
പാക് ഷെല്ലിംഗുകൾ ജമ്മു കശ്മീരിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ പൊട്ടിച്ചിതറിയപ്പോൾ. ഒരു പോറലുപോലുമേല്‍ക്കാതെ പ്രദേശവാസികളെ ബങ്കറുകളില്‍ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് നയിച്ചത് ഒരു പയ്യന്നൂരുകാരനായിരുന്നു, കെ കെ ഹരിപ്രസാദ് ഐപിഎസ്. ആ കൈകൾ പിടിച്ച് അവരൊരുത്തരായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി. സംഘര്‍ഷത്തിനിടെയുണ്ടായ മരണ സംഖ്യ വലിയൊരു പരിധിവരെ കുറയ്ക്കാന്‍ ആ രക്ഷപ്പെടുത്തലിന് കഴിഞ്ഞു.
രാത്രി മുതൽ പുലർച്ചെ വരെ നീളുന്ന കടന്നാക്രമണമാണ് ഓപ്പറേഷൻ സിന്ദൂരിന് ശേഷം പാക്കിസ്ഥാൻ ജമ്മു കശ്മീരിലെ അതിർത്തി ഗ്രാമങ്ങളിൽ നടത്തിയത് ബാരാമുള്ളയിലെ അതിത്തി ഗ്രാമങ്ങളിൽ പാക്കിസ്ഥാൻ നടത്തിയത് സമാനതകളില്ലാത്ത ഷെല്ലാക്രമണം. ഒരു രാത്രി മുഴുവൻ ബങ്കറിൽ കഴിയേണ്ടി വന്ന മനുഷ്യർ. കനത്ത ഏറ്റുമുട്ടലിൽ അതിർത്തി അശാന്തമായി. നിയന്ത്രണരേഖയ്ക്ക് ഇപ്പുറം ഗ്രാമങ്ങളിൽ നിന്ന് യുദ്ധക്കാല അടിസ്ഥാനത്തിൽ ആളുകളെ ഒഴിപ്പിക്കേണ്ട സാഹചര്യം. ഈ സ്ഥിതിഗതികൾക്കിടെയാണ് മലയാളിയായ കെ കെ ഹരിപ്രസാദ് ഐപിഎസിനെ ബാരാമുള്ളയിലെ അഡീഷണൽ എസ് പിയായി സ്ഥലം മാറ്റം നൽകുന്നത്.
(കെ കെ ഹരിദാസ് ഐപിഎസ്)
ബാരാമുള്ളയിലേക്ക്
2021 ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥാനായ ഹരിപ്രസാദിന്റെ ആദ്യനിയമനം തന്നെ ജമ്മു കശ്മീരിലായിരുന്നു. കോത്തിബാഗ് അഡീഷണൽ എസ് പിയായിരിക്കെയാണ് ശ്രീനഗറിലെ ഞാറാഴ്ച്ച മാർക്കറ്റിലുണ്ടായ സ്ഫോടനം. ഇതിന്റെ അന്വേഷണത്തിനടക്കം നേതൃത്വം നൽകി, പ്രതികളെ പിടികൂടിയതിലെ മികവ്. കൂടാതെ ജമ്മു കശ്മീർ പൊലീസിന്റെ സെപ്ഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിന്റെ ഭാഗമായും സേവനം. ഇതെല്ലാം പരിഗണിച്ചായിരുന്നു സംഘർഷ സാഹചര്യത്തിൽ ബാരാമുള്ളയിലേക്ക് സ്ഥലം മാറ്റം. ഈ മാസം എട്ടിന് ബാരാമുള്ളയിൽ എത്തി ചാർജ്ജ് ഏറ്റെടുത്ത ഹരിപ്രസാദ് നേരെ പോയത് അതിർത്തിയിലെ ജനങ്ങളെ ഒഴിപ്പിക്കാനുള്ള വലിയ ദൌത്യത്തിലേക്കാണ്.
റോഡ് ഗതാഗതം പോലും ശരിയായി ഇല്ലാത്ത അതിർത്തി ഗ്രാമങ്ങളിൽ നിന്ന് ജനങ്ങളെ സുരക്ഷിതമായി അഭയകേന്ദ്രങ്ങളിലേക്ക് മാറ്റേണ്ട സാഹചര്യം. ദേശീയപാതയോട് ചേർന്നുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകള്‍ നേരത്തെ തന്നെ സ്വയം ഒഴിഞ്ഞ് പോയിരുന്നു. അതേസമയം, മലമുകളിൽ പാക്കിസ്ഥാനുമായി നിയന്ത്രണരേഖ പങ്കിടുന്ന പ്രദേശത്ത് താമസിക്കുന്ന ആളുകളുമായി ബന്ധപ്പെടാനുള്ള സാഹചര്യമില്ലാത്ത അവസ്ഥ. ബങ്കറിൽ കഴിഞ്ഞിരുന്നവരെ നേരിട്ട് പോയി കണ്ടെത്തി പുറത്ത് എത്തിക്കണം.
(ബാരാമുള്ളയിലെ ഡ്യൂട്ടിക്കിടെ കെ കെ ഹരിദാസ് ഐപിഎസും സംഘവും)
ഷെല്ലാക്രമണം കുറയുന്ന സമയത്താണ് ഈ ഭഗീരഥപ്രയത്നം. ഉറിയിലെ അടക്കം അതിർത്തി പ്രദേശത്തെ അവസാന ഗ്രാമങ്ങളിൽ നിന്ന് ഉൾപ്പെടെ ആയിരത്തിലധികം പേരെയാണ് ഹരിപ്രസാദിന്റെ നേൃത്വത്തിലുള്ള പൊലീസും ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരും ചേർന്ന് ഒരു പോറലുമില്ലാതെ സുരക്ഷിതമായി പുറത്ത് എത്തിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. ബങ്കറിലും വീടുകളിലും ഇനി ആരും കുടുങ്ങികിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തിയാണ് ഈ യുവ ഐപിഎസുകാരനും സംഘവും വിശ്രമിച്ചത്.
പയ്യന്നൂരിലെ കുഞ്ഞിമംഗലം ദേശം
കണ്ണൂർ പയ്യന്നൂർ കുഞ്ഞിമംഗലം സ്വദേശിയായ ഹരിപ്രസാദിന്റെ ആഗ്രഹം സൈനിക സേവനമായിരുന്നു. പിലാത്തറ കൈരളി നഗറിലെ റിട്ട. ഡിഇഒ വി വി കുഞ്ഞിക്കണ്ണന്റെയും ജിവിഎച്ച് എസ് എസ് തൃക്കരിപ്പൂരിലെ അധ്യാപികയായിരുന്ന കെ കെ ഗിരിജയുടെയും മകനായ കെ കെ ഹരിപ്രസാദ് കുഞ്ഞിമംഗലം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പഠനത്തിന് ശേഷം തൃക്കരിപ്പൂർ കോളേജ് ഓഫ് എഞ്ചനീയറിംഗിൽ നിന്ന് ബിടെക് ബിരുദം നേടി. പിന്നാലെ സൂറത്കൽ ഐഐടിയിൽ നിന്ന് എൻജിനീയറിംഗിൽ എംടെക്കും സ്വന്തമാക്കി. തുടന്ന് കരസേനയുടെ ടെക്ക്നിക്കൽ വിഭാഗത്തിൽ ഓഫീസർ റാങ്കിലേക്കുള്ള പരിശീലനത്തിലേക്ക്. എന്നാൽ, പരിശീലനത്തിനിടെ മെഡിക്കൽ സംബന്ധമായ ചില പ്രശ്നങ്ങൾ കാരണം ഇത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
(ബാരാമുള്ളയിലെ ഡ്യൂട്ടിക്കിടെ കെ കെ ഹരിദാസ് ഐപിഎസും സംഘവും)
രാജ്യസേവനം
പക്ഷേ, രാജ്യസേവനത്തോടുള്ള അതിയായ താൽപര്യം ഹരിപ്രസാദ് വിട്ടുകളഞ്ഞില്ല. സിവിൽ സർവീസിനായി തിരുവനന്തപുരത്ത് തിരിചെത്തി, പഠനം തുടങ്ങി. ഒടുവിൽ 2021 -ലെ റാങ്ക് പട്ടികയിൽ 421 -ആം റാങ്ക് നേടി. സംശയത്തിന്റെ ചെറുകണിക പോലും അവശേഷിപ്പിക്കാതെ ഇന്ത്യൻ പൊലീസ് സർവീസിലേക്ക്. മനസിൽ ആഗ്രഹിച്ച് പോലെ പരിശീലനത്തിന് ശേഷം ജമ്മു കശ്മീരിലേക്ക് പോസ്റ്റിംഗ്. 2019 -ന് ശേഷം സിവിൽ സർവീസിലെ കേന്ദ്ര കേഡറിൽ നിന്നാണ് ജമ്മു കശ്മീരിലേക്ക് പോസ്റ്റിംഗ് നടത്തുന്നത്.
ഇതിനിടെ രാജ്യത്തിന്റെ അഭിമാനമായി ദില്ലിയിൽ നടന്ന ജി 20 ഉച്ചകോടിയിലെ സുരക്ഷ ചുമതലയിലും നിയോഗിക്കപ്പെട്ടു. വെല്ലുവിളികളെ അവസരമാക്കിയ ജീവീതകഥയാണ് ഹരിപ്രസാദിന്റെത്. ഏറ്റെടുത്ത ദൌത്യം വിജയിപ്പിച്ച ചെറുപ്പക്കാരൻ. എവിടെ പോയാലും ഒരു മലയാളിയുണ്ടെന്ന് പഴമൊഴി പോലെ ജമ്മു കശ്മീരിലെ ബാരാമുള്ളയിലുമുണ്ട് ഐപിഎസുകാരനായി ഒരു മലയാളി സാന്നിധ്യം. എല്ലാം ശാന്തമായ ശേഷം നാട്ടിലേക്കെത്തി കുടുംബത്തെ കാണാനാണ് ഹരിപ്രസാദിന്റെ തീരുമാനം. ഭാര്യ നയൻതാര രാജീവ്, മാധ്യമപ്രവർത്തകയാണ്. നിലവിൽ ഹൈദരാബാദിലാണ് നയൻതാര ജോലി ചെയ്യുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]