
‘ആറുവരിപ്പാത ഇടിഞ്ഞുവീണത് അശാസ്ത്രീയ നിർമാണം കാരണം’; ‘കൂരിയാട്ട് ഫ്ലൈ ഓവർ നിർമിച്ച് ശാശ്വത പരിഹാരം കാണണം’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലപ്പുറം ∙ ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാത 66ലെ ആറുവരിപ്പാത കൂരിയാട് ഇടിഞ്ഞുവീണത് അശാസ്ത്രീയ നിർമാണം കാരണമാണെന്നും സമീപവാസികളുടെ ആശങ്കകൾ പരിഹരിക്കണമെന്നും യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി. പാത നിർമാണവുമായി ബന്ധപ്പെട്ട് പ്രദേശവാസികളും ജനപ്രതിനിധികളും ഒട്ടേറെ പരാതികൾ ഉന്നയിച്ചിരുന്നു. ജില്ലാ വികസന സമിതി യോഗങ്ങളിൽ അക്കാര്യം പലതവണ ചർച്ചയ്ക്കു വന്നെങ്കിലും ദേശീയപാത അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കാത്തതിനാൽ തൃപ്തികരമായ മറുപടി ലഭിക്കാറില്ല.വെള്ളക്കെട്ട് അടക്കമുള്ള പ്രശ്നങ്ങൾക്ക് മഴക്കാലം തുടങ്ങുന്നതിനു മുൻപ് പരിഹാരം കാണണം. പാത നിർമാണത്തെത്തുടർന്നു റോഡ് നിരപ്പിൽനിന്നു ഏറെ ഉയരത്തിലും താഴ്ചയിലും വീടുകളും സ്ഥാപനങ്ങളുമുണ്ട്. കൂരിയാട് ദേശീയപാത ഇടിഞ്ഞത് അത്തരം താമസക്കാരെ ആശങ്കയിലാക്കിയതായി പ്രസിഡന്റ് ഷരീഫ് കുറ്റൂരും ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫും ചൂണ്ടിക്കാട്ടി.
‘കൂരിയാട്ട് ഫ്ലൈ ഓവർ നിർമിച്ച് ശാശ്വത പരിഹാരം കാണണം’
മലപ്പുറം ∙ ദേശീയ പാത തകർന്ന കൂരിയാട്ട് ഫ്ലൈ ഓവർ നിർമിച്ചു ശാശ്വത പരിഹാരം കാണണമെന്ന് മുസ്ലിം ലീഗ് ജില്ലാ പരിസ്ഥിതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ജില്ലയിലെ ആറുവരി പാത കടന്നു പോകുന്ന പല ഇടങ്ങളിൽ നീരൊഴുക്ക് തടസ്സപ്പെടുത്തിയാണു നിർമാണ പ്രവൃത്തികൾ നടത്തിയിട്ടുള്ളത്. വയലിലെ വെള്ളം ഒഴുകി പോകാൻ ആവശ്യമായ ശാസ്ത്രീയ പഠനങ്ങൾ നടത്തി ഇപ്പോഴത്തെ നിർമാണം പൊളിച്ച് മേൽപാലം നിർമിച്ചു ജനങ്ങളുടെ ഭീതിയും ആശങ്കയും അകറ്റണമെന്ന് ആവശ്യപ്പെട്ടു സമിതി ഭാരവാഹികൾ ജില്ലാ കലക്ടർക്കും കേന്ദ്ര, സംസ്ഥാന സർക്കാരിനും നിവേദനം നൽകി. ലീഗ് പരിസ്ഥിതി സംരക്ഷണസമിതി ജില്ലാ ചെയർമാൻ ഹനീഫ പെരിഞ്ചീരി, ജനറൽ സെക്രട്ടറി കെ.എൻ.ഷാനവാസ്, വി.എം.മജീദ്, സി.ടി.അബ്ദുൽ നാസർ, കെ.എം.അസൈനാർ, അസീസ് പഞ്ചിളി, വി.പി.ഷുക്കൂർ എന്നിവർ പങ്കെടുത്തു.