
ദേശീയപാത തകർച്ച അന്വേഷിക്കാൻ ജിയോ സിന്തറ്റിക് വിദഗ്ധൻ; പിഴവ് വരുത്തിയ കമ്പനി മുൻ കൺസൾട്ടന്റ്! ഏൽപ്പിച്ചത് എൻഎച്ച്എഐ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ തകർച്ചയുടെ കാരണം തേടാൻ കേന്ദ്ര ഉപരിതല മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതി അധ്യക്ഷൻ നിർമാണം നടത്തുന്ന കെഎൻആർ കൺസ്ട്രക്ഷൻസിന്റെ മുൻ കൺസൾട്ടന്റ്. ദേശീയ പാത അതോറിറ്റി (എൻഎച്ച്എഐ) യുടെ നിർദേശ പ്രകാരമാണ് കെഎൻആർ കൺസ്ട്രക്ഷൻസിനു വേണ്ടി കൺസൾട്ടൻസി ജോലികൾ ചെയ്തെന്നാണ് അറിവ്. കേരളത്തിലെ ദേശീയപാത 66ലെ നിർമാണ പിഴവുകൾ സംബന്ധിച്ച് പഠിക്കാൻ കേന്ദ്ര ഗതാഗത മന്ത്രാലയം മുൻ ഐഐടി പ്രഫസറും ഇന്ത്യയിലെ ജിയോ സിന്തറ്റിക് എൻജീനിയറിങ് രംഗത്തെ അതികായനുമായ ഡോ. ജി.വി. റാവുവിനെ നിയമിച്ചത്. ജിമ്മി തോമസ്, അനിൽ ദീക്ഷിത് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. കെഎൻആർ കൺസ്ട്രക്ഷൻസിനു പുറമെ മേഘ കൺസ്ട്രക്ഷൻസ്, ഗാമൺ ഇന്ത്യ, എന്നീ കരാർ കമ്പനികൾക്കും ഡോ. റാവു കൺസൾട്ടൻസി സേവനം നൽകിയിട്ടുണ്ട്.
എന്നാൽ സിവിൽ എൻജിനീയറിങ് രംഗത്തെ ആദരണീയ വിദഗ്ധനായ റാവു കരാർ കമ്പനികളിൽനിന്നു നേരിട്ട് കൺസൾട്ടൻസി എടുത്തതല്ലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു. മറിച്ച് എൻഎച്ച്എഐയുടെ നിർദേശ പ്രകാരം ഓരോ പദ്ധതികളിലും ഹ്രസ്വകാല കൺസൾട്ടൻസിയാണ് റാവു നൽകുന്നത്. കരാർ കമ്പനികളുമായി അദ്ദേഹത്തെ ബന്ധപ്പെടുത്തുന്നത് എൻഎച്ച്എഐയാണ്. പക്ഷേ കൺസൾട്ടൻസി ചെലവ് വഹിക്കുന്നത് കമ്പനിയാണെന്നു മാത്രം. ഡൽഹി ഐഐടിയുടെ വെബ്സൈറ്റിൽ ഡോ. റാവുവിന്റെ വ്യക്തി വിവരങ്ങളിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ടെക്നിക്കൽ കമ്മിറ്റി ഉടൻ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഡോ. ജി.വി. റാവു മനോരമ ഓൺലൈനോട് പറഞ്ഞു. റിപ്പോർട്ട് സമർപ്പിച്ച ശേഷം മാത്രമേ വിഷയത്തിൽ കൂടുതൽ പ്രതികരണം നടത്തുവെന്നും അദ്ദേഹം പറഞ്ഞു.
∙ രാജ്യാന്തര ജിയോ സിന്തറ്റിക് വിദഗ്ധൻ, പരിസ്ഥിതി സൗഹൃദ പദ്ധതികളുടെ അമരക്കാരൻ
ലോകം ആദരിക്കുന്ന ജിയോ സിന്തറ്റിക് വിദഗ്ധനാണ് ഡോ. റാവു. 32 വർഷക്കാലം ഡൽഹി ഐഐടിയിൽ സേവനമനുഷ്ഠിച്ച സിവിൽ എഞ്ചിനീയറിങ് വിദഗ്ധനാണ് ജി.വി.റാവു. ഐഐടി ഡൽഹിയുടെ സിവിൽ എഞ്ചിനീയറിങ് വിഭാഗത്തിന്റെ തലവനായി പ്രവർത്തിച്ചു. രാജ്യാന്തര തലത്തിലും ദേശീയ തലത്തിലും അദ്ദേഹം അവതരിപ്പിച്ച നിരവധി തീസിസുകള് ശ്രദ്ധ പിടിച്ചുപറ്റി. നൂതനവും തദ്ദേശീയവും പരിസ്ഥിതി സൗഹാർദപരവുമായ വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമാണമായിരുന്നു ജി.വി. റാവു അവലംബിച്ചിരുന്നത്. ചണം, കയർ ഭൂവസ്ത്രം, കുമ്മായം, തുടങ്ങിയവ ഉപയോഗിച്ചുള്ള നിർമാണത്തിന്റെ സാധ്യതകളെ കുറിച്ചും അദ്ദേഹം പഠിച്ചു. നിർമാണ സാമഗ്രികളുടെ ഗുണനിലവാര പരിശോധനയ്ക്കായി അദ്ദേഹം ജിയോസിന്തറ്റിക് എഞ്ചിനീയറിങ് ലബോറട്ടറി സ്ഥാപിച്ചു. രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തെ ലബോറട്ടറിയായിരുന്നു അത്. ഇന്റർനാഷനൽ ഫാബ്രിക്സ് അസോസിയേഷൻ തയാറാക്കിയ ജിയോസിന്തറ്റിക്സ് മേഖലയെ സ്വാധീനിക്കുന്ന 142 വ്യക്തികളിൽ ഇടം പിടിച്ച ഏക ഇന്ത്യക്കാരനായിരുന്നു ജി.വി.റാവു.
2007 ഐഐടി ഡൽഹിയിലെ സേവനം അവസാനിപ്പിച്ച് ഹൈദരാബാദിലേക്ക് അദ്ദേഹം താമസം മാറി. 2010 മുതൽ 2013 വരെയുള്ള കാലയളവിൽ,കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഇർക്കോൺ ഇന്റർനാഷണൽ ലിമിറ്റഡിന്റെ സ്വതന്ത്ര ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചു. ആന്ധ്രാപ്രദേശ് സർക്കാർ റോഡ് നിർമാണ വകുപ്പ്, ജലസേചന വകുപ്പ്, സിഎസ്ഇബി, കോർബ, എൻഎച്ച്പിസി, എൻഎച്ച്എഐ, എൻടിപിസി, ഗാമൺ ഇൻഫ്രാസ്ട്രക്ചർ, കെഎൻആർ കൺസ്ട്രക്ഷൻസ്, മേഘ എഞ്ചിനീയറിങ്, ഇന്ദു പ്രോജക്ട്സ്, ഐവിആർസിഎൽ, എൽ ആൻഡ് ടി, ജിഎംആർ എയർപോർട്സ്, ജയ്പൂർ വികസന അതോറിറ്റി, പശ്ചിമ ബംഗാൾ സംസ്ഥാന വൈദ്യുതി വിതരണ കമ്പനി, ഐആർസിഒഎൻ, എച്ച്എംഡിഎ, എന്നിവയുടെ കൺസൾട്ടന്റായും അദ്ദേഹം പ്രവർത്തിച്ചു. ഡാർജിലിങ്ങിലെ മണ്ണിടിച്ചിൽ ലഘൂകരണ ഘടനകളുടെ രൂപകൽപന, എൻഎച്ച്എഐയുടെ വിവിധ ഡിസൈനുകളുടെ പരിശോധന, വിശാഖപട്ടണത്ത് ആർഒബികളുടെ അടിത്തറയുമായി ബന്ധപ്പെട്ട ജിയോടെക്നിക്കൽ അന്വേഷണം, ഹൈദരാബാദ് രാജ്യാന്തര വിമാനത്താവളത്തിലെ നിർമ്മാണത്തിന്റെ ജിയോടെക്നിക്കൽ അന്വേഷണം, ഡൽഹി – ഹരിയാന സർക്കാരുകളുടെ വിവിധ പദ്ധതികളുടെ കൺസൾട്ടന്റ്, ദേശീയപാതകളുടെയും പാലങ്ങളുടെയും ഡിപിആറുകൾ തയാറാക്കൽ തുടങ്ങി 600ലധികം പ്രൊജക്ടുകളിൽ അദ്ദേഹം ഭാഗമായിട്ടുണ്ട്.