
‘ദലിത് സ്ത്രീയെ കസ്റ്റഡിയിലെടുത്തതിൽ പൊലീസിന് വീഴ്ച; സംഭവിക്കാൻ പാടില്ലാത്തത് ഉണ്ടായി’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട്∙ മോഷണക്കുറ്റം ആരോപിച്ച് ദലിത് സ്ത്രീയെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവിക്കാൻ പാടില്ലാത്തതാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. അതിൽ നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാൽ തന്റെ ഓഫിസിലെത്തി നൽകിയ പരാതിയിൽ കൃത്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നാലാം വാർഷികദിനത്തോട് അനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇ.ഡി ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയെന്ന സംഭവം കേന്ദ്ര അന്വേഷണ ഏജൻസിയുടെ വിശ്വാസ്യതയെ ബാധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടണം. വിശ്വാസ്യത ഉറപ്പിക്കാൻ ഏജൻസിയുടെ പുനഃസംഘടന ഉൾപ്പെടെയുള്ള കാര്യങ്ങളാണ് പ്രധാനമന്ത്രിയിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘‘ദേശീയപാതയിൽ ചിലയിടത്തുണ്ടായ തകർച്ച നിർഭാഗ്യകരമാണ്. ഇതിൽ ദേശീയ പാത അതോറിട്ടിയുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കും. നമ്മുടെ ഭൂപ്രകൃതിക്ക് അനുസരിച്ച് നിർമാണം നടത്തുന്നതിൽ വീഴ്ചകളുണ്ടായിട്ടുണ്ടോ എന്നതാകും ദേശീയ പാത അതോറിട്ടിയുമായുള്ള ചർച്ചയിൽ വിലയിരുത്തി പരിഹരിക്കുക.
കേരളത്തിന്റെ പൊതുവായ കാര്യങ്ങളിൽ സഹായകമായ നിലപാടല്ല പ്രതിപക്ഷം കൈക്കൊള്ളുന്നത്. കേന്ദ്രത്തിനെതിരായ പ്രതിഷേധങ്ങളിൽ പ്രതിപക്ഷം പിന്തുണ നൽകുന്ന നിലപാടല്ല സ്വീകരിച്ചത്. വലിയ ദുരന്തഘട്ടങ്ങളിൽ പോലും പ്രതിപക്ഷം പിന്തുണ നൽകിയില്ല. കെ റെയിൽ പദ്ധതി മുന്നോട്ടു വച്ചുകഴിഞ്ഞപ്പോൾ അതിന് അംഗീകാരം നൽകില്ലെന്ന നിലപാടാണ് ഇവിടെ ചിലർ കൈക്കൊണ്ടത്. ഇപ്പോൾ ഇത് വേണ്ടെന്ന നിലപാടായിരുന്നു ചിലരുടേത്. വികസന വിരുദ്ധർക്കൊപ്പം നിൽക്കുന്ന രാഷ്ട്രീയനിലപാടാണ് ഇതിൽ കേന്ദ്രം കൈക്കൊണ്ടത്’’– മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സമരം നൂറു ദിവസം പിന്നിട്ടത് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ സമരത്തിൽ തൽക്കാലം ഒരിടപെടലും ഉണ്ടാകില്ലെന്നും ഒത്തുതീർപ്പിന് മുൻപ് ശ്രമിച്ചെങ്കിലും അത് ഫലം കണ്ടില്ലെന്നുമായിരുന്നു മറുപടി. മൂന്നാം പിണറായി സർക്കാർ സംബന്ധിച്ച ചോദ്യങ്ങളോട് ഇപ്പോൾ തിരഞ്ഞെടുപ്പ് മുന്നിലില്ലല്ലോയെന്നും പ്രഖ്യാപിച്ച പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനാണ് നിലവിൽ മുൻഗണന നൽകുന്നതെന്നുമായിരുന്നു മറുപടി. വാർത്താസമ്മേളനത്തിന് ശേഷം നാലാം വാർഷികവുമായി ബന്ധപ്പെട്ട കേക്ക് മുറിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.
നിയമം കയ്യിലെടുക്കാൻ ആർക്കും അവകാശമില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ കെ.യു. ജെനീഷ് കുമാർ എംഎൽഎ ബലമായി ഇറക്കിക്കൊണ്ടുപോയ സംഭവം സംബന്ധിച്ച ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വന്യമൃഗങ്ങളെ നിയന്ത്രിക്കണമെങ്കിൽ നായാട്ട് ആണ് ഒരു വഴി. വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ നടപടികൾ ആവശ്യമാണ്. വന്യജീവി നിയമത്തിൽ കാലാനുസൃതമായ മാറ്റം വരുത്തണമെന്നത് കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.