
50 മീറ്റർ നീളത്തിൽ 10 അടി ഉയരത്തിൽ പ്രത്യക്ഷപ്പെട്ടത് വലിയ മൺകൂന; ദേശീയപാത 66 നേരിടുന്ന പ്രശ്നങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൂരിയാട് (മലപ്പുറം) ∙ ദേശീയപാത 66ൽ നിർമാണം അവസാനഘട്ടത്തിലുള്ള അപകടമുണ്ടായ മലപ്പുറം കൂരിയാട് ഭാഗത്ത് വയലിലൂടെ ദേശീയപാത നിർമിച്ചത് മതിയായ സുരക്ഷയില്ലാതെയാണ് മുൻപും പരാതി ഉണ്ടായിരുന്നു. വയലിൽ മണ്ണിട്ട് ഉയർത്തിയാണ് റോഡ് നിർമിച്ചിരിക്കുന്നത്. നാലുവരിപ്പാത ഉയരത്തിലും സർവീസ് റോഡുകൾ താഴെയുമായാണ് നിർമാണം. മഴക്കാലത്ത് വയലിൽ വെള്ളം നിറഞ്ഞ് സർവീസ് റോഡ് വരെ മുട്ടുന്ന അവസ്ഥയായിരുന്നു. വയലിലെ വെള്ളം ഒഴുകി പോകാൻ ആവശ്യമായ കലുങ്കുകൾ ഇല്ലാത്തതാണ് ഇതിനു കാരണം. വയലിൽ വെള്ളം കെട്ടി നിന്ന് റോഡിലേക്ക് എത്തിയിരുന്നു. റോഡിന്റെ നിർമാണ സമയത്ത് പ്രദേശവാസികൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും അധികൃതർ അവഗണിക്കുകയായിരുന്നു. കഴിഞ്ഞ മഴക്കാലത്ത് ഇത്തരത്തിൽ വെള്ളം കെട്ടി നിന്ന റോഡിലൂടെ നാട്ടുകാർ നീന്തി പ്രതിഷേധിച്ചിരുന്നു.
നിർമാണത്തിന് മുൻപ് ഫൗണ്ടേഷൻ പഠനങ്ങളോ മണ്ണിന്റെ ശേഷി പരിശോധനകളോ നടത്താത്തതാണ് റോഡ് തകരാൻ കാരണമെന്ന് കാണിച്ച് പൊതുപ്രവർത്തകനായ ടി.പി.ഇംറാൻ അധികൃതർക്ക് പരാതി നൽകി. മാസങ്ങൾക്ക് മുൻപ് അടുക്കി വച്ച കോൺക്രീറ്റ് കട്ടകൾക്ക് വിള്ളലുണ്ടായപ്പോഴും കഴിഞ്ഞ മഴക്കാലത്ത് സർവീസ് റോഡ് ചെറിയ രീതിയിൽ താഴ്ന്ന സമയത്തും വേണ്ട നടപടികൾ സ്വീകരിക്കാത്തതാണ് റോഡ് തകരാൻ കാരണമായതെന്ന് പരാതിയിൽ പറയുന്നു. കേന്ദ്ര ഗതാഗത മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്. മഴക്കാലത്ത് കൂടുതൽ അപകടങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് പ്രദേശവാസികളുടെ ആശങ്ക. ഇപ്പോഴത്തെ നിർമാണം പൊളിച്ച് ശാസ്ത്രീയമായ പഠനങ്ങൾക്ക് ശേഷം വയഡക്ട് നിർമിക്കണമെന്നും ഭൂമിയുടെ ഘടനയും ജലനിരപ്പും വിശദമായി പഠിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
250 മീറ്ററോളം റോഡും സർവീസ് റോഡുമാണ് ഇടിഞ്ഞുതാണത്. കോട്ടയ്ക്കലിനും തേഞ്ഞിപ്പലത്തിനുമിടയ്ക്ക് കക്കാടിനടുത്ത് കൂരിയാട് വയലിലൂടെ കടന്നുപോകുന്ന ഭാഗത്താണ് സംഭവം. സർവീസ് റോഡിലൂടെ കടന്നുപോയ കാറിനു മുകളിലേക്ക് ഉച്ചയ്ക്ക് 2.15ന് ഇന്റർലോക്ക് കട്ടകൾ ഇടിഞ്ഞുവീണ് 3 കുട്ടികളടക്കം 8 പേർക്കു നിസ്സാര പരുക്കേറ്റു. കാറിന്റെ മുൻവശവും ചില്ലും തകർന്നു. അപകടം കണ്ട് പിന്നിലെ കാറിൽനിന്നു പാടത്തേക്കു ചാടിയ മറ്റൊരാൾക്കും പരുക്കേറ്റു. മറ്റു 2 കാറുകൾകൂടി സർവീസ് റോഡിലുണ്ടായിരുന്നെങ്കിലും കാര്യമായ തകരാറുണ്ടായില്ല. റോഡ് പണിക്കെത്തിച്ച മണ്ണുമാന്തിയും അപകടത്തിൽപെട്ടു.
കക്കാട് മുതൽ വെളിമുക്ക് വരെ 10 കിലോമീറ്റർ ദേശീയപാത അടച്ചു. ഗതാഗതം വഴിതിരിച്ചുവിട്ടു. 36 കിലോമീറ്റർ വരുന്ന രാമനാട്ടുകര–വളാഞ്ചേരി റീച്ചിൽ നിർമാണം പൂർത്തിയാക്കാൻ 11 ദിവസം മാത്രം ബാക്കിനിൽക്കെയാണ് അപകടം. പാടത്ത് 10 മീറ്ററോളം ഉയരത്തിൽ മണ്ണിട്ടുയർത്തി നിർമിക്കുന്ന പ്രധാനപാതയാണ് ഇടിഞ്ഞുവീണത്. 4 മീറ്ററോളം ഉയരത്തിലുള്ള സർവീസ് റോഡും തകർന്ന് വലിയ കുഴി രൂപപ്പെട്ടു. കെട്ടിയുയർത്തിയ പ്രധാന പാത ഇടിഞ്ഞുതാണതിന്റെ സമ്മർദത്തിൽ സമീപത്തെ പാടത്ത് 200 മീറ്ററോളം ദൂരം 4 മീറ്റർ വരെ ഉയരത്തിൽ കുന്നുപോലെ മണ്ണ് ഉയർന്നിട്ടുമുണ്ട്.
ആറുവരിപ്പാതയുടെ തൃശൂർ ഭാഗത്തേക്കുള്ള വശം മൊത്തത്തിൽ ഇടിഞ്ഞുതാണു. ആദ്യഘട്ട ടാറിങ് പൂർത്തിയാക്കിയ കോഴിക്കോട് ഭാഗത്തേക്കുള്ള റോഡിൽ വ്യാപകമായി വിള്ളൽ വീണു.തൃശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിലും വലിയ വിള്ളലുണ്ടായി. നിർമാണത്തിൽ അപാകത ആരോപിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു.
പ്രത്യക്ഷപ്പെട്ടത് വലിയ മൺകൂന
കൂരിയാട് ∙ റോഡ് തകർന്നതിന്റെ ആഘാതത്തിൽ വയലിൽ വലിയ മൺകൂന രൂപപ്പെട്ടു. മണ്ണിട്ട് ഉയർത്തിയ ആറുവരിപ്പാതയുടെ ഭാഗം തകരുകയും സർവീസ് റോഡ് താഴുകയും ചെയ്തതോടെയാണ് ഇതിന്റെ ആഘാതത്തിൽ അടിയിലുണ്ടായിരുന്ന മണ്ണ് പുറത്തേക്ക് തള്ളി വലിയ മൺകൂന പ്രത്യക്ഷപ്പെട്ടത്. 10 അടിയോളം ഉയരത്തിലാണ് മൺകൂന ഉണ്ടായത്. 50 മീറ്ററോളം നീളവുമുണ്ട്.
ഗതാഗതം തിരിച്ചുവിട്ടു
∙ കോഴിക്കോട്ടുനിന്ന് തൃശൂർ ഭാഗത്തേക്കു പോകുന്നവർ തലപ്പാറയിൽനിന്ന് വലത്തോട്ടു തിരിഞ്ഞ് ചെമ്മാട്– തിരൂരങ്ങാടി വഴി പോകണം. തുടർന്ന് കക്കാട്ടു നിന്ന് സർവീസ് റോഡ് വഴി വീണ്ടും ദേശീയപാതയിൽ കയറാം.∙ തൃശൂരിൽനിന്ന് കോഴിക്കോട് ഭാഗത്തേക്കു പോകുന്നവർ കക്കാട്ടുനിന്ന് തിരൂരങ്ങാടി–മമ്പുറം വഴി വി.കെ.പടിയിലെത്തണം. ഇവിടെനിന്ന് സർവീസ് റോഡ് വഴി വീണ്ടും ദേശീയപാതയിൽ കയറാം.