
വടക്ക്-കിഴക്കൻ (Northeast) സംസ്ഥാനങ്ങൾക്ക് വൻ നിക്ഷേപ വാഗ്ദാനവുമായി ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരും വ്യവസായ പ്രമുഖരുമായ മുകേഷ് അംബാനിയും (Mukesh Ambani) ഗൗതം അദാനിയും (Gautam Adani). മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ് (Reliance Industries) 75,000 കോടി രൂപ 5 വർഷത്തിനകം നിക്ഷേപിക്കുമെന്ന് വ്യക്തമാക്കിയപ്പോൾ, അദാനി ഗ്രൂപ്പിന്റെ (Adani Group) വാഗ്ദാനം 50,000 കോടി രൂപയാണ്. ന്യൂഡൽഹി ഭാരത് മണ്ഡപത്തിൽ ഇന്നും നാളെയുമായി നടക്കുന്ന ‘റൈസിങ് നോർത്ത്-ഈസ്റ്റ്’ നിക്ഷേപക ഉച്ചകോടി-2025ലാണ് (Rising Northeast Investors Summit 2025) ഇരുവരുടെയും പ്രഖ്യാപനം. ഉച്ചകോടിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) നിർവഹിച്ചു.
കഴിഞ്ഞ 4 ദശാബ്ദത്തിനിടെ റിലയൻസ് 30,000 കോടി രൂപയുടെ നിക്ഷേപമാണ് വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ നടത്തിയതെന്ന് സൂചിപ്പിച്ച മുകേഷ് അംബാനി, ഈ സംസ്ഥാനങ്ങൾ സമീപഭാവിയിൽ സിംഗപ്പുർ പോലെ വികസിതമാകുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു. മുൻകാല നിക്ഷേപത്തിന്റെ ഇരട്ടിയിലേറെയാണ് (75,000 കോടി രൂപ) ഇനി നിക്ഷേപിക്കാൻ പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി. വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ 4.5 കോടിയോളം വരുന്ന ജനങ്ങൾക്ക് നേരിട്ടു പ്രയോജനം ലഭിക്കുംവിധമായിരിക്കും റിലയൻസിന്റെ നിക്ഷേപ പദ്ധതികൾ.
25 ലക്ഷത്തോളം പേർക്ക് നേരിട്ടും പരോക്ഷമായും തൊഴിൽ ലഭിക്കും. നിലവിൽ റിലയൻസ് ജിയോയ്ക്ക് ഈ മേഖലയിൽ 50 ലക്ഷത്തോളം 5ജി വരിക്കാരുണ്ട്. ഒരുവർഷത്തിനകം ഇത് ഇരട്ടിയാക്കും. മേഖലയിലെ സ്കൂൾ, കോളജ്, ആശുപത്രി, സംരംഭങ്ങൾ, വീടുകൾ എന്നിവിടങ്ങളിലെല്ലാം നിർമിതബുദ്ധിയുടെ (എഐ) പ്രയോജനം ഉറപ്പാക്കും.
കർഷകരിൽ നിന്ന് ഉൽപന്നങ്ങൾ സംഭരിച്ച് റിലയൻസ് റീട്ടെയ്ലും 350 ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിച്ച് റിലയൻസ് എനർജിയും മേഖലയ്ക്ക് പിന്തുണ നൽകും. മേഖലയിൽ എഫ്എംസിജി ഫാക്ടറികളും ആരംഭിക്കും. റിലയൻസ് ഫൗണ്ടേഷൻ ആരോഗ്യ, കായിക മേഖലയുടെ ഉന്നമനത്തിനും പിന്തുണ നൽകുമെന്ന് മുകേഷ് അംബാനി പറഞ്ഞു. മണിപ്പുരിൽ 150 കിടക്കകളുള്ള കാൻസർ ആശുപത്രി സ്ഥാപിക്കും. കായികതാരങ്ങളെ വാർത്തെടുക്കാൻ ഒളിംപിക് ട്രെയിനിങ് സെന്ററുകളും തുടങ്ങും.
അദാനിയുടെ വാഗ്ദാനങ്ങൾ
അടുത്ത 10 വർഷത്തിനകമാണ് അദാനി ഗ്രൂപ്പ് 50,000 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾ നടപ്പാക്കുക. വളർച്ചയ്ക്ക് മികച്ച സാധ്യതകളുള്ളതാണ് വടക്കു-കിഴക്കൻ സംസ്ഥാനങ്ങളെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പറഞ്ഞു. അസമിൽ 50,000 കോടി രൂപ നിക്ഷേപിക്കുമെന്ന് അദാനി ഗ്രൂപ്പ് കഴിഞ്ഞ ഫെബ്രുവരിയിൽ പറഞ്ഞിരുന്നു. ഇതിനു പുറമെയാണ് പുതിയ വാഗ്ദാനം. അടിസ്ഥാനസൗകര്യം, ലോജിസ്റ്റിക്സ്, ഊർജം, ഡിജിറ്റൽ കണക്റ്റിവിറ്റി എന്നീ മേഖലകളിലായിരിക്കും പ്രധാനമായും അദാനി ഗ്രൂപ്പിന്റെ നിക്ഷേപം.
അരുണാചൽ പ്രദേശ്, അസം, മണിപ്പുർ, മേഘാലയ, മിസോറം, നാഗാലാൻഡ്, സിക്കിം, ത്രിപുര സംസ്ഥാനങ്ങളിലേക്ക് നിക്ഷേപം ആകർഷിക്കാനായി കേന്ദ്ര വടക്കു-കിഴക്കൻ മേഖലാ വികസന മന്ത്രാലയമാണ് (Ministry of DoNER) ഉച്ചകോടി സംഘടിപ്പിക്കുന്നത്. കൃഷി, ഭക്ഷ്യ സംസ്കരണം, വസ്ത്രം, കരകൗശലം, വിനോദം, കായികം, വിദ്യാഭ്യാസം, നൈപുണ്യവികസനം, ആരോഗ്യസംരക്ഷണം, ഐടി-ഐടിഇഎസ്, ടൂറിസം-ഹോസ്പിറ്റാലിറ്റി, ഊർജം, അടിസ്ഥാനസൗകര്യം, ലോജിസ്റ്റിക്സ് മേഖലകൾക്കാണ് ഉച്ചകോടിയിൽ ഊന്നൽ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: