
കോഴിയെ പിടിക്കാൻ പലവട്ടം പുലി വന്നു; വനം വകുപ്പിനെതിരെ ഹർജിയുമായി വീട്ടുടമ ഹൈക്കോടതിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബത്തേരി ∙ വീട്ടുമുറ്റത്തെ കോഴിക്കൂട്ടിൽ നിന്നു തുടർച്ചയായി പുലി കോഴികളെ പിടികൂടിയിട്ടും കൂട് സ്ഥാപിക്കാൻ മടിക്കുന്ന വനം വകുപ്പ് നിലപാടിനെതിരെ ഹൈക്കോടതിയിൽ റിട്ട് ഹർജി. ബത്തേരി സ്വദേശി പുതുശ്ശേരിൽ പോൾ മാത്യൂസ് ആണു ഹർജിക്കാരൻ. സ്വന്തം കുടുംബത്തിന്റെയും ബത്തേരി നിവാസികളുടെയും ജീവൻ രക്ഷിക്കാൻ നടപടിയുണ്ടാകണമെന്നും ഹർജിയിൽ പറയുന്നു.
ബത്തേരി ടൗണിനു സമീപം കോട്ടക്കുന്നിൽ ദേശീയ പാതയോരത്തുള്ള പോൾ മാത്യൂസിന്റെ വീട്ടുമുറ്റത്തു സമീപ ദിവസങ്ങളിൽ പുള്ളിപ്പുലി എത്തിയിരുന്നു.കഴിഞ്ഞ 9 നു പോൾ മാത്യൂസിന്റെ കോഴിക്കൂട്ടിൽ നിന്ന് 2 കോഴികളെ കാണാതായിരുന്നു. കൂട് ഭാഗികമായി പൊളിഞ്ഞ നിലയിലുമായിരുന്നു. തുടർന്നു കൂടിനു സമീപം പോൾ മാത്യൂസ് സിസിടിവി സ്ഥാപിച്ചു. 13 നു രാത്രിയും 14 നു പുലർച്ചെയും വീട്ടുമുറ്റത്തെത്തിയ പുലി കോഴിക്കൂട് തകർത്ത് 7 കോഴികളെ പിടി കൂടുന്നതു ക്യാമറയിൽ പതിഞ്ഞു. കൊന്നിട്ട കോഴികളെ ഭക്ഷിക്കാൻ പിറ്റേന്നും പുലിയെത്തി.
വീണ്ടും 17 നു രാത്രി 8.30 നും 18 നു പുലർച്ചെയും കോഴിക്കൂടിനു സമീപം പുലിയെത്തി കോഴികളെ പിടിക്കാൻ ശ്രമം നടത്തി. ഈ ദൃശ്യങ്ങളും ക്യാമറയിൽ പതിഞ്ഞു. വിവരങ്ങൾ അപ്പപ്പോൾ വനം വകുപ്പിനെ അറിയിക്കുകയും വനപാലകർ എത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഇതുവരെ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കാൻ വനം വകുപ്പ് തയാറായില്ലെന്നു പോൾ മാത്യൂസ് പറയുന്നു. ദിവസങ്ങളെടുത്ത് അനുമതി വാങ്ങി വരുമ്പോഴേക്കും മനുഷ്യ ജീവനുകൾ തന്നെ അപകടത്തിൽ ആയേക്കാമെന്നും ടൗണിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടമാണെന്നും ഹർജിയിൽ പോൾ മാത്യൂസ് ചൂണ്ടിക്കാട്ടുന്നു.
പുലിയെ ഉടൻ പിടികൂടണം: നഗരസഭാധ്യക്ഷൻ
ബത്തേരി ∙ നഗരസഭയുടെ 15, 20 എന്നീ ടൗണിനോടു ചേർന്നുള്ള ഡിവിഷനുകളിൽ ഇറങ്ങിയ പുലിയെ ഉടൻ കൂട് വച്ചു പിടികൂടണമെന്ന് ആവശ്യപ്പെട്ടു നഗരസഭാധ്യക്ഷൻ ടി.കെ.രമേശ് ചീഫ് വൈൽഡ് വാർഡനു കത്ത് നൽകി. പ്രദേശത്തെ ജനങ്ങൾ ഭീതിയോടെയാണു കഴിയുന്നതെന്നും അവരുടെ വളർത്തു മൃഗങ്ങളെ ആക്രമിക്കുകയും മനുഷ്യ ജീവന് ഭീഷണി നിലനിൽക്കുന്ന സാഹചര്യമാണിപ്പോൾ എന്നും കത്തിൽ പറഞ്ഞു.