
കൊച്ചി ∙ പൗരന്മാർ അല്ലാത്തവർ രാജ്യത്തിനു പുറത്തേക്ക് അയയ്ക്കുന്ന പണത്തിന് 5% നികുതി ചുമത്താനുള്ള അമേരിക്കയുടെ നീക്കം അവിടെ ജോലി ചെയ്യുന്ന മലയാളികളുൾപ്പെടെയുള്ള ടെക്കികൾക്കും മറ്റും തിരിച്ചടിയാകും. ഇത് സംബന്ധിച്ച ബില്ല് ഹൗസ് ഓഫ് റപ്രസന്റേറ്റീവ്സിൽ അവതരിപ്പിച്ചു കഴിഞ്ഞു.
‘ദ് വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ എന്ന് പേരിട്ടിരിക്കുന്ന ബില്ല് നിയമമായാൽ നാട്ടിലേക്കു സ്ഥിരമായി പണമയയ്ക്കുന്ന, യുഎസിൽ ജോലിചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരെ ബാധിക്കും.
എച്ച് – 1ബി, എൽ–1 പോലുള്ള വീസയിൽ ജോലി ചെയ്യുന്നവരും ഗ്രീൻ കാർഡ് ഹോൾഡേഴ്സും ഈ നിയമത്തിന്റെ പരിധിയിൽ വരും. ഇവർ അയയ്ക്കുന്ന ചെറിയ തുകയ്ക്ക് പോലും 5% നികുതി ചുമത്തും. പണം അയയ്ക്കുമ്പോൾ തന്നെ, ട്രാൻസ്ഫർ ചെയ്യുന്ന ബാങ്കോ കറൻസി എക്സ്ചേഞ്ച് ഹൗസോ ഈ നികുതിപ്പണം അയയ്ക്കുന്ന ആളിൽ നിന്ന് ഈടാക്കും.
ഇന്ത്യൻ പൗരന്മാരാണ് അമേരിക്കയിൽ നിന്ന് ഏറ്റവും കൂടുതൽ പണം അയയ്ക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ചു ഏതാണ്ട് 45 ലക്ഷം ഇന്ത്യക്കാരാണ് അമേരിക്കയിലുള്ളത്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ചു യുഎസിൽ നിന്ന് 2023-24 സാമ്പത്തിക വർഷം 32 ബില്യൻ ഡോളറാണ് ( 27.4 ലക്ഷം കോടി രൂപ) ഇന്ത്യക്കാർ നാട്ടിലേക്ക് അയച്ചത്.
വരും വർഷങ്ങളിലും അവർ ഇന്ത്യയിലേക്ക് ഇതേ തുക തന്നെയാണ് അയക്കുന്നതെന്ന് കരുതിയാൽപ്പോലും ഇപ്പോഴത്തെ ബില്ലനുസരിച്ചു അവർ 1.6 ബില്യൻ ഡോളർ (13,688 കോടി രൂപ) നികുതി കൊടുക്കണം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
English Summary:
The new US tax bill imposes a 5% tax on remittances from non-citizens, significantly impacting hundreds of thousands of Indians working in the US on H-1B, L-1 visas, and Green Cards. This will affect money sent home to India.
2dpe2ad7vh4akj17l96bbg1fo9 74at65i9lnnnob9av8n2nocf3j-list mo-business-business-news 7q27nanmp7mo3bduka3suu4a45-list mo-business-tax mo-news-world-countries-unitedstates