
എടത്വ ജംക്ഷൻ മുതൽ ജെട്ടി റോഡ് വരെ അപകടം തുടർക്കഥ; അനങ്ങാതെ അധികൃതർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എടത്വ ∙ അമ്പലപ്പുഴ തിരുവല്ല റോഡിൽ എടത്വ ജംക്ഷനിൽ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള ജെട്ടി റോഡു വരെയുള്ള ഭാഗത്ത് നിരന്തരം അപകട മരണം നടന്നിട്ടും പൊതുമരാമത്തു വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നു പരാതി. എടത്വ മുതൽ കൊച്ചമ്മനം വരെയുള്ള ഭാഗത്തു കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ആറ് മരണങ്ങളാണ് ഉണ്ടായത്. ക്നാനായ പള്ളിക്കു സമീപം ഇക്കഴിഞ്ഞ തിങ്കളാഴ്ച മത്സ്യം കയറ്റി വന്ന പിക്കപ് വാൻ ഇടിച്ച് 20 വയസ്സുള്ള യുവാവ് മരിച്ചു. ഡിസംബറിൽ ചങ്ങനാശേരി സ്വദേശി ബൈക്ക് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചു. എടത്വ കോളജിലെ ഒരു വിദ്യാർഥിയും ഇതേ സ്ഥലത്ത് കെഎസ്ആർടിസി ബസിനടിയിൽ പെട്ടു മരിച്ചു.
അശാസ്ത്രീയമായ നിർമാണവും കൊടും വളവും ആണ് അപകടത്തിനു കാരണമായി പറയുന്നത്. അപകടം നടക്കുന്ന ദിവസം മുന്നറിയിപ്പിനുള്ള സംവിധാനം ഒരുക്കും രണ്ടു ദിവസം കഴിയുമ്പോൾ അത് നീക്കം ചെയ്യും. അതാണ് പതിവ്. ഇന്നലെയും പൊതുമരാമത്തു വകുപ്പ് മുന്നറിയിപ്പു സംവിധാനം വച്ചെങ്കിലും അതുവഴി കടന്നു പോയ വാഹനങ്ങൾ ഇടിച്ച് അതെല്ലാം തകരുകയാണ് ചെയ്തത്. മഴ കൂടി ആരംഭിച്ചതോടെ എല്ലാ ദിവസവും അപകടം നടക്കുകയാണ്. പ്രദേശത്ത് വഴിവിളക്ക് ഇല്ലാത്തതും അപകടങ്ങൾക്കു കാരണമാക്കുന്നുണ്ട്. ഇന്നലെ അപകടം നടന്ന സ്ഥലത്ത് യുഡിഎഫ് പ്രവർത്തകരും, ജനപ്രതിനിധിയും ചേർന്നു തെരുവുവിളക്കുകൾ സ്ഥാപിച്ചു.
യാത്രക്കാർക്കു വഴിനടക്കാൻ കഴിയാത്തവിധം റോഡിലേക്കു കാട് വളർന്നു കിടക്കുന്നതു വെട്ടിമാറ്റുക, മുന്നറിയിപ്പു സംവിധാനം സ്ഥാപിക്കുക, അപകട മേഖല എന്ന മുന്നറിയിപ്പ് ബോർഡ് വയ്ക്കുക, വേഗം കുറച്ചു പോകണമെന്ന് അറിയിച്ചുള്ള സിഗ്നൽലൈറ്റ് വയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് പൊതുമരാമത്തു വകുപ്പിനും, തലവടി പഞ്ചായത്തിലും യുഡിഎഫ് മണ്ഡലം ചെയർമാൻ ബിജു പാലത്തിങ്കൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വർഗീസ് കോലത്തുപറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ നിവേദനം നൽകി.