
ദേശീയപാത 66ലെ കുഴിയിൽ ബസ് കുടുങ്ങി; ജനം പെരുവഴിയിലും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചാത്തന്നൂർ ∙ നിർമാണം നടക്കുന്ന ദേശീയപാത 66ൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് കുഴിയിൽ വീണതോടെ വൻ ഗതാഗതക്കുരുക്ക്. ഇന്നലെ രാവിലെ എട്ടോടെ ചാത്തന്നൂർ വൈദ്യുതി ഭവനു സമീപം കൊല്ലത്തു നിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന ബസാണു നടുറോഡിൽ പുതഞ്ഞു പോയത്. നെടുമങ്ങാട് ഡിപ്പോയിലെ ബസാണിത്. നിറയെ യാത്രക്കാരുമായി വന്ന ബസ് മറിയാഞ്ഞതിനാൽ ദുരന്തം ഒഴിവായി. ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. നിർമാണത്തിൽ അടിക്കടി ഗുരുതര പ്രശ്നങ്ങൾ ഉടലെടുത്തിട്ടും ദേശീയപാത അധികൃതരും ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും ഇടപെടുന്നില്ലെന്ന് ആക്ഷേപവും ശക്തമാണ്.ഇന്നലെ രാവിലെ ഇരുചക്രവാഹനങ്ങളും കാറും മറികടക്കുന്നതിനിടെ ബസിന്റെ ഇടതു വശത്തെ ടയറുകൾ ജലവിതരണ പൈപ്പിനായി മണ്ണെടുത്ത ഭാഗത്തു പുതഞ്ഞതോടെ ബസ് നിശ്ചലമായത്. ഇതോടെ ദേശീയപാതയിൽ തിരുവനന്തപുരം ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. ചാത്തന്നൂർ വൈദ്യുതി ഭവൻ മുതൽ മൈലക്കാടിനു സമീപം വരെ ഗതാഗതക്കുരുക്ക് നീണ്ടു. വാഹനങ്ങൾ തിരിച്ച് മറുവശത്തു കൂടി കടന്നു പോകാൻ ശ്രമിച്ചതോടെ കൊല്ലം ഭാഗത്തേക്കുള്ള റോഡിലും ഗതാഗതക്കുരുക്കായി. ഇതിനിടെ ഇത്തിക്കരയിൽ നിന്നും കൈതക്കുഴി വഴിയും തിരുമുക്കിൽ നിന്നും ഞവരൂർ കാഞ്ഞിരംവിള വഴി വാഹനങ്ങൾ പൊലീസ് തിരിച്ചുവിട്ടു.
ദേശീയപാതയിൽ നിന്നു കുഴിച്ചെടുത്ത പഴയ
ജലവിതരണ പൈപ്പുകൾ.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കു പോകേണ്ടവരും ഗതാഗതക്കുരുക്കിൽ വലഞ്ഞു. അപകടത്തിൽപ്പെട്ട ബസിൽ എഴുപത്തിയഞ്ചിലേറെ യാത്രക്കാർ ഉണ്ടായിരുന്നു. ഇതിൽ ഏഴു പേർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്ക് പോയവരാണ്. ബസിനെ പിറകെ ഉണ്ടായിരുന്ന അന്തർ സംസ്ഥാന ബസുകൾ, കെഎസ്ആർടിസി ബസുകൾ, കോളജ് ബസുകൾ ഉൾപ്പെടെ വാഹനങ്ങൾ വഴിയിൽ കുടുങ്ങി. കൃത്യസമയത്ത് ഓഫിസിലും ജോലി സ്ഥലത്തും എത്താൻ കഴിഞ്ഞില്ല. പലരുടെയും യാത്ര തടസ്സപ്പെട്ടു.കെഎസ്ആർടിസി ചാത്തന്നൂർ ഡിപ്പോയിൽ നിന്നു ബസും ജീവനക്കാരും എത്തി ബസ് കെട്ടി വലിച്ചു മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്താൽ ഒൻപതരയോടെ കരകയറ്റി. ഇൻസ്പെക്ടർ എ.അനൂപിന്റെ നേതൃത്വത്തിൽ പൊലീസ് ഗതാഗതം നിയന്ത്രണം ഉൾപ്പെടെ നടപടികൾ സ്വീകരിച്ചു. ഒരാഴ്ച മുൻപ് നിർമാണത്തിനിടെ തിരുമുക്കിൽ പ്രധാന പൈപ്പ് തകർന്നു പ്രളയ സമാനമായ വെള്ളക്കെട്ടിൽ പകൽ മുഴുവൻ ദേശീയപാതയിൽ ഗതാഗതക്കുരുക്കായിരുന്നു.
⏩ കരാറുകാർക്ക് എതിരെ പൊലീസ്
ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ചാത്തന്നൂർ മേഖലയിൽ മണ്ണിടിഞ്ഞും വെള്ളക്കെട്ടുമായി ഗതാഗതക്കുരുക്ക് സ്ഥിരമാണെങ്കിലും തടസ്സത്തിനു പരിഹാരം കാണാൻ അധികൃതർ മനസ്സുകാട്ടുന്നില്ല. ഗതാഗത തടസ്സം ഒഴിവാക്കി റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനു നടപടി സ്വീകരിക്കണമെന്ന് കരാർ കമ്പനി അധികൃതരോടു പൊലീസ് നിർദേശം നൽകി. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുന്നതിനാലാണ് നടപടി. ഇന്നലെ വൈദ്യുതിഭവനു സമീപം താൽക്കാലിക റോഡ് സഞ്ചാരയോഗ്യമാക്കി. ഏതാനും ദിവസത്തിനുള്ളിൽ സർവീസ് റോഡിലൂടെ ഗതാഗതം തിരിച്ചു വിടാൻ കഴിയുമെന്നും കമ്പനി അധികൃതർ ഉറപ്പു നൽകി. വർഷകാലം വരുമ്പോൾ എന്താകും എന്ന ആശങ്കയിലാണ് ജനങ്ങൾ.
⏩ തിരുമുക്ക് അടിപ്പാത തുറക്കണം
ദേശീയപാതയിൽ ആദ്യം പൂർത്തിയായ തിരുമുക്കിലെ അടിപ്പാത തുറക്കാൻ വൈകുന്നതിൽ പ്രതിഷേധം. അടിപ്പാത അടച്ചിട്ടിരിക്കുന്നതിനാൽ ഗതാഗതം വഴിതിരിച്ചു വിടാൻ പറ്റില്ല. ആദ്യഘട്ടത്തിൽ തന്നെ അടിപ്പാത നിർമിച്ചെങ്കിലും ഇത്തിക്കര മുതൽ ചാത്തന്നൂർ വരെ തിരുവനന്തപുരം ഭാഗത്തേക്കുള്ള സർവീസ് റോഡ് നിർമാണം പൂർത്തിയായില്ല. ഇതിനാൽ അടിപ്പാത പൂർണമായി അടച്ചിട്ടിരിക്കുകയാണ്. അടിപ്പാത തുറക്കാത്തതിനാൽ പരവൂർ റോഡിലൂടെ വരുന്ന വാഹനങ്ങൾ റോയൽ ജംക്ഷനിൽ എത്തി ചുറ്റി കറങ്ങി വേണം ചാത്തന്നൂരിൽ എത്താൻ. അതുപോലെ കൊല്ലം ഭാഗത്തു നിന്നും പരവൂർ, ചിറക്കര മേഖലയിലേക്കുള്ള വാഹനങ്ങൾ തിരുമുക്കിൽ തിരിയാൻ കഴിയാതെ ചാത്തന്നൂർ പെട്രോൾ പമ്പ് ചുറ്റി പോകുകയാണ്.
അടിപ്പാത തുറന്നാൽ തിരുമുക്ക് പരവൂർ റോഡിലൂടെ വാഹനങ്ങൾ തിരിച്ചു വിട്ടു ഗതാഗത തടസ്സം ഒഴിവാക്കാൻ കഴിയും.ഗതാഗതക്കുരുക്കിൽ അകപ്പെടാതെ ചെറിയ വാഹനങ്ങൾക്കു കടന്നു പോകാൻ കഴിയുന്ന റോയൽ ആശുപത്രി-പാലമൂട് റോഡ്, ഇത്തിക്കര-തോട്ടവാരം- പാലമൂട് റോഡുകൾ തകർന്നു കിടക്കുന്നതും പ്രതിസന്ധിയാണ്. കാവനാട് -കടമ്പാട്ടുകോണം റീച്ചിൽ ഇത്തിക്കര മുതൽ ചാത്തന്നൂർ വരെയുള്ള ഭാഗത്തെ നിർമാണം ഒച്ചിഴയും വേഗത്തിലാണ് നടക്കുന്നത്. റോയലിനും ചാത്തന്നൂരിനും ഇടയിൽ പൈപ്പ് പൊട്ടി ദേശീയപാത മുങ്ങുന്നത് പതിവാണ്. തിരുമുക്ക് പെട്രോൾ പമ്പ്, തിരുമുക്ക്, വൈദ്യുതി ഭവൻ എന്നിവിടങ്ങളിൽ സഞ്ചരിക്കാൻ കഴിയാത്ത തരത്തിൽ റോഡ് തകർന്നു.