
ആഭരണപ്രേമികളെയും വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്കായി ആഭരണങ്ങൾ (gold) വാങ്ങാൻ ശ്രമിക്കുന്നവരെയും ആശങ്കപ്പെടുത്തി കഴിഞ്ഞ 4 ദിവസത്തിനിടെ കുത്തനെ കൂടിയ സ്വർണവിലയിൽ (gold rate) ഇന്ന് ഭേദപ്പെട്ട കുറവ്. കേരളത്തിൽ (Kerala gold price) ഗ്രാമിന് 45 രൂപ കുറഞ്ഞ് 8,710 രൂപയും പവന് 360 രൂപ കുറഞ്ഞ് 69,680 രൂപയുമായി.
കഴിഞ്ഞ 4 ദിവസത്തിനിടെ ഗ്രാമിന് 145 രൂപയും പവന് 1,160 രൂപയും കൂടിയശേഷമാണ് ഈ കുറവ്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് പ്രമുഖ റേറ്റിങ് ഏജൻസിയായ മൂഡീസ് (Moody’s), ക്രെഡിറ്റ് റേറ്റിങ് (Credit Rating) വെട്ടിത്താഴ്ത്തിയതായിരുന്നു കഴിഞ്ഞദിവസം സ്വർണവില കുതിച്ചുയരാൻ മുഖ്യകാരണം.
പുറമെ, അമേരിക്കയുമായി അനുഭാവപൂർവം ചർച്ചയ്ക്ക് തയാറാകാത്ത രാജ്യങ്ങൾക്കുമേൽ വീണ്ടും പകരച്ചുങ്കം (Reciprocal Tariffs) ഏർപ്പെടുത്തുമെന്ന ട്രംപ് ഭരണകൂടത്തിന്റെ മുന്നറിയിപ്പും സ്വർണത്തിന് നേട്ടമായിരുന്നു.
സാമ്പത്തിക രംഗത്തെ പ്രതിസന്ധികൾ, യുദ്ധം തുടങ്ങിയ സാഹചര്യങ്ങളിലെപ്പോഴും സ്വർണത്തിന് സുരക്ഷിത നിക്ഷേപം (safe-haven) എന്ന പെരുമ കിട്ടാറുണ്ട്. എന്നാൽ ഇപ്പോൾ ട്രംപിന്റെ ഇടപെടലിനെ തുടർന്ന് റഷ്യയും യുക്രെയ്നും സമാധാന ചർച്ചകളിലേക്ക് കടക്കുന്നതും താരിഫ് വിഷയത്തിൽ അമേരിക്ക കൂടുതൽ ചർച്ചകൾക്ക് തയാറാകുന്നതും സ്വർണവിലയെ താഴ്ത്തുകയാണ്. ഔൺസിന് 3,235 ഡോളറായിരുന്ന രാജ്യാന്തരവില നിലവിലുള്ളത് 3,212 ഡോളറിൽ.
ഇന്ന് ഇന്ത്യൻ റുപ്പി (Indian rupee) ഡോളറിനെതിരെ 7 പൈസ താഴ്ന്ന് 85.47ലാണ് വ്യാപാരം ആരംഭിച്ചത്. രൂപ തളർന്നില്ലായിരുന്നെങ്കിൽ കേരളത്തിൽ ഇന്ന് സ്വർണവില കൂടുതൽ കുറയുമായിരുന്നു. സംസ്ഥാനത്ത് ചില കടകളിൽ 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഇന്ന് 30 രൂപ കുറഞ്ഞ് 7,180 രൂപയായി. മറ്റു ചില കടകളിൽ വില ഗ്രാമിന് 30 രൂപ കുറഞ്ഞ് 7,140 രൂപയാണ്.
വെള്ളിവില ചില കടകളിൽ ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 107 രൂപയായപ്പോൾ മറ്റു ചില ജ്വല്ലറികൾ ഇന്നലത്തെ വിലയായ 107 രൂപയിൽ തന്നെ നിലനിർത്തി. സ്വർണ വ്യാപാരി അസോസിയേഷനുകൾക്കിടയിൽ വിലനിർണയത്തിൽ ഭിന്നതയുള്ളതാണ് വ്യത്യസ്ത വിലകൾക്ക് കാരണം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
English Summary:
Kerala Gold Price : Gold price fell today in Kerala, silver also decreases