
വരയന്നൂർ : കഞ്ചാവ് കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച പത്തനംതിട്ട വരയന്നൂരിലെ സുരേഷിന്റെ മരണത്തിൽ ദുരൂഹതയേറുന്നു.രാത്രി വൈകി സുരേഷിനെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയ സംഘം ആരാണ്? കിലോമീറ്ററുകൾ അകലെയുള്ള കോന്നിയിലെ മാങ്കോസ്റ്റിൻ തോട്ടത്തിൽ സുരേഷ് എങ്ങനെ എത്തി? പൊലീസിന് മേൽ സംശയങ്ങൾ ബലപ്പെടുന്ന കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാനാണ് സാധ്യത.
മാർച്ച് 16ന് വരയന്നൂരിലെ കനാലിന് സമീപം നിന്ന് കഞ്ചാവ് ബീഡി വലിച്ചതിന് കോയിപ്രം പൊലീസ് സുരേഷിനെ പിടികൂടിയത്. പെറ്റി കേസെടുത്ത ശേഷം അന്ന് വൈകിട്ട് തന്നെ വിട്ടയച്ചെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ രാത്രി വൈകി പൊലീസ് എന്ന് തോന്നിക്കുന്ന ഒരു സംഘം സുരേഷിനെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയെന്ന് അമ്മയും അയൽവാസികളും പറയുന്നു. ആരാണ് ഈ സംഘം.? ലഹരി കേസുകൾ പിടികൂടാൻ പ്രത്യേക പരിശീലനം നേടിയ ഡാൻസ് സാഫ് സംഘം ചോദ്യം ചെയ്യാൻ കൊണ്ടുപോയതാണോ.? അതോ ലഹരി മാഫിയ സംഘമാണോ സുരേഷിനെ കൊണ്ടുപോയത് ?
ഇതിൽ കൃത്യമായി മറുപടി പൊലീസിന് ഇല്ല. ഡ്രൈവർ ജോലി ചെയ്യുന്ന പുല്ലാടുള്ള വീട്ടിൽ അടുത്ത ദിവസം സുരേഷ് പോയിരുന്നു. പൊലീസ് തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് വീട്ടുകാരോട് അയാള് പറഞ്ഞിരുന്നു. കഞ്ചാവ് കേസിൻ്റെ തുടർഅന്വേഷണത്തിന് മാർച്ച് 19ന് സുരേഷിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതായി വിവരമുണ്ട്. കോയിപ്രം പോലീസ് അത് നിഷേധിക്കുന്നുണ്ടെങ്കിലും രഹസ്യ അന്വേഷണ വിഭാഗം ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. അതിനുശേഷം സുരേഷിനെ കുറിച്ച് ആർക്കും ഒരു വിവരവുമില്ല. പിന്നീടാണ് മാർച്ച് 22 ന് കോന്നിയിലെ മാങ്കോസ്റ്റിൻ തോട്ടത്തിൽ തൂങ്ങിയ നിലയിൽ സുരേഷിനെ കണ്ടെത്തിയത്.
വരയന്നൂർ സ്വദേശിയായ സുരേഷ് കിലോമീറ്ററുകൾ യാത്ര ചെയ്ത് എന്തിന് കോന്നിയിൽ പോയി എന്നതിന് ഒരു മറുപടിയും പൊലീസിന് ഇല്ല. വാരിയെല്ലുകൾ അടക്കം ഒടിഞ്ഞ നിലയിലായിരുന്നു മൃതദേഹം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. അത്തരം പരിക്കുകൾ ശരീരത്തിലുള്ള ഒരാൾക്ക് മരത്തിൽ മുണ്ട് കെട്ടി തൂങ്ങി മരിക്കാൻ കഴിയുമോ എന്നതും ചോദ്യമാണ്. മാത്രമല്ല , മരണത്തിൽ ദുരൂഹതയുണ്ടെന്ന് അറിഞ്ഞിട്ടും രണ്ട് മാസക്കാലം കോന്നി പൊലീസ് ഒരു നിഗമനത്തിലും എത്താതിരുന്നത് സംശയകരമാണ്. അസ്വാഭാവിക മരണമെന്ന ആദ്യ എഫ്ഐആറിൽ ഒതുക്കി വെച്ചു. എന്തായാലും അഡീഷണൽ എസ്.പി. നടത്തുന്ന വകുപ്പ് തല അന്വേഷണം കേസിലെ ദുരൂഹത നീക്കില്ലെന്നാണ് രഹസ്യന്വേഷണ വിഭാഗത്തിൻ്റെ റിപ്പോർട്ട്. അതു പരിഗണിച്ച് ജില്ലാ ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറാനാണ് സാധ്യത.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]