
പുലർച്ചെ ഹോട്ടലിൽ കവർച്ച: പണം കവർന്ന കള്ളൻ ഭക്ഷണം ചൂടാക്കി കഴിച്ച് വിശ്രമിച്ച ശേഷം മുങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മരുതറോഡ് ∙ വിശന്നു വലഞ്ഞെത്തിയ കള്ളൻ ഹോട്ടലിലെ പണം കവർന്നതിനൊപ്പം ഫ്രിജിനകത്തു സൂക്ഷിച്ച ഭക്ഷണം ചൂടാക്കി കഴിച്ച്, മണിക്കൂറുകളോളം വിശ്രമിച്ച ശേഷം മടങ്ങി. ദേശീയപാതയോരത്തെ മൂൺസിറ്റി ഹോട്ടലിൽ ഇന്നലെ പുലർച്ചെയാണു വ്യത്യസ്തമായ കവർച്ച നടന്നത്. ഇവിടെ നിന്നു 29,000 രൂപയാണ് മോഷ്ടാവ് കവർന്നത്. ഹോട്ടലിന്റെ പിൻവാതിൽ തകർത്തെത്തിയ മോഷ്ടാവ് കാഷ് ഡ്രോയിലും മറ്റും സൂക്ഷിച്ച പണത്തിനൊപ്പം ദുരിതബാധിതർക്കു സഹായം നൽകാൻ പണം സ്വരൂപിക്കാൻ സൂക്ഷിച്ച നോട്ടുകൾ നിറഞ്ഞ ഹുണ്ടികയും കൊണ്ടുപോയിട്ടുണ്ട്.
അകത്തു കയറിയ ഉടൻ കള്ളൻ ഫ്രിജിൽ സൂക്ഷിച്ച ഭക്ഷണമെടുത്ത് ചൂടാക്കാൻ വച്ചു. ഇതിനിടെ പണം തപ്പിയെടുത്ത് അതു കൈക്കലാക്കി. ശേഷം ചൂടായ ഭക്ഷണം പ്ലേറ്റിൽ വിളമ്പി കഴിച്ചു. ഇതിനു ശേഷം സോഫയിൽ മണിക്കൂറുകളോളം വിശ്രമിച്ചു. കഴിച്ച ശേഷം മിച്ചം വന്ന ഭക്ഷണം പൊതിയിലാക്കി കൊണ്ടുപോയിട്ടുമുണ്ട്. പിൻവാതിൽ വഴി തന്നെയാണ് കള്ളൻ മടങ്ങിയത്. ഇതിന്റെയെല്ലാം സിസിടിവി ദൃശ്യങ്ങളും പൊലീസിനു ലഭിച്ചു.
കൽമണ്ഡപം പ്രതിഭാനഗർ കോളനിയിലെ 3 വീടുകളിൽ കവർച്ച നടന്ന് ഒരാഴ്ച പിന്നിടും മുൻപാണ് വീണ്ടും ദേശീയപാതയോരത്തെ ഹോട്ടലിൽ കവർച്ച. പ്രതിഭാ നഗറിൽ നിന്ന് അര കിലോമീറ്റർ മാത്രം അകലെയാണ് ഒറ്റപ്പാലം സ്വദേശികളുടെ ഉടമസ്ഥതയിലുള്ള മൂൺ സിറ്റി ഹോട്ടൽ. രാത്രി വൈകിയാണ് ഇവർ ഹോട്ടൽ പൂട്ടിപ്പോവാറ്. നേരത്തെ ഹോട്ടലും പരിസരവും മനസ്സിലാക്കിയാകണം മോഷ്ടാവ് എത്തിയതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. തുടർച്ചയായ കവർച്ചാ കേസുകൾ പൊലീസിനെയും വട്ടം കറക്കുകയാണ്. കസബ ഇൻസ്പെക്ടർ എം.സുജിത്ത്, എസ്ഐ എച്ച്.ഹർഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് കവർച്ചാ കേസുകളുടെ അന്വേഷണം.