
മൈക്രോസോഫ്റ്റിന്റെ നായകന് സദ്യ നാദെല്ല (Satya Nadella), ഗൂഗിളിന്റെ സുന്ദർ പിച്ചൈ (Sundar Pichai)… അങ്ങനെ യുഎസ് ആസ്ഥാനമായ രാജ്യാന്തര ടെക് കമ്പനികളുടെ താക്കോൽസ്ഥാനങ്ങൾ കൈകാര്യം ചെയ്യുന്ന ഇന്ത്യക്കാർ നിരവധി. ഇപ്പോഴിതാ, അവർക്കിടയിലെ പുതിയൊരു താരം കൂടി ചർച്ചകളിൽ നിറയുന്നു. സാക്ഷാൽ ഇലോൺ മസ്ക് നയിക്കുന്ന ഇലക്ട്രിക് വാഹനക്കമ്പനിയായ ടെസ്ലയുടെ (Tesla) ചീഫ് ഫിനാൻഷ്യൽ ഓഫീസർ (CFO) വൈഭവ് തനേജ (Vaibhav Taneja) എന്ന 47കാരൻ.
നാദെല്ലയേക്കാളും പിച്ചൈയേക്കാളും ശമ്പളം വാങ്ങിയാണ് വൈഭവ് തനേജ ശ്രദ്ധനേടുന്നത്. 139 മില്യൻ ഡോളറാണ് 2024ൽ വൈഭവ് നേടിയ ആകെ വേതനം. ഏകദേശം 1,200 കോടി രൂപ. പിച്ചൈ നേടിയത് 10.73 മില്യൻ (91 കോടി രൂപ) മാത്രം. നാദേല്ലയുടേത് 79.1 മില്യനും (676 കോടി രൂപ). 4 ലക്ഷം ഡോളറായിരുന്നു (3.3 കോടി രൂപ) തനേജയുടെ അടിസ്ഥാന ശമ്പളം. ഇതിനു പുറമേ ടെസ്ലയുടെ ഓഹരികളായും മികച്ച പ്രവർത്തനത്തിന് ഓഹരികളായി ലഭിക്കുന്ന ആനുകൂല്യമായുമാണ് (Performance Incentives) ബാക്കി വേതനം. അദ്ദേഹത്തിന് ഇന്സെന്റീവായി ടെസ്ല ഓഹരികൾ ലഭിക്കുമ്പോൾ ഒന്നിനു വില 250 ഡോളർ (ഏകദേശം 21,200 രൂപ) ആയിരുന്നു. നിലവിൽ വില 334 ഡോളർ (28,500 രൂപ).
മസ്കിന്റെ ബെസ്റ്റ് ചോയ്സ്
ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് 1999ൽ കൊമേഴ്സ് ബിരുദവും 2000ൽ സിഎയും (ചാർട്ടേഡ് അക്കൗണ്ടന്റ്) നേടിയശേഷം അദ്ദേഹം രാജ്യാന്തര കൺസൽട്ടൻസി സ്ഥാപനമായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിൽ (PwC) ഒന്നര പതിറ്റാണ്ടിലേറെ പ്രവർത്തിച്ചു. തുടർന്ന് സോളർ എനർജി കമ്പനിയായ സോളർസിറ്റി കോർപ്പറേഷനിൽ ചേർന്നു. ഈ കമ്പനിയെ 2016ൽ ഇലോൺ മസ്ക് വാങ്ങി.
തുടർന്ന് 2017-18 കാലയളവിൽ അദ്ദേഹം ടെസ്ലയിൽ അസിസ്റ്റന്റ് കോർപ്പറേറ്റ് കൺട്രോളർ തസ്തികയിൽ പ്രവേശിച്ചു. ടെസ്ലയിൽ അതിവേഗമായിരുന്നു അദ്ദേഹത്തിന്റെ വളർച്ച. 2018 മേയിൽ കോർപ്പറേറ്റ് കൺട്രോളറും 2019 മാർച്ചിൽ ചീഫ് അക്കൗണ്ടിങ് ഓഫിസറുമായി. 2023ൽ സിഎഫ്ഒ സാക് കേർഖോൻ രാജിവച്ചപ്പോൾ പകരക്കാരനായി മസ്കിന്റെ ആദ്യ ചോയിസ് തന്നെ തനേജയായിരുന്നു. 2023 ഓഗസ്റ്റിൽ തനേജ സിഎഫ്ഒയായി. ഇതിനിടെ 2021 ഓഗസ്റ്റിൽ അദ്ദേഹത്തെ ടെസ്ലയുടെ ഇന്ത്യയിലെ ഉപകമ്പനിയായ ടെസ്ല ഇന്ത്യ മോട്ടോഴ്സിന്റെ ഡയറക്ടറായും നിയമിച്ചിരുന്നു.
കഴിഞ്ഞ പതിറ്റാണ്ടിനിടെ സിഎഫ്ഒ പദവിയിൽ ഒരാൾ നേടുന്ന ഏറ്റവും ഉയർന്ന വേതനവുമാണ് തനേജയുടേത്. അതേസമയം, ടെസ്ലയുടെ സിഎഫ്ഒ പദവി വഹിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനല്ല തനേജ. 2017-19 കാലയളവിൽ ദീപക് അഹൂജ സിഎഫ്ഒയായിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
English Summary:
Vaibhav Taneja: Earns More Than Sundar Pichai and Satya Nadella
2o975vuqohs06r9ucnbruda9mv mo-auto-tesla mo-news-world-leadersndpersonalities-sundarpichai mo-news-national-personalities-satyanadella mo-business-business-news 7q27nanmp7mo3bduka3suu4a45-list 1uemq3i66k2uvc4appn4gpuaa8-list