
നായ്പ്പേടിയിൽ നന്ദിയോട്; പൊതു ഇടങ്ങൾ കീഴടക്കി തെരുവുനായ്ക്കൾ
നന്ദിയോട് ∙ ജനത്തിനു കടുത്ത ഭീഷണി ഉയർത്തി നന്ദിയോട് പഞ്ചായത്തിന്റെ പൊതു ഇടങ്ങൾ കീഴടക്കി തെരുവുനായ്ക്കൾ. നന്ദിയോട് ജംക്ഷൻ പഞ്ചായത്ത് ഓഫിസ് പരിസരം, സ്റ്റേഡിയം, മാർക്കറ്റ്, കൃഷിഭവൻ പരിസരം, നന്ദിയോട് കള്ളിപ്പാറ റോഡ്, സത്രക്കുഴി, പാലുവള്ളി, ഓട്ടുപാലം, പച്ച ക്ഷേത്രം പരിസരം, എസ്കെവി സ്കൂൾ, പച്ച എൽപിഎസ്, പേരക്കുഴി എൽപിഎസ്, ഡിബിഎസ്പിഎസ് എന്നീ സ്കൂളുകളുടെ പരിസരങ്ങൾ, പാലോട് ആശുപത്രി പരിസരം, കുറുന്താളി തുടങ്ങി മിക്ക മേഖലകളും തെരുവു നായ്ക്കളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കുട്ടികളടക്കം നാട്ടുകാർക്ക് നായ്ക്കളുടെ കടിയേൽക്കുന്ന സംഭവങ്ങൾ പതിവാകുകയാണ്.
പാലോട് സർക്കാർ ആശുപത്രിക്കുള്ളിൽ വച്ച് രോഗികളെയും സന്ദർശകരെയും നായ കടിക്കുകയുണ്ടായി. കഴിഞ്ഞ ദിവസം നന്ദിയോട് ഭാഗത്ത് ഏഴു പേരെയാണ് നായ കടിച്ചത്.
പച്ച, കുറുന്താളി എന്നിവിടങ്ങളിലും ഒട്ടേറെ പേരെ തെരുവുനായ ആക്രമിച്ചിട്ടുണ്ട്.ഇവ വളർത്തു മൃഗങ്ങൾക്കും ഭീഷണിയാണ്. രാത്രികാലങ്ങളിൽ നായ്ക്കളെ കൊണ്ടു തള്ളുന്നതാണ് ഈ മേഖലയിൽ നായ്ക്കൾ പെരുകാൻ കാരണമെന്ന് പറയുന്നു.
രാവിലെ നടക്കാൻ ഇറങ്ങുന്നവർക്കും സ്റ്റേഡിയത്തിൽ പരിശീലനത്തിനു വരുന്നവർക്കും ഇവ ഭീഷണിയാവുകയാണ്. അടിയന്തരമായി നായ്ക്കളെ പിടികൂടാനോ അലഞ്ഞു നടക്കുന്ന മുഴുവൻ നായ്ക്കൾക്കും വാക്സിൻ നൽകാനോ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]