
നോട്ടിംഗ്ഹാം: ടെസ്റ്റ് ക്രിക്കറ്റില്‍ ജോ റൂട്ട് 13000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടതിനൊപ്പം മറ്റൊരു അപൂര്‍വ റെക്കോര്‍ഡുമായി ഇംഗ്ലണ്ട് താരം ഒല്ലി പോപ്പ്. സിംബാബ്വെക്കെതിരായ ടെസ്റ്റിന്റെ ആദ്യ ദിനം 163 പന്തില്‍ 169 റൺസുമായി പുറത്താകാതെ നില്ക്കുന്ന പോപ്പ് കരിയറിലെ എട്ടാം ടെസ്റ്റ് സെഞ്ചുറിയാണ് ഇന്നലെ കുറിച്ചത്. കരിയറില്‍ ഇതുവരെ നേടിയ എട്ട് സെഞ്ചുറികളും എട്ട് വ്യത്യസ്ത ടീമുകള്‍ക്കെതിരെ ആയിരുന്നുവെന്നതാണ് പ്രത്യേകത. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബാറ്ററാണ് പോപ്പ്.
109 പന്തിലാണ് പോപ്പ് എട്ടാം ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. സിംബാബ്വെക്കെതിരെ ആദ്യദിനം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 498 റണ്‍സടിച്ചപ്പോള്‍ പോപ്പിന് പുറമെ ഓപ്പണര്‍മാരായ സാക് ക്രോളിയും(124), ബെന്‍ ഡക്കറ്റും(140) സെഞ്ചുറികള്‍ നേടിയിരുന്നു. 34 റണ്‍സെടുത്ത ജോ റൂട്ടിന്റെ വിക്കറ്റും ഇംഗ്ലണ്ടിന് ആദ്യദിനം നഷ്ടമായി. 9 റണ്‍സോടെ ഹാരി ബ്രൂക്കാണ് ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ പോപ്പിനൊപ്പം ക്രീസിലുള്ളത്.
ആദ്യ എട്ട് സെഞ്ചുറികളും എട്ട് വ്യത്യസ്ത ടീമുകള്‍ക്കെതിരെ നേടുന്ന ആദ്യ ബാറ്ററായ പോപ്പ് എട്ട് വ്യത്യസ്ത ടീമുകള്‍ക്കെതിരെ ടെസ്റ്റ് സെഞ്ചുറി നേടിയിട്ടുള്ള മുപ്പതാമത്തെ ബാറ്ററുമാണ്. 169 റണ്‍സുമായി പുറത്താകാതെ നില്ക്കുന്ന പോപ്പ് 24 ബൗണ്ടറികളും രണ്ട് സിക്സുകളും പറത്തി. ഇടക്കാലത്ത് മോശം ഫോമിലായിരുന്ന പോപ്പിന്റെ ടീമിലെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇന്ത്യക്കെതിരായ പരമ്പരക്കുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ഇംഗ്ലണ്ട് സിംബാബ്വെക്കെതിരെ ചതുര്‍ദിന ടെസ്റ്റ് മത്സരം കളിക്കുന്നത്. മത്സരത്തില്‍ 34 റണ്‍സെടുത്ത് പുറത്തായ ജോ റൂട്ട് ടെസ്റ്റ് ക്രിക്കറ്റില്‍ 13000 റണ്‍സ് തികച്ചതിനൊപ്പം അതിവേഗം ഈ നേട്ടം കൈവരിക്കുന്ന ബാറ്ററെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]