
താമരശ്ശേരി ചുരത്തിൽ അപകടകരമായ അറുപതോളം മരങ്ങൾ; റിപ്പോർട്ട് നൽകിയിട്ട് ഒരുമാസം, നടപടി വൈകുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
താമരശ്ശേരി∙ മരങ്ങൾ കടപുഴകിയും കൊമ്പുകൾ പൊട്ടി വീണും ചുരത്തിൽ ഗതാഗത തടസ്സം പതിവ്. അപകടകരമായ മരങ്ങൾ മുറിച്ച് നീക്കുന്നതിനു നടപടി വൈകുന്നു. ചൊവ്വാഴ്ച പകൽ എട്ടാം വളവിന് സമീപം ഉണങ്ങിയ മരക്കൊമ്പുകൾ പൊട്ടി കാറിന്റെ മുൻ ഭാഗത്തു വീണു. ഒൻപതാം വളവിനു സമീപം കൊമ്പുകൾ ഉണങ്ങി വീഴാൻ പാകത്തിലുള്ള മരം യാത്രക്കാരും സന്നദ്ധ പ്രവർത്തകരും വനം വകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് മുറിച്ച് മാറ്റി. ഉണങ്ങിയും ചെരിഞ്ഞും വേരുകൾ അറ്റും യാത്രക്കാർക്ക് ഭീഷണിയായ അറുപതോളം മരങ്ങൾ മുറിച്ച് മാറ്റുന്നതിനു വേണ്ടിയുള്ള റിപ്പോർട്ട് കഴിഞ്ഞ മാസം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയാറാക്കി നൽകിയതാണെങ്കിലും ഇതിന്റെ വില നിർണയം ഇനിയും നടത്തിയിട്ടില്ല. വില നിർണയിച്ച് ടെൻഡർ നടപടിയിലൂടെയാണ് ഇത്തരം മരങ്ങൾ മുറിച്ചു നീക്കുന്നത്.
ചുരത്തിൽ മരങ്ങൾ കടപുഴകിയും പാറക്കെട്ടുകൾ അടർന്ന് വീണും മറ്റും ഗതാഗത തടസ്സം പതിവായിട്ടും മുൻകരുതൽ നടപടിയില്ല. പലപ്പോഴും മരങ്ങൾ കടപുഴകി വീഴുമ്പോൾ മരത്തിനോപ്പം ചുറ്റുമുള്ള മണ്ണും കല്ലും ഇടിഞ്ഞ് റോഡിലേക്ക് പതിക്കാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ മണിക്കൂറുകൾ നീളുന്ന ഗതാഗത കുരുക്കാണ് അനുഭവപ്പെടാറുള്ളത്. മലയിൽനിന്ന് ഉരുണ്ട് വന്ന പാറക്കല്ല് തട്ടി ഒരു ബൈക്ക് യാത്രക്കാരൻ മരിച്ചത് അടുത്ത കാലത്താണ്. ഈ സാഹചര്യത്തിൽ കാലവർഷം തുടങ്ങും മുൻപ് തന്നെ അപകടകരമായ രീതിയിലുള്ള മരങ്ങളും പാറക്കല്ലുകളും മറ്റും മുറിച്ച് മാറ്റി യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടതുണ്ട്. വനം വകുപ്പാണ് നടപടി സ്വീകരിക്കേണ്ടത്.