
ഒല്ലൂർ ജംക്ഷൻ വികസനം; ഏറ്റെടുക്കേണ്ടത് 2.30 ഏക്കർ, നഷ്ടപരിഹാരം ന്യായവിലയുടെ ഇരട്ടി: പക്ഷേ പലർക്കും ആശങ്ക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഒല്ലൂർ ∙ ജംക്ഷൻ വികസനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കായി നടത്തിയ പബ്ലിക് ഹിയറിങ്ങിൽ ഉപജീവനമാർഗം നഷ്ടമാകുന്നതിന്റെ ആശങ്കകളും മറ്റു പ്രശ്നങ്ങളും പങ്കുവച്ച് ഭൂവുടമകളും വ്യാപാരികളും. ജംക്ഷനിലെ വ്യാപാരികൾ, സമീപ ഭൂവുടമകൾ, താമസക്കാർ തുടങ്ങിയവരാണ് പൊതുമരാമത്ത്–റവന്യു ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർക്കു മുന്നിൽ ആശങ്കകളും ആവശ്യങ്ങളുമറിയിച്ചത്.
കളമശേരി രാജഗിരി ഔട്റീച്ച് സൊസൈറ്റി നടത്തിയ സാമൂഹിക പ്രത്യാഘാത വിലയിരുത്തലിന്റെ കരട് റിപ്പോർട്ട് ഹിയറിങ്ങിൽ അവതരിപ്പിച്ചു. പദ്ധതി വിവരണം, പ്രത്യാഘാതം, അവ ലഘൂകരിക്കേണ്ട നടപടികൾ, മറ്റു നിർദേശങ്ങൾ–ശുപാർശ എന്നിവ അടങ്ങുന്നതായിരുന്നു റിപ്പോർട്ട്. തുടർന്ന് സ്ഥലവും കടകളും നഷ്ടമാകുന്നവരുടെ അഭിപ്രായങ്ങൾ കേട്ടു. ശേഷം എല്ലാ അഭിപ്രായങ്ങളും ക്രോഡീകരിച്ച് അന്തിമ റിപ്പോർട്ട് തയാറാക്കി ജില്ലാ ഭരണകൂടത്തിനു സമർപ്പിക്കാൻ ഹിയറിങ്ങിൽ തീരുമാനിച്ചു. തുടർന്ന് വിദഗ്ധ സമിതിയാകും സ്ഥലമേറ്റെടുക്കൽ സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക.
ജംക്ഷൻ വികസനത്തിന് എതിരല്ലെന്നും എന്നാൽ ഉപജീവനമാർഗം നഷ്ടമാകുന്നതിലും ന്യായമായ നഷ്ടപരിഹാരം കൃത്യമായി ലഭിക്കുമോ എന്നതു സംബന്ധിച്ചുമായിരുന്നു മിക്കവരുടെയും ആശങ്ക. നാറ്റ്പാക് തയാറാക്കിയ ഡിസൈനിൽ അപകാതകളുണ്ടെന്നും ചിലർ ആരോപിച്ചു. ഒല്ലൂർ പൊലീസ് സ്റ്റേഷൻ റോഡ്, എടക്കുന്നി റെയിൽവേ സ്റ്റേഷൻ റോഡ് എന്നിവയുടെ വികസനത്തെ എതിർക്കുമെന്നായിരുന്നു സ്ഥലം നഷ്ടപ്പെടുന്ന ഭൂവുടമകളുടെ പ്രതികരണം. പ്രധാന റോഡിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കിയാൽ ഒല്ലൂരിലെ ഗതാഗതക്കുരുക്ക് കുറയുമെന്ന അഭിപ്രായവും ഉയർന്നു. ജംക്ഷൻ വികസനത്തിനായി ഏകദേശം 2.30 ഏക്കറാണ് ഏറ്റെടുക്കേണ്ടത്.
ഭൂമി നഷ്ടമാകുന്നവർക്കു ന്യായവിലയുടെ ഇരട്ടിയിലധികം നഷ്ടപരിഹാരമായി ലഭിക്കുമെന്നു അധികൃതർ ഹിയറിങ്ങിൽ വ്യക്തമാക്കിയെങ്കിലും പലരും ഉൾക്കൊള്ളാൻ തയാറായില്ല. ഇതിനകം ഭൂമിയുടെ അളവെടുപ്പും താൽക്കാലിക കല്ലിടലും പൂർത്തിയാകുകയും 55.17 കോടി രൂപ കിഫ്ബിയിൽ നിന്ന് സർക്കാർ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ജംക്ഷനിൽ സംഗമിക്കുന്ന 5 റോഡുകൾ ഉൾപ്പെടുത്തിയാണ് വികസനം. കേരള റോഡ് ഫണ്ട് ബോർഡിനാണ് പദ്ധതിയുടെ നിർമാണച്ചുമതല. കൗൺസിലർമാരായ സി.പി. പോളി, കരോളി ജെറീഷ്, കേരള റോഡ് ഡിവിഷൻ അസി.എക്സിക്യൂട്ടീവ് എൻജിനീയർ പി.സജിത്ത്, രാജഗിരി ഔട്റീച്ച് എക്സിക്യൂട്ടീവ് ഓഫിസർ ബീന കുരുവിള. സ്പെഷൽ തഹസിൽദാർ പി.ജി. ബിന്ദു എന്നിവർ പങ്കെടുത്തു.
5 റോഡുകളിലൂടെ വികസനം
പദ്ധതിയുടെ ഭാഗമായി ഒല്ലൂർ ജംക്ഷനിൽ നിന്ന് അഞ്ചിടങ്ങളിലേക്കുള്ള റോഡുകളാണ് വികസിപ്പിക്കുന്നത്. തൃശൂർ റോഡ്, തലോർ റോഡ്, നടത്തറ റോഡ് എന്നിവ 21 മീറ്റർ വീതിയിലും ചേർപ്പ് റോഡ് 18 മീറ്റർ വീതിയിലും എടക്കുന്നി ക്ഷേത്രം റോഡ് 12 മീറ്റർ വീതിയിലും വികസിപ്പിക്കാൻ ലക്ഷ്യമിടുന്നു. ഇതോടൊപ്പം 3 ബസ് വേ കൂടി നിർമിക്കും. ഇതിനുള്ള സ്ഥലവും ഏറ്റെടുക്കും. തൃശൂർ നഗരത്തിൽ നിന്ന് ദേശീയപാത 544–ലേക്കുള്ള പാതയിൽ പ്രധാന ജംക്ഷനാണ് ഒല്ലൂർ.
തൃശൂരിലേക്കുള്ള പ്രധാന പാതയായതിനാൽ ബസ് സർവീസുകൾ അടക്കം ഒട്ടേറെ വാഹനങ്ങൾ ജംക്ഷനിലൂടെ കടന്നു പോകുന്നുണ്ട്. ഇതോടൊപ്പം പ്രധാന തീർഥാടന സ്ഥലവും വാണിജ്യ കേന്ദ്രം കൂടിയാണ് ഒല്ലൂർ. എന്നാൽ ചെറിയ റോഡ് കാരണം ഗതാഗതക്കുരുക്ക് ജംക്ഷനിൽ പതിവാണ്.