
അവനികയുടെ വീടിന് ഇനി കാവലില്ല, ടോമിയെയും പുലി കൊണ്ടുപോയി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ മൂന്നര വയസ്സുകാരി അവനികയുടെ ഓമനയായ മൂന്നാമത്തെ നായ ടോമിയെയും പുലി പിടിച്ചു. വീട്ടുമുറ്റത്തു കെട്ടിയിരുന്ന നായയെ ഇന്നലെ പുലർച്ചെയാണു പുലി കൊണ്ടുപോയത്.നായയെ പുലി കൊണ്ടുപോകുന്നതു നേരിൽ കണ്ട ഭയത്തിലാണ് അവനികയുടെ മാതാപിതാക്കളായ മലമ്പുഴ അകമലവാരം എലിവാൽ സ്വദേശി കെ.കൃഷ്ണനും ലതയും. നായയുടെ കരച്ചിൽ കേട്ട് ഉണർന്ന ഇരുവരും കണ്ടത്, നായയെ കഴുത്തിൽ കടിച്ചു പിടിച്ചു പായുന്ന പുലിയെയാണ്. പുലിയെ പേടിച്ച് വീടിനു ചുറ്റും റാന്തൽ വിളക്ക് കത്തിച്ചുവച്ചാണ് ഇവർ ഉറങ്ങുന്നത്.അവനികയ്ക്ക് അങ്കണവാടി അധ്യാപിക സമ്മാനിച്ച ജർമൻ ഷെപ്പേഡ് ഇനത്തിൽപെട്ട നായ റോക്കിയെ 14ന് അർധരാത്രി വീട്ടിനകത്തു കയറി പുലി പിടിച്ചുകൊണ്ടു പോയതു ‘മനോരമ’ റിപ്പോർട്ട് ചെയ്തിരുന്നു.
അന്നു നായയെ പിടിക്കാനുള്ള ശ്രമത്തിനിടെ കട്ടിലിൽ ഉറങ്ങിക്കിടന്ന അവനികയെ പുലി തട്ടിയിട്ടു. പുലിയുടെ ആക്രമണത്തിൽ നിന്നു തലനാരിഴയ്ക്കാണ് അവനിക രക്ഷപ്പെട്ടത്. സഹോദരങ്ങളായ പൗർണമി (5), അനിരുദ്ധ് (7) എന്നിവരും കട്ടിലിൽ ഉറങ്ങുന്നുണ്ടായിരുന്നു. ഈ വർഷം ഇതു നാലാമത്തെ തവണയാണു വീട്ടിൽ പുലിയെത്തുന്നത്. റോക്കിക്കും ടോമിക്കും പുറമേ മറ്റൊരു നായയെയും ഒരു തവണ കോഴിയെയും പിടിച്ചു.
മനോരമ വാർത്ത ശ്രദ്ധയിൽപെട്ട മന്ത്രി എ.കെ.ശശീന്ദ്രൻ പുലിയെ പിടിക്കാൻ കൂടു സ്ഥാപിക്കാൻ നിർദേശം നൽകിയെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥർ പാലിച്ചില്ല. കേടായ സൗരോർജവേലിയും നന്നാക്കിയില്ല. ചോർന്നൊലിക്കുന്ന ഒറ്റമുറി വീട്ടിലാണു കൃഷ്ണനും കുടുംബവും കഴിയുന്നത്. പുലി തകർത്ത വാതിൽ നാട്ടുകാരുടെ സഹായത്തോടെ കഴിഞ്ഞ ദിവസം ശരിയാക്കി. കൂടു വയ്ക്കാൻ ഇനി പുലി ഞങ്ങളെക്കൂടി പിടിക്കണോ എന്നു വേദനയോടെ ചോദിക്കുന്നു കൃഷ്ണൻ.