
വിലങ്ങാട് ഉരുൾപൊട്ടൽ: വീടൊഴിയേണ്ടി വന്ന കുടുംബത്തിന് കിട്ടിയത് മൂന്ന് മാസത്തെ വാടക മാത്രം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വിലങ്ങാട്∙ കഴിഞ്ഞ ജൂലൈയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് വീട് ഉപേക്ഷിച്ച് വാടകവീട്ടിലേക്കു മാറിയ കുടുംബത്തിന് ഇതു വരെ സർക്കാരിൽ നിന്നു ലഭിച്ചത് 3 മാസത്തെ വീട്ടു വാടക മാത്രം. മഞ്ഞച്ചീളിക്കു സമീപത്തെ നെല്ലിക്കുന്നുമ്മൽ ശ്രീധരനും ഭാര്യ ലീലയ്ക്കുമാണ് 6 മാസത്തെ വീട്ടുവാടക കുടിശികയായത്. ഇവരുടെ ദുരിതം കണ്ടതിനാൽ വീട്ടുടമ ഇവരോട് വാടക ചോദിക്കുന്നില്ലെന്നതാണ് ആശ്വാസം.
ശ്രീധരനും ഭാര്യയും നിത്യരോഗികളാണ്. ഉരുൾപൊട്ടൽ ഇവരെ നേരിട്ടു ബാധിച്ചില്ലെങ്കിലും ഉരുൾപൊട്ടലിനെ തുടർന്ന് വീടൊഴിയേണ്ടി വന്നു. ദുരിതാശ്വാസ ക്യാംപിൽ കഴിഞ്ഞവർക്കുള്ള സഹായമെന്ന നിലയിൽ മഞ്ഞക്കുന്ന് പള്ളിയിൽ നിന്ന് 15,000 രൂപ നൽകിയതല്ലാതെ മറ്റൊന്നും ഈ കുടുംബത്തിനു കിട്ടിയില്ല. സർക്കാരിന്റെ ദുരിതബാധിതരുടെ പട്ടികയിലൊന്നും പേരില്ല.
ഒരു പട്ടികയിലും പെടാത്ത എഴുപതോളം വീട്ടുകാർ ദുരിതബാധിതരായി വിലങ്ങാട്ട് പലയിടങ്ങളിലുമുണ്ടെന്ന് ആശ്വാസ പ്രവർത്തനങ്ങൾക്കായി ഓടി നടക്കുന്ന വ്യാപാരി നേതാവ് ഷെബി സെബാസ്റ്റ്യൻ പറഞ്ഞു. ഉരുൾപൊട്ടലിനെ തുടർന്ന് വീടൊഴിഞ്ഞ ചിലർ മഴ മാറിയതോടെ തിരിച്ചെത്തിയെങ്കിലും വീണ്ടും മഴ ശക്തമാകുന്നതോടെ വീടൊഴിയേണ്ടി വരും.