
ആഭരണ (gold) പ്രിയർക്കിടയിൽ ആശങ്കയുടെ പെരുമഴ പെയ്ത്തുമായി സ്വർണവില (gold rate) വീണ്ടും അനുദിനം കുതിക്കുന്നു. കേരളത്തിൽ (Kerala gold price) ഗ്രാമിന് ഇന്ന് (Today’s gold rate) 45 രൂപ വർധിച്ച് 8,975 രൂപയും പവന് 360 രൂപ ഉയർന്ന് 71,800 രൂപയുമായി. കഴിഞ്ഞ 5 ദിവസത്തിനിടെ പവന് 2,920 രൂപയും ഗ്രാമിന് 365 രൂപയുമാണ് കൂടിയത്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ചാർജും കൂടിച്ചേരുമ്പോൾ വില വർധനയുടെ ഭാരം ഇതിലുമധികം. വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്കായി വലിയ അളവിൽ സ്വർണാഭരണം വാങ്ങാൻ ശ്രമിക്കുന്നവർക്കാണ് ഇതു വൻ തിരിച്ചടിയാകുന്നത്.
സംസ്ഥാനത്ത് 18 കാരറ്റ് സ്വർണം (18 carat gold), വെള്ളി (Silver) വിലകളും മുന്നേറുന്നുണ്ട്. ചില കടകളിൽ 18 കാരറ്റ് സ്വർണത്തിന് വില ഇന്ന് ഗ്രാമിന് 35 രൂപ വർധിച്ച് 7,395 രൂപയായപ്പോൾ മറ്റു ചില കടകളിൽ 35 രൂപ തന്നെ വർധിച്ചെങ്കിലും വില 7,355 രൂപയാണ്. വ്യാപാരി അസോസിയേഷനുകൾക്കിടയിൽ സ്വർണവില നിർണയത്തിലെ അഭിപ്രായഭിന്നതയാണ് വില വ്യത്യാസത്തിനു കാരണം. വെള്ളിക്കും പലവിലയാണുള്ളത്. ചില കടകളിൽ ഗ്രാമിന് ഒരു രൂപ വർധിച്ച് 111 രൂപ. മറ്റു ചില ജ്വല്ലറികൾ ഈടാക്കുന്നത് ഗ്രാമിന് ഒരു രൂപ ഉയർത്തി 110 രൂപ.
വീണ്ടും സ്വർണവിലയുടെ തേരോട്ടം
രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണവിലയുടെ കുതിച്ചോട്ടം. ഇന്നലെ ഔൺസിന് 3,308 ഡോളറിലായിരുന്ന വില ഇന്നൊരുഘട്ടത്തിൽ 3,344 ഡോളർ വരെ ഉയർന്നു. നിലവിൽ വ്യാപാരം 3,335 ഡോളറിൽ. ഇതേസമയം, ഇന്ന് രാവിലെ സ്വർണവില നിർണയിക്കുമ്പോൾ ഡോളറിനെതിരെ ഇന്ത്യൻ രൂപയുള്ളത് 5 പൈസ ഉയർന്ന് 85.59ൽ.
രാജ്യാന്തരവില 3,344ൽ നിന്ന് 3,335ലേക്ക് താഴ്ന്നതും രൂപയുടെ നേട്ടവും കേരളത്തിൽ സ്വർണവില വർധനയുടെ ആക്കം കുറച്ചിട്ടുണ്ട്. അല്ലെങ്കിൽ ഇന്ന് വില ഇതിലുമധികം കൂടുമായിരുന്നു. ഇന്നലെ ഗ്രാമിന് ഒറ്റയടിക്ക് 220 രൂപയും പവന് 1,760 രൂപയും കൂടിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചത്തെ മികച്ച നിലവാരത്തിലാണ് രാജ്യാന്തര വിലയുള്ളത്.
യുഎസ് ഗവൺമെന്റിന്റെ കുതിച്ചുയരുന്ന കടബാധ്യത, യുഎസിന്റെ ക്രെഡിറ്റ് റേറ്റിങ് വെട്ടിക്കുറച്ച മൂഡീസിന്റെ നടപടി (), യുഎസ് ഡോളർ ഇൻഡക്സിന്റെ വീഴ്ച, ആഗോളതലത്തിൽ അടിസ്ഥാന പലിശനിരക്ക് കുറയുന്ന ട്രെൻഡ്, വീണ്ടും യുദ്ധക്കളമാകുന്ന പശ്ചിമേഷ്യ എന്നീ ഘടകങ്ങൾ സ്വർണത്തിന് ‘സുരക്ഷിത നിക്ഷേപം’ (safe-haven demand) എന്ന പെരുമ സമ്മാനിക്കുകയാണ്. നിക്ഷേപകർ ഡോളർ, ഓഹരി, കടപ്പത്രം എന്നിവയിൽ നിന്ന് പിൻവലിഞ്ഞ് നിക്ഷേപം ഗോൾഡ് ഇടിഎഫിലേക്കും മറ്റും മാറ്റി സുരക്ഷിതമാക്കുന്നു. ഇതാണ് വില കൂടാൻ കാരണം.
ഡോളർ ക്ഷീണിച്ചതോടെ ഇന്ത്യ പോലുള്ള രാജ്യങ്ങൾക്ക് സ്വർണം വലിയ സാമ്പത്തികചെലവില്ലാതെ വാങ്ങാനാകും. പുറമെ, ഗോൾഡ് ഇടിഎഫും മറ്റും ആകർഷകവുമായി. ഇതോടെ സ്വർണഡിമാൻഡ് കൂടി. യുഎസ്-ചൈന താരിഫ് തർക്കം ശമിക്കുകയാണെങ്കിലും യുഎസിന്റെ സാമ്പത്തിക മേഖലയുടെ തളർച്ചയെ തടയാൻ അതിനാവില്ലെന്ന വിലയിരുത്തലുകളും ശക്തം. ഇതെല്ലാം സ്വർണവിലയുടെ കുതിപ്പിന് വളമാകുന്നു.
ഇനി വില എങ്ങോട്ട്?
നിലവില താരിഫ് പ്രതിസന്ധികൾ, അതു സൃഷ്ടിച്ചേക്കാവുന്ന പണപ്പെരുപ്പം, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ എന്നിവ സ്വർണവിലയെ ഒരുവർഷത്തിനകം ഔൺസിന് 3,800 ഡോളറിലെത്തിച്ചേക്കുമെന്ന് യുഎസ് ധനകാര്യ, നിക്ഷേപ സ്ഥാപനമായ ജെപി മോർഗൻ (JP Morgan) അഭിപ്രായപ്പെട്ടു.
ലോകത്തെ പ്രമുഖ കേന്ദ്രബാങ്കുകളെല്ലാം ഈ സാമ്പത്തിക അസ്ഥിരതയുടെ പശ്ചാത്തലത്തിൽ വിദേശ നാണയ ശേഖരത്തിലേക്ക് കറൻസികളേക്കാൾ (പ്രത്യേകിച്ച് ഡോളറിനേക്കാൾ) കൂടുതലായി സ്വർണമാണ് വൻതോതിൽ കൂട്ടിച്ചേർക്കുക. ഈ സ്ഥിതി തുടർന്നാൽ 2026ന്റെ രണ്ടാംപാദത്തോടെ വില 4,000 ഡോളർ ഭേദിക്കാം. രാജ്യാന്തര വിലയിലെ ഈ കുതിപ്പും ഡോളറിനെതിരെ രൂപയുടെ മൂല്യവും പരിഗണിക്കുമ്പോൾ കേരളത്തിൽ പവൻവില നികുതിയും പണിക്കൂലിയും കൂടാതെ തന്നെ 85,000 രൂപയും കടന്നേക്കാം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: