
ഇടിഞ്ഞിടിഞ്ഞ് സർവീസ് റോഡ്; കൂളിയങ്കാലിൽ സർവീസ് റോഡിന്റെ അരിക് ഇടിഞ്ഞുവീണത് 10 മീറ്ററോളം ഭാഗത്ത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാഞ്ഞങ്ങാട് ∙ കനത്ത മഴയെത്തുടർന്ന്, ജില്ലയിൽ ദേശീയപാതയുടെ പലയിടത്തും വിള്ളലും കുന്നിടിച്ചിലും റിപ്പോർട്ട് ചെയ്യുന്നതിനിടെ കഴിഞ്ഞ ദിവസം കൂളിയങ്കാലിൽ സർവീസ് റോഡിന്റെ അരിക് ഇടിഞ്ഞുവീണത് ആശങ്ക പരത്തി. നിർമാണം പൂർത്തിയാകാത്ത സർവീസ് റോഡിന്റെ ഭാഗമാണു ചൊവ്വാഴ്ച വൈകിട്ട് ഇടിഞ്ഞുവീണത്. ഏകദേശം 10 മീറ്ററോളം ഭാഗം തകർന്നു. റോഡ് ഇടിഞ്ഞതിനെത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.
വൈദ്യുത തൂണുകൾ മാറ്റി സ്ഥാപിക്കാത്തതിനാൽ ഇവിടെ സർവീസ് റോഡ് നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നാണു കരാർ കമ്പനി പറയുന്നത്. തൂണുകൾ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു മാസങ്ങൾക്കു മുൻപേ, കെഎസ്ഇബിക്കു കത്തു നൽകിയിരുന്നു. 2 വൈദ്യുത തൂണുകളാണു മാറ്റേണ്ടത്. ഇതു മാറ്റിയാൽ മാത്രമേ സർവീസ് റോഡ് നിർമാണം പൂർത്തിയാക്കാൻ കഴിയൂ. ഇവിടെ ഓവുചാൽ നിർമാണവും പൂർത്തിയായിട്ടില്ല.
മണ്ണിട്ടു നികത്തിയാണു സർവീസ് റോഡ് നിർമിച്ചത്. ചില ഭാഗത്ത് 3 മീറ്റർ ഉയരത്തിൽ മണ്ണിട്ട് ഉയർത്തിയിട്ടുണ്ട്. ഇതിനു താഴെയായി ഒട്ടേറെ വീടുകളുമുണ്ട്. ഹൊസ്ദുർഗ് സഹകരണ ബാങ്കിന്റെ ബ്രാഞ്ച് പ്രവർത്തിക്കുന്നതും സമീപത്താണ്. പ്രവൃത്തി പൂർത്തിയായാൽ റോഡ് ഇടിയുന്നതിനു പരിഹാരമാകുമെന്നും കരാർ കമ്പനി അവകാശപ്പെട്ടതായി നാട്ടുകാർ പറയുന്നു.
കൂളിയങ്കാലിലെ പ്രശ്നം താലൂക്ക് വികസനസമിതി യോഗത്തിൽ നേരത്തെ ചർച്ചയായിരുന്നു. യോഗത്തിൽ കരാർ കമ്പനി അധികൃതർ മാത്രമാണു പങ്കെടുക്കുന്നതെന്നും ദേശീയപാത അതോറിറ്റി അധികൃതർ പങ്കെടുക്കാറില്ലെന്നും ആരോപണമുണ്ട്. മഴ ശക്തമായതോടെ ചട്ടംഞ്ചാൽ–തെക്കിൽ, വീരമലക്കുന്ന്, മട്ടലായി ഭാഗങ്ങളിൽ കുന്നിടിച്ചിൽ ഭീഷണി ശക്തമാണ്. അടിപ്പാതകളിൽ വെള്ളം കെട്ടിക്കിടക്കുന്നതും പതിവാണ്.