
കോഹിനൂരിലും കാലിക്കറ്റ് ക്യാംപസിലും മേൽപാലം; കാൽനടക്കാർക്കായി നിർമിക്കുന്നത് ലിഫ്റ്റ് സൗകര്യമുള്ള മേൽപാലം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേഞ്ഞിപ്പലം ∙ ദേശീയപാത കോഹിനൂരിലും കാലിക്കറ്റ് സർവകലാശാലാ ക്യാംപസ് കവാട പരിസരത്തും കാൽനടക്കാർക്കായി ലിഫ്റ്റ് സൗകര്യത്തോടെ മേൽപാലം നിർമിക്കുമെന്ന് ദേശീയപാത കേരള സർക്കിൾ പ്രോജക്ട് ഡയറക്ടർ അൻശുൽ ശർമ. കാലിക്കറ്റ് വിസി ഡോ. പി.രവീന്ദ്രനും മറ്റുമായി ഓൺലൈൻ ചർച്ചയ്ക്കിടെയാണു പ്രഖ്യാപനം. രണ്ടിടത്തും ആവശ്യമായ സ്ഥലം അനുവദിക്കാമെന്ന് വിസി അറിയിച്ചു. കാലിക്കറ്റിൽനിന്ന് ഭൂവിനിയോഗ സമ്മതപത്രം ലഭിച്ചാലുടൻ മേൽപാല നിർമാണത്തിന് നടപടി സ്വീകരിക്കുമെന്നും അൻശുൽ ശർമ വ്യക്തമാക്കി. എൻഎച്ച് ആറുവരിപ്പാതയുടെ പിറവിയോടെ കോഹിനൂരും യൂണിവേഴ്സിറ്റി ക്യാംപസും രണ്ടായി വിഭജിക്കപ്പെട്ടത് വിദ്യാർഥികൾ അടക്കം ആയിരങ്ങളെ വലയ്ക്കുന്നതായി ചർച്ചയിൽ വിസി ധരിപ്പിക്കുകയായിരുന്നു.
തൃശൂർ– കോഴിക്കോട് പാതയിൽ കാലിക്കറ്റ് സർവകലാശാലാ ക്യാംപസിൽപ്പെട്ട 2.25 കിലോമീറ്ററിൽ ഒരിടത്തും ആറുവരിപ്പാതയുമായി ബന്ധപ്പെട്ട് എക്സിറ്റും എൻട്രിയും ഇല്ലെന്ന വിഷയം പരിഹരിക്കുന്നതിന്റെ ഭാഗമായി സ്ഥലം സന്ദർശിച്ച് നടപടി സ്വീകരിക്കുമെന്നും അൻശുൽ ശർമ വ്യക്തമാക്കി. കോഹിനൂരിൽ എക്സിറ്റും ചെട്യാർമാട്ട് എൻട്രിയും വേണമെന്നാണ് യൂണിവേഴ്സിറ്റിയുടെ ആവശ്യം.
എൻഎച്ച് നിർമാണത്തോടെ ഗതാഗതക്കുരുക്കിലായ സർവകലാശാലയുടെ മോചനത്തിനായി സിൻഡിക്കറ്റ് അംഗം ഡോ. പി.റഷീദ് അഹമ്മദ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.കാലിക്കറ്റ് ക്യാംപസിന്റെ പുതിയ കവാടത്തിനരികെ എൻഎച്ച് അതോറിറ്റിക്ക് വിശ്രമകേന്ദ്രം സ്ഥാപിക്കാൻ 4.7 ഹെക്ടർ അനുവദിക്കണമെന്ന ആവശ്യം ചർച്ചയിൽ അൻശുൽ ശർമ ആവർത്തിച്ചു. പ്രായോഗിക ബുദ്ധിമുട്ട് അറിയിച്ച വിസി വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും പ്രയോജനപ്പെടുത്താൻ പാകത്തിൽ വിശ്രമകേന്ദ്രം സ്ഥാപിക്കണമെന്ന നിർദേശമാണ് വച്ചത്. ജൂണിൽ അൻശുൽ ശർമ കാലിക്കറ്റിലെത്തുമ്പോൾ ക്യാംപസിലെ ഗതാഗതക്കുരുക്ക് അഴിക്കാനുള്ള നടപടികളുമായി വിശദ ചർച്ച നടത്തുമെന്ന് വിസി പറഞ്ഞു. സിൻഡിക്കറ്റ് അംഗങ്ങളായ ഡോ. പി. റഷീദ് അഹമ്മദ്, പി.കെ.ഖലീമുദ്ദീൻ, ടി.വസുമതി, ഡോ.റിച്ചാർഡ് സ്കറിയ, റജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ, യൂണിവേഴ്സിറ്റി എൻജിനീയർ സി.കെ. മുബാറക് തുടങ്ങിയവരും വിസിക്കൊപ്പം ചർച്ചയിൽ പങ്കെടുത്തു.