
തലമുറകൾ ‘വൈറലാക്കിയ’ ശാസ്താവങ്ങോട്ടുപുറത്തെ മരച്ചക്ര ഊഞ്ഞാൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പോരൂർ ∙ മലപ്പുറത്തെ കൂറ്റൻ യന്ത്ര ഊഞ്ഞാലുകളും മരണക്കിണറുമൊക്കെ റാപ്പർ ഹനുമാൻകൈൻഡ് ആൽബങ്ങളിലൂടെ ലോകം മുഴുവൻ പ്രസിദ്ധമാണ്. എന്നാൽ ജില്ലയിലെ തന്നെ പോരൂർ ശാസ്താവങ്ങോട്ടുപുറം താലപ്പൊലി ഉത്സവം കാണാനെത്തുന്ന ആയിരങ്ങളെ ആകർഷിക്കുന്ന ഒരു കുഞ്ഞൻ മരച്ചക്ര ഊഞ്ഞാലുണ്ട്. പൂർണമായും തേക്കിൽ നിർമിച്ചു നാലു പേർക്ക് ഒരേ സമയം ആടാവുന്ന ചക്ര ഊഞ്ഞാൽ. യന്ത്രഊഞ്ഞാലുകൾ എത്തുന്നതിനു മുൻപു ഉത്സവപ്പറമ്പുകളിലെ താരമായിരുന്നു ഇത്തരം ചക്രഊഞ്ഞാലുകൾ ഇപ്പോൾ മിക്കയിടത്തും ചരിത്രമായി.
ശാസ്താവങ്ങോട്ടുപുറത്ത് വർഷത്തിൽ ഒരു ദിവസമാണ് ഈ ചക്രഊഞ്ഞാൽ സ്ഥാപിക്കുന്നത്. ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവ ദിവസം. വയലിലൂടെ അമ്പലത്തിലേക്കുള്ള വഴിയുടെ നടക്കുതന്നെയാണ് ഊഞ്ഞാൽ വയ്ക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം സൗജന്യമായി ആടാം. കറക്കിവിടാൻ ആളു വേണമെന്നുമാത്രം. ഉത്സവദിവസം ഈ ഊഞ്ഞാലിൽ കുടയിലുറഞ്ഞെത്തുന്ന ഭഗവതിയും ആടുമെന്നാണു വിശ്വാസം. കുട സമർപ്പിക്കാൻ അധികാരമുള്ള കുടുംബം ‘ഭഗവതിയുറയുന്ന’ കുടയുമായി അമ്പലത്തിലേക്കു തിരിക്കും. ഇടയ്ക്ക് ഒന്നു വിശ്രമിക്കാനെന്നപോലെ അൽപനേരം കുട ചക്രഊഞ്ഞാലിൽ ചാരിവയ്ക്കും. ഈ സമയത്തു കുട നിശ്ചലമാകും. അതു ഭഗവതി ഊഞ്ഞാലിൽ ആടുന്നതുകൊണ്ടാണെന്നാണു സങ്കൽപം.
ഈ ഊഞ്ഞാലിനു എത്ര വർഷത്തെ പഴക്കമുണ്ടെന്നു കൃത്യമായ കണക്കില്ല. താലപ്പൊലി ഉത്സവം ഉണ്ടായതുമുതൽ മരഊഞ്ഞാലുമുണ്ട്. ഇപ്പോഴത്തെ ഊഞ്ഞാലിനു 5 തലമുറയുടെയെങ്കിലും പഴക്കുമുണ്ടെന്നു ചെറുകാവിൽ കുടുംബം പറയുന്നു. പുരാതനകാലത്തു അമ്പലത്തിന്റെ സമീപത്തു കൊണ്ടുവന്നു താമസിപ്പിച്ച വിശ്വകർമ സമുദായത്തിലെ തച്ചൻമാരാണു ചെറുകാവിൽ ആശാരി കുടുംബം.
ചെറുകാവിൽ കറപ്പൻ ആശാരി (75) യാണ് ഇപ്പോഴത്തെ കാരണവർ. ഇദ്ദേഹത്തിന്റെ അനുജൻ രാധാകൃഷ്ണൻ, ഇവരുടെ മക്കളായ അജേഷ്, പ്രണവ്, അഖിൽ, അഭിജിത്ത്, അജിത്ത്, ശരത് എന്നിവരെല്ലാം 7 ദിവസം വ്രതമെടുത്തശേഷമാണു തറവാട്ടിൽ സൂക്ഷിപ്പുപുരയിൽ നിന്നു ഊഞ്ഞാൽ പുറത്തെടുക്കുന്നത്. കഴുകി വൃത്തിയാക്കി അറ്റകുറ്റപ്പണികൾ ആവശ്യമുണ്ടെങ്കിൽ അതും പൂർത്തിയാക്കി ഉത്സവത്തിനെത്തിക്കും. തൂണു കുഴിച്ചിട്ട് മരച്ചക്രവും ഇരിപ്പിടങ്ങളും ഘടിപ്പിച്ചു ഉറപ്പിച്ചു നിർത്തും. ഭഗവതിയുടെ എഴുന്നള്ളത്തും തിരിച്ചെഴുന്നള്ളത്തും കഴിഞ്ഞു അന്നു വൈകിട്ടു തന്നെ അഴിച്ചു ചെറുകാവിൽ തറവാട്ടിലേക്കു മാറ്റുകയും ചെയ്യും.