
സഹപാഠിയുടെ ജീവൻ രക്ഷിക്കാൻ വേണ്ടി വളരെ പ്രാധാന്യമുള്ള ഒരു പരീക്ഷ എഴുതുന്നില്ല എന്ന് തീരുമാനിച്ച വിദ്യാർത്ഥിക്ക് അഭിനന്ദനപ്രവാഹവുമായി ചൈനയിലെ സോഷ്യൽ മീഡിയ. ഷാൻഡോങ് പ്രവിശ്യയിൽ നിന്നുള്ള ജിയാങ് ഷാവോപെങ് എന്ന 18 -കാരനാണ് തന്റെ സഹപാഠിയുടെ ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിനിടയിൽ പരീക്ഷ എഴുതാനാവാതെ പോയത്. അവൻ ഇപ്പോഴും പറയുന്നത് തന്റെ തീരുമാനത്തിൽ തനിക്ക് യാതൊരു ഖേദവുമില്ല എന്നാണ്.
മെയ് 10 -നായിരുന്നു പരീക്ഷ. അന്ന് ജിയാങ്ങും ഒരു സഹപാഠിയും ചേർന്ന് സ്പ്രിംഗ് ഗാവോകാവോ എന്നറിയപ്പെടുന്ന നാഷണൽ വൊക്കേഷണൽ പ്രവേശന പരീക്ഷ എഴുതാൻ വേണ്ടി ഒരു കാബിൽ പോകുമ്പോഴായിരുന്നു സംഭവമെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. യാത്ര പുറപ്പെട്ടതിന് തൊട്ടുപിന്നാലെ, ജിയാങ്ങിന്റെ സഹപാഠിക്ക് പെട്ടെന്ന് ഹൃദയാഘാതമുണ്ടാവുകയും അവൻ ബോധരഹിതനാവുകയും ചെയ്യുകയായിരുന്നു.
ഫസ്റ്റ് എയ്ഡ് ട്രെയിനിംഗ് നേടിയ ജിയാങ് ഉടൻ തന്നെ അവന് സിപിആർ നൽകുകയും ട്രാഫിക് പൊലീസിനെ വിവരം അറിയിക്കുകയും ഡ്രൈവറോട് അടുത്തുള്ള ആശുപത്രിയിലേക്ക് എത്രയും പെട്ടെന്ന് എത്തിക്കാനായി നിർദ്ദേശം നൽകുകയും ചെയ്തു. ട്രാഫിക് പൊലീസിന്റെ അനുമതിയോടെ ഡ്രൈവർ ആറ് ചുവന്ന സിഗ്നലുകളും ഇട്ട് കുതിച്ചുപാഞ്ഞു. വണ്ടി ഏഴ് മിനിറ്റിനുള്ളിൽ ആശുപത്രിയിലെത്തി.
ഏകദേശം 30 മിനിറ്റ് നീണ്ടുനിന്ന അടിയന്തര ചികിത്സയ്ക്ക് ശേഷം സഹപാഠിയുടെ ഹൃദയമിടിപ്പ് തിരികെയെത്തിക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. സഹപാഠിയുടെ ആരോഗ്യനില ഉറപ്പുവരുത്തിയ ശേഷം ജിയാങ് തന്റെ സ്കൂളിൽ കാര്യങ്ങൾ അറിയിക്കുകയും പരീക്ഷ നടക്കുന്ന സ്ഥലത്തേക്ക് പോവുകയും ചെയ്തു.
എന്നാൽ, വൈകിയത് കാരണം പ്രധാനപ്പെട്ട ചൈനീസ് ഭാഷ എന്ന ഒരു ഭാഗം എഴുതാനായില്ല.
ഷാൻഡോങ് സിറ്റി സർവീസ് ടെക്നീഷ്യൻ കോളേജിലെ ഡെന്റൽ പ്രോസ്തെറ്റിക്സ് വിദ്യാർത്ഥിയാണ് ജിയാങ്. പരീക്ഷയിൽ വിജയിച്ചാൽ ഒരു മെഡിക്കൽ ടെക്നോളജി പ്രോഗ്രാമിന് അപേക്ഷിക്കാനായിരുന്നു അവൻ തീരുമാനിച്ചിരുന്നത്. എന്നാൽ, അതിന് ഇത്തവണ സാധിച്ചേക്കില്ല. പക്ഷേ, ‘അതിൽ കുഴപ്പമില്ല. പരീക്ഷ കാത്തിരിക്കും കൂട്ടുകാരന്റെ ജീവൻ അങ്ങനെയല്ല, ഒരു തവണയേ അതിന് സാധിക്കൂ. അതിനാൽ പരീക്ഷ എഴുതാത്തതിൽ ഖേദമില്ല. ഈ അനുഭവം മെഡിക്കൽ വിഭാഗത്തിലേക്ക് തിരിയാനുള്ള തന്റെ തീരുമാനം ഉറച്ചതാക്കി മാറ്റി’ എന്നാണ് ജിയാങ് പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]