
പൈപ്പിന്റെ അറ്റകുറ്റപ്പണി നടത്തിയില്ല, തുണി കൊണ്ടു കെട്ടി ആദ്യം ‘പരിഹാരം കണ്ടു’; ഫലിക്കാതെ വന്നപ്പോൾ നിർത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം∙ ചോർച്ചയുള്ള പൈപ്പിന്റെ അറ്റകുറ്റപ്പണി നടത്താതെ തുണി കൊണ്ടു കെട്ടി പരിഹാരം കണ്ട അധികൃതർ താമസിയാതെ ശുദ്ധജല വിതരണം പൂർണമായും നിർത്തി വയ്പിച്ചു. ഇതോടെ വടക്കേവിള ചൂരാങ്കൽ പാലത്തിന് സമീപത്തെ ഒട്ടേറെ വീട്ടുകാർക്ക് ചൊവ്വാഴ്ച മുതൽ കുടിവെള്ളം ലഭിക്കാതായി. പൈപ്പിന്റെ അറ്റകുറ്റപ്പണിക്കായി കുടിവെള്ള വിതരണം താൽക്കാലികമായി നിർത്തിയതായിരിക്കുമെന്നാണു നാട്ടുകാർ വിശ്വസിച്ചത്.
എന്നാൽ 2 ദിവസമായിട്ടും അറ്റകുറ്റപ്പണി ആരംഭിച്ചില്ല. ഒന്നര ആഴ്ച മുൻപാണ് പാലത്തിന് സമീപത്ത് റോഡരികിലെ കുടിവെള്ള പൈപ്പ് പൊട്ടിയത്. വാഹനം കയറിയാണ് പൈപ്പുകൾ തകർന്നതെന്നാണു സംശയം. പമ്പിങ് നടക്കുമ്പോൾ പൊട്ടിയ ഭാഗത്തു കൂടി ലീറ്റർ കണക്കിന് വെള്ളമാണു ദിവസങ്ങളോളം പാഴായത്. ഇക്കാര്യം നാട്ടുകാർ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. എന്നാൽ അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്നാണ് ആക്ഷേപം. നാട്ടുകാരുടെ നിരന്തര പരാതിയെ തുടർന്നാണ് ചൊവ്വാഴ്ച തൊഴിലാളികൾ എത്തി ചോർച്ചയുള്ള ഭാഗം തുണി കെട്ടി താൽക്കാലിക പരിഹാരം കണ്ടത്.
തൊട്ടു പിന്നാലെ കുടിവെള്ള വിതരണം നിർത്തി വച്ചു. ഇന്നലെ അറ്റകുറ്റപ്പണി നടത്തുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ. എന്നാൽ അറ്റകുറ്റപ്പണി നടത്തിയില്ല. ഇതോടെ ചൂരാങ്കൽ പാലത്തിന് സമീപത്തെ ഒട്ടേറെ വീട്ടുകാർക്ക് ഇന്നലെയും വെള്ളം ലഭിക്കാതെ വലഞ്ഞു. ജലവിഭവ വകുപ്പിന്റെ നിരുത്തരവാദ സമീപനത്തിന് എതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പൈപ്പ് വെള്ളം മാത്രം ആശ്രയിക്കുന്ന വീട്ടുകാർക്കു പ്രാഥമിക ആവശ്യങ്ങൾക്കു പോലും വെള്ളം ഇല്ലാത്ത അവസ്ഥയാണ്.