിന്റെ വിഡിയോയിൽനിന്നുള്ള ഭാഗത്തിന്റെ സ്ക്രീൻഷോട്ടായിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നതെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ദക്ഷിണാഫ്രിക്കയിലെയും കോംഗോയിലെയും ഗോത്രവാദത്തെക്കുറിച്ചുള്ള ഒരു ബ്ലോഗ് പോസ്റ്റിൽ ഈ ചിത്രം ചേർത്തിരുന്നു. എന്നാൽ അതിൽ അടിക്കുറിപ്പ് നൽകിയിരുന്നില്ല. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന വെള്ളക്കാരുടെ കൊലപാതകങ്ങളുടെ തെളിവുകളെന്ന രീതിയിലാണ് ചിത്രം ട്രംപ് അനുകൂല ബ്ലോഗ് സൈറ്റുകൾ പ്രദർശിപ്പിച്ചത്.
6. മലേമയുടെ പ്രസംഗം
ദക്ഷിണാഫ്രിക്കൻ പാർലമെന്റിൽ വച്ച് പ്രതിപക്ഷ നേതാവ് മലേമ നടത്തിയ പ്രസംഗം ആണ് ട്രംപ് അനുകൂലികൾ ഇപ്പോൾ പ്രചരിപ്പിക്കുന്നത്. തങ്ങളുടെ ആളുകൾ ഭൂമി കൈവശപ്പെടുത്താൻ പോകുകയാണെന്നും അതിന് പ്രസിഡന്റിന്റെ അനുമതി ആവശ്യമില്ലെന്നുമായിരുന്നു മലേമയുടെ പ്രഖ്യാപനം. ഭൂമി കയ്യടക്കുമെന്ന് മലേമ പ്രതിജ്ഞയെടുക്കുന്നതിന്റെ വിഡിയോയും വൈറ്റ് ഹൗസിൽ പ്രദർശിപ്പിച്ചിരുന്നു.
എന്നാൽ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയവരിൽനിന്നും കയ്യേറ്റക്കാരിൽനിന്നും ഭൂമി പിടിച്ചെടുക്കുന്നതിനെ കുറിച്ചാണ് മലേമ പറയുന്നതെന്നാണ് ദക്ഷിണാഫ്രിക്ക സർക്കാർ തന്നെ പറയുന്നത്. ചിലർ ഭൂമി വർഷങ്ങളായി നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിട്ടുണ്ട്. മലേമയുടെ പാർട്ടിയായ ഇഎഫ്എഫ് ഭൂമി കയ്യേറ്റങ്ങൾ ആസൂത്രണം ചെയ്തതിന് തെളിവുകളൊന്നുമില്ലെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.