
കിടപ്പുരോഗിയായ അമ്മ ചവിട്ടേറ്റ് മരിച്ചു; മകൻ അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വെമ്പായം ( തിരുവനന്തപുരം) ∙ കിടപ്പുരോഗിയായ അമ്മയെ കട്ടിലിൽ നിന്നു വലിച്ചു നിലത്തിട്ട് ചവിട്ടിക്കൊന്ന കേസിൽ മകൻ അറസ്റ്റിൽ. വെമ്പായം തേക്കട ഭൂതത്താൻകുഴി പുത്തൻവീട്ടിൽ തങ്കപ്പൻപിള്ളയുടെ ഭാര്യ എൽ. ഓമനയമ്മ (75) ചൊവ്വാഴ്ച രാത്രി കൊല്ലപ്പെട്ട സംഭവത്തിൽ മകൻ മണികണ്ഠനാണ് (46) പിടിയിലായത്.
മണികണ്ഠൻ മദ്യലഹരിയിലായിരുന്നുവെന്നും സഹോദരി അനിതകുമാരിയുടെ കൺമുന്നിലായിരുന്നു കൊലപാതകമെന്നും പൊലീസ് പറഞ്ഞു. മറ്റൊരു മകൾ ശൈലജകുമാരി. ആറു മാസം മുൻപ് മണികണ്ഠൻ തള്ളിവീഴ്ത്തി തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ തങ്കപ്പൻപിള്ള സഹോദരിയുടെ മകളുടെ വീട്ടിലായിരുന്നു താമസം.
പണയത്തിലായ ബൈക്ക് തിരിച്ചെടുക്കാൻ പണം ആവശ്യപ്പെട്ട് മണികണ്ഠൻ ഓമനയമ്മയെ അസഭ്യം പറഞ്ഞാണ് തുടക്കം. തുടർന്ന് കട്ടിലിൽ നിന്നു ചവിട്ടി നിലത്തിട്ട് അതിക്രൂരമായി മർദിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ അനിതകുമാരി തള്ളി മാറ്റിയെങ്കിലും മണികണ്ഠൻ മർദനം തുടർന്നു .
ബഹളം പതിവായതിനാൽ അയൽവാസികളാരും ആദ്യം എത്തിയില്ല. രക്തം വാർന്നു കിടന്ന ഓമനയമ്മയെ മണികണ്ഠൻ സ്ഥലം വിട്ട് രണ്ടുമണിക്കൂർ കഴിഞ്ഞാണ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനായത്. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ അധികം വൈകാതെ മരിച്ചു. ചവിട്ടേറ്റ് ഓമനയമ്മയുടെ കൈകാലുകൾ ഒടിഞ്ഞതായി പൊലീസ് പറഞ്ഞു.
വീടിനടുത്തുള്ള കടയുടെ സമീപത്ത് വീണുകിടക്കുന്ന നിലയിൽ മണികണ്ഠനെ കണ്ടെത്തിയ പൊലീസ് ഹൃദയ സംബന്ധമായ അസുഖം ഉണ്ടെന്നു പറഞ്ഞതിനെത്തുടർന്ന് മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവിങ് ഉൾപ്പെടെയുള്ള ജോലികൾക്കും പോകുന്ന മണികണ്ഠനെ പൂജാദി കാര്യങ്ങൾക്കായി ചിലർ സമീപിക്കാറുണ്ടെന്നു ബന്ധുക്കൾ പറയുന്നു. ഓമനയമ്മയുടെ മൃതദേഹം സംസ്കരിച്ചു.
‘വീട്ടിലും നാട്ടിലും സ്ഥിരം അക്രമവും കേസും, രക്ഷപ്പെടുത്തുന്നത് അമ്മ’
വെമ്പായം ∙ മദ്യപിച്ച് പതിവായി വീട്ടിലും നാട്ടിലും അക്രമങ്ങൾ നടത്തുന്നതിന് മണികണ്ഠനെ പൊലീസ് പിടികൂടിയാലും ഓമനയമ്മ സ്റ്റേഷനിലെത്തി പുറത്തിറക്കുകയാണ് പതിവെന്നു ബന്ധുക്കൾ പറയുന്നു. റോഡിൽ നിന്നു പടവുകളിറങ്ങി ഒരാൾക്ക് മാത്രം പോകാവുന്ന നടവഴിയിലൂടെ സഞ്ചരിച്ചാലേ വീട്ടിലെത്തൂ. അതുകൊണ്ടു തന്നെ വീട്ടിലെ ബഹളം അധികമാളുകൾ അറിഞ്ഞില്ല.‘
എടുത്തു കൊണ്ടു പോകുമ്പോൾ കാലുകളും കൈകളും ഒടിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു അമ്മ. കുറച്ചുനേരം സംസാരിച്ച ശേഷം അബോധാവസ്ഥയിലായി. വസ്തു എഴുതിക്കൊടുത്തില്ലെന്നും പണയത്തിലായ ബൈക്ക് തിരിച്ചെടുക്കാൻ പണം നൽകിയില്ലെന്നും പറഞ്ഞ് അമ്മയെ നിരന്തരം മർദിക്കും. വീടിനും പതിവായി നാശമുണ്ടാക്കും. വീടിന്റെ ഇളകിപ്പോയ കതകുകൾ പോലും ഇക്കാരണത്താൽ മാറ്റിയിട്ടില്ല’ മകൾ അനിതകുമാരി പറഞ്ഞു.
മുൻപ് വിഎസിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി, പിടിയിലായി
വെമ്പായം ∙ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ വധിക്കുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയതിന് മണികണ്ഠനെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മകന് മാനസിക പ്രശ്നമുണ്ടെന്ന് പറഞ്ഞ് ഓമനയമ്മയാണ് അന്ന് കേസിൽ നിന്നു രക്ഷപ്പെടുത്തിയത്.