
പൊറോട്ടയ്ക്കും ബീഫ് ഫ്രൈയ്ക്കും ഒപ്പം ഗ്രേവി സൗജന്യമല്ല; ഹോട്ടലിനെതിരായ പരാതി തള്ളി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ ബീഫ് ഫ്രൈയും പൊറോട്ടയും ഓർഡർ ചെയ്ത ഉപഭോക്താവിനു ഗ്രേവി സൗജന്യമായി നൽകിയില്ലെന്ന പരാതി നിലനിൽക്കുന്നതല്ലെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. എറണാകുളം സ്വദേശി ഷിബു. എസ്, കോലഞ്ചേരി പത്താം മൈലിലെ ‘ദി പേർഷ്യൻ ടേബിൾ’ എന്ന ഹോട്ടലിനെതിരെ നൽകിയ പരാതി പരിഗണനാർഹമല്ലെന്ന് വ്യക്തമാക്കി കമ്മിഷൻ തള്ളി. ഡി.ബി.ബിനു അധ്യക്ഷനും, വി.രാമചന്ദ്രൻ, ടി.എൻ.ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ചിന്റേതാണ് തീരുമാനം.
പരാതിക്കാരനും സുഹൃത്തും 2024 നവംബറിലാണ് ഹോട്ടലിൽ ബീഫ് ഫ്രൈയും പൊറോട്ടയും ഓർഡർ ചെയ്തത്. ഭക്ഷണത്തോടൊപ്പം ഗ്രേവി ആവശ്യപ്പെട്ടു. അത് നൽകാനാവില്ലെന്ന് ഹോട്ടൽ ഉടമ അറിയിച്ചു. തുടർന്നാണ് കുന്നത്തുനാട് താലൂക്ക് സപ്ലൈ ഓഫിസർക്ക് പരാതി നൽകിയത്. താലൂക്ക് സപ്ലൈ ഓഫിസറും, ഫുഡ് സേഫ്റ്റി ഓഫിസറും അന്വേഷണം നടത്തുകയും ഗ്രേവി കൊടുക്കുക എന്നത് സ്ഥാപനത്തിന്റെ നയമല്ലെന്നു റിപ്പോർട്ട് നൽകുകയും ചെയ്തു. തുടർന്നാണ് പരാതിക്കാരൻ കമ്മിഷനെ സമീപിച്ചത്.
സൗജന്യമായി ഗ്രേവി ലഭ്യമാക്കാമെന്ന് ഹോട്ടൽ വാഗ്ദാനം നൽകുകയോ അതിനായി പണം ഈടാക്കുകയോ ചെയ്തിട്ടില്ലെന്ന് കമ്മിഷൻ നിരീക്ഷിച്ചു. ഗ്രേവി നൽകേണ്ടതിന് എന്തെങ്കിലും നിയമപരമായതോ അല്ലെങ്കിൽ കരാറിലൂടെയോ ഉള്ള ബാധ്യത എതിർകക്ഷിക്ക് ഉണ്ടെന്ന് തെളിയിക്കാൻ പരാതിക്കാരനു കഴിഞ്ഞില്ല. അതിനാൽ, പൊറോട്ടയും ബീഫും നൽകുമ്പോൾ ഗ്രേവി സൗജന്യമായി നൽകാത്തത് സേവന ന്യൂനതയായി പരിഗണിക്കാനാവില്ലെന്ന് ഹോട്ടൽ ഉടമയ്ക്കെതിരായുള്ള പരാതി തള്ളിയ ഉത്തരവിൽ കമ്മിഷൻ വ്യക്തമാക്കി.