
ഡാമുകള്‍ക്ക് സമീപത്തെ ക്വാറികള്‍ക്ക് എൻഒസിക്ക് നിബന്ധന: ഉത്തരവ് പിൻവലിച്ചേക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ സംസ്ഥാനത്തെ ഡാമുകള്‍ക്കു സമീപത്തുള്ള ജലവിഭവ വകുപ്പിന്റെ നിരാക്ഷേപ പത്രം (എൻഒസി) നല്കുന്നതിനു നിബന്ധനകള്‍ ഏര്‍പ്പെടുത്തിയ ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചന. നിബന്ധനകള്‍ ഏര്‍പ്പെടുത്തിക്കൊണ്ടു പുറപ്പെടുവിച്ച നിലവിലെ ഉത്തരവു സംബന്ധിച്ചു പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകുന്നത്. ഡാമുകള്‍ക്കു ചുറ്റും 20 മീറ്റര്‍ ബഫര്‍ സോണ്‍ ഏര്‍പ്പെടുത്തിയ ഉത്തരവ് റദ്ദാക്കിയിരുന്നു.
സംസ്ഥാനത്ത് ക്വാറികള്‍ക്ക് 2003ലെ കേരള വാട്ടര്‍ കണ്‍സര്‍വേഷന്‍ നിയമപ്രകാരമുള്ള ജലസേചനവകുപ്പിന്റെ എന്‍ഒസി നല്കുന്നതു സംബന്ധിച്ച നിബന്ധനകള്‍ തീരുമാനിച്ചു പുറത്തിറക്കിയ 2021 ജനുവരി 20ലെ ഉത്തരവാണ് പരാതിക്കിടയാക്കിയത്. 2021ലെ ഡാം സുരക്ഷാ നിയമത്തിന്റെ പരിധിയില്‍ വരുന്ന അണക്കെട്ടുകള്‍, ബാരേജുകള്‍, ടണലുകള്‍, റെഗുലേറ്റര്‍ എന്നിവയ്ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ ഏര്‍പ്പെടുത്തി ഖനനപ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്. ചെക്ക് ഡാമുകള്‍ക്ക് 300 മീറ്റര്‍ ചുറ്റളവിലായിരുന്നു ബഫര്‍ സോണ്‍ ഏര്‍പ്പെടുത്തിയിരുന്നത്. ചെറിയ ഇറിഗേഷന്‍ പ്രവൃത്തികള്‍ക്കു ബഫര്‍ സോണായി നിശ്ചയിച്ചത് 200 മീറ്റര്‍ ആണ്.
നദികള്‍, പുഴകള്‍, അരുവികള്‍ എന്നിവയ്ക്ക് 200 മീറ്റര്‍ ചുറ്റളവിലാണ് ഖനനത്തിനു നിരോധനം ഉണ്ടായിരുന്നത്. 2003ലെ വാട്ടര്‍ കണ്‍സര്‍വേഷന്‍ നിയമപ്രകാരം ജില്ലാ കലക്ടറും ജലവിഭവ വകുപ്പ് ഓഫിസറും നിര്‍മാണപ്രവര്‍ത്തനങ്ങളുടെ അതിര്‍ത്തി നിശ്ചയിച്ച് ബഫര്‍ സോണ്‍ തീരുമാനിക്കണമെന്നാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്. ഇതു പരിഗണിച്ചു മാത്രമേ എന്‍ഒസി നല്‍കാവൂ എന്നും നിര്‍ദേശിച്ചിരുന്നു. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ക്കാണ് എന്‍ഒസി നല്‍കാനുള്ള അധികാരം നല്‍കിയിരുന്നത്.
ജലവിഭവവകുപ്പ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നിര്‍മാണമേഖലയില്‍ കടുത്ത പ്രതിസന്ധിക്കിടയാക്കുമെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതു പരിഗണിച്ചാണ് ഉത്തരവ് പിന്‍വലിക്കുന്നതിനെക്കുറിച്ച് വകുപ്പ് ആലോചിക്കുന്നത്.