
‘സിസ തോമസിനു വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാത്തതിനു കാരണം പറയൂ, എന്താണ് പറയാൻ ബുദ്ധിമുട്ട്?’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ ഡിജിറ്റൽ സർവകലാശാല താൽക്കാലിക വൈസ് ചാൻസലർ ഡോ. സിസ തോമസിന്റെ വിരമിക്കൽ ആനുകൂല്യങ്ങൾ തടഞ്ഞുവച്ച സംഭവത്തിൽ തുടര്ച്ചയായ രണ്ടാം ദിവസവും വിമർശനവുമായി ഹൈക്കോടതി. ഗ്രാറ്റുവിറ്റിയും മറ്റു വിരമിക്കൽ ആനുകൂല്യങ്ങളും തടഞ്ഞുവച്ചതിന്റെ കാരണം അറിയിക്കാൻ ു ഹൈക്കോടതി നിർദേശം നൽകി. ഇത്തരം പ്രവർത്തികളൊക്കെ അവസാനിപ്പിക്കേണ്ട സമയമായെന്നും ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ജോൺസൺ ജോൺ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. കേസ് വീണ്ടും പരിഗണിക്കുന്ന ചൊവ്വാഴ്ചയ്ക്കു മുൻപു മറുപടി നൽകണമെന്നും നിർദേശിച്ചു. വിരമിക്കൽ ആനുകൂല്യങ്ങൾ തടഞ്ഞു വച്ചതിനെതിരെ ഡോ. സിസ തോമസാണ് കോടതിയെ സമീപിച്ചത്.
ഇന്നലെ കേസ് പരിഗണിച്ചപ്പോഴും സർക്കാരിനെതിരെ കോടതി വിമർശനം ഉന്നയിച്ചിരുന്നു. എന്താണ് ഡോ. സിസ തോമസിനോട് സർക്കാരിന് ഇത്ര വിരോധമെന്നായിരുന്നു കോടതിയുടെ ചോദ്യം. ട്രൈബ്യൂണലുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ അവിടെ നിൽക്കട്ടെ, ഗ്രാറ്റുവിറ്റിയും മറ്റ് വിരമിക്കൽ ആനുകൂല്യങ്ങളും നൽകാത്തതിനു കാരണം പറയൂ, എന്നാണ് ഇന്ന് കേസ് പരിഗണിച്ചപ്പോൾ കോടതി ചോദിച്ചത്. സർക്കാർ മറ്റു കാര്യങ്ങളിലേക്ക് കടന്നപ്പോഴും എന്തുകൊണ്ടാണ് കാരണം പറയാൻ ബുദ്ധിമുട്ട് എന്നാണ് കോടതി ചോദിച്ചത്.
2023 മാർച്ച് 31നാണ് 33 വർഷത്തെ സേവനത്തിനുശേഷം സിസ തോമസ് വിരമിച്ചത്. എന്നാൽ അച്ചടക്ക നടപടിയുടെ പേരിൽ പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ സർക്കാർ തടഞ്ഞു വയ്ക്കുകയായിരുന്നു. അവർ വിരമിച്ചിട്ട് 2 വർഷം കഴിഞ്ഞെന്ന് കോടതി ചൂണ്ടിക്കാട്ടി. അവർ നൽകിയ പരാതി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ പരിഗണിച്ചിരുന്നു. എന്നാൽ തങ്ങൾക്ക് അറിയേണ്ടത് എന്തുകൊണ്ടാണ് ഡോ. സിസ തോമസിന് ഗ്രാറ്റുവിറ്റി അടക്കമുള്ള ആനകൂല്യങ്ങൾ നൽകാത്തത് എന്നാണെന്ന് കോടതി പറഞ്ഞു. വാക്കാലെങ്കിലും ഇക്കാര്യം അറിയിച്ചു കൂടെ? ഇത്തരം പ്രവർത്തികൾ അവസാനിപ്പിക്കേണ്ട സമയം എന്നേ കഴിഞ്ഞു. അഭിപ്രായവ്യത്യാങ്ങളൊക്കെ നിൽനിൽക്കുമ്പോഴും സർക്കാരിനെ ഇത്ര കാലവും സേവിച്ച ഒരു ഉദ്യോഗസ്ഥയല്ലേ അവർ? അവർ എങ്ങനെയാണ് കഴിയുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു.