
പാഴുത്തുരുത്തിൽ പാഴായത് ലക്ഷങ്ങൾ; കൃഷി വകുപ്പിന്റെ കെട്ടിടം ഉപയോഗശൂന്യമായി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഞീഴൂർ ∙ സർക്കാർ ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച കൃഷി വകുപ്പിന്റെ കെട്ടിടം സംരക്ഷിക്കാനാളില്ലാതെ ഉപയോഗശൂന്യമായി നശിച്ചു. കൃഷി വകുപ്പ് കടുത്തുരുത്തി സബ് ഡിവിഷന്റെ കീഴിൽ പാഴുത്തുരുത്തിൽ ഞീഴൂർ പഞ്ചായത്ത് 12–ാം വാർഡിൽ നിർമിച്ച കൃഷി ഡമോൺസ്ട്രേഷൻ കം ക്വാർട്ടേഴ്സാണ് നശിച്ചത്. 1986 ൽ എംഎൽഎ ആയിരുന്ന പി.സി. തോമസിന്റെ ശ്രമഫലമായി പാഴുത്തുരുത്ത് കുഴിവേലിൽ വർഗീസ് എന്ന വ്യക്തി സൗജന്യമായി വിട്ടു നൽകിയ സ്ഥലത്താണ് കൃഷി ഡമോൺസ്ട്രേഷൻ കം ക്വാർട്ടേഴ്സ് നിർമിച്ചത്. കൃഷി മന്ത്രിയായിരുന്ന സുന്ദരൻ നാടാരാണ് ഉദ്ഘാടനം ചെയ്തത്.
കർഷക ഗ്രാമമായ ഞീഴൂർ പഞ്ചായത്തിലെ പാഴുത്തുരുത്തിൽ കർഷകർക്ക് പ്രയോജനം ലഭിക്കുന്ന ഓഫിസ് എന്ന നിലയിലാണ് ഇതിനായി സൗജന്യമായി സ്ഥലം വിട്ടു നൽകിയത്. കർഷകർക്ക് പുതു കൃഷിരീതികൾ പരിചയപ്പെടുത്തുക, വിത്തിനങ്ങൾ വിതരണം ചെയ്യുക, കർഷകർക്ക് പരിശീലനം സംഘടിപ്പിക്കുക തുടങ്ങിയ വിവിധ ഉദ്ദേശത്തോടെ ആരംഭിച്ച ഓഫിസിൽ കൃഷി വകുപ്പ് ജീവനക്കാർക്ക് താമസിക്കുന്നതിനും സൗകര്യമുണ്ടായിരുന്നു. എന്നാൽ ഏതാനും വർഷം നാമമാത്രമായി പ്രവർത്തിച്ച ശേഷം ഓഫിസിന്റെ പ്രവർത്തനം നിലയ്ക്കുകയായിരുന്നു. ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച കെട്ടിടം കൃഷി വകുപ്പ് ഉപേക്ഷിച്ചതോടെ ശോച്യാവസ്ഥയിലായ മേൽക്കൂര തകർന്നു ജനലുകളും വാതിലുകളും നശിക്കുകയായിരുന്നു. തകർന്ന കെട്ടിടം തെരുവു നായ്ക്കളുടെയും ഇഴജന്തുക്കളുടെയും വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്. തെരുവു നായ്ക്കൾ കെട്ടിടത്തിൽ തമ്പടിച്ചതോടെ സമീപമുള്ള റോഡിലൂടെ സമീപവാസികൾ സഞ്ചരിക്കാൻ മടിക്കുകയാണ്.
രാത്രി കാലങ്ങളിൽ ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. കൃഷി വകുപ്പിന് പാഴുത്തുരുത്തിൽ ഇങ്ങനയൊരു ഓഫിസ് പ്രവർത്തിച്ചിരുന്നതായി പോലും നിലവിലുള്ള കൃഷിവകുപ്പ് അധികൃതർക്ക് അറിവില്ല. പാഴുത്തുരുത്ത്, മഠത്തിപ്പറമ്പ്, കൂവേലി, തിരുവാമ്പാടി, നീരാളക്കോട് തുടങ്ങിയ പ്രദേശങ്ങളിലെ കർഷകർ ഇപ്പോൾ കിലോമീറ്ററുകൾ അകലെ ഭജനമഠത്തിലുള്ള കൃഷി ഓഫിസിലാണ് ആവശ്യങ്ങൾക്കായി എത്തുന്നത്. പാഴുത്തുരുത്തിലുള്ള കൃഷിവകുപ്പിന്റെ കെട്ടിടം പുനർ നിർമിച്ച് കൃഷി വകുപ്പിന്റെ സബ് സെന്ററായി പ്രവർത്തിപ്പിക്കണം എന്നാണ് കർഷകരുടെയും നാട്ടുകാരുടെയും ആവശ്യം .