
2 കോടിയുടെ വികസനം: മ്യൂസിക്കൽ ഫൗണ്ടൻ പ്രവർത്തനം വൈകുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തെന്മല∙ ഇക്കോ ടൂറിസം പദ്ധതിയിലെ സംഗീത ജലധാര നൃത്തം (മ്യൂസിക്കൽ ഫൗണ്ടൻ) പ്രവർത്തനം നിലച്ചിട്ട് ഒരു വർഷം. നവീകരണത്തിന്റെ ഭാഗമായി പ്രവർത്തനം നിർത്തിയതോടെ മ്യൂസിക്കൽ ഫൗണ്ടൻ ആസ്വദിക്കാൻ എത്തുന്ന വിനോദ സഞ്ചാരികൾക്കു നിരാശ. 2 കോടി രൂപ ചെലവിട്ട് പുതിയ സാങ്കേതികതയോടെ മ്യൂസിക്കൽ ഫൗണ്ടന്റെ നവീകരണം ഒട്ടുമുക്കാലും പൂർത്തിയായിരുന്നു. പ്രവർത്തനം പുനരാരംഭിക്കുന്നതിനായി 5 മാസം മുൻപ് പരീക്ഷണ പ്രവർത്തനം നടത്തിയിരുന്നു.
നവീകരണ ജോലി ഏറ്റെടുത്ത കരാറുകാർക്ക് ഫണ്ട് അനുവദിക്കാത്തതാണു പൂർത്തീകരണം വൈകിയതെന്നു വിവരം. ഇക്കോ ടൂറിസം പദ്ധതിയുടെ വിപുലീകരണത്തിനും വലിയ നവീകരണങ്ങൾക്കും തടസ്സമില്ലാതെ ഫണ്ട് അനുവദിക്കുമെന്നായിരുന്നു മേഖല സന്ദർശിച്ചിരുന്ന മന്ത്രി കെ. എൻ. ബാലഗോപാൽ ഉറപ്പ് നൽകിയത്. തെന്മല ഡാം കവലയിലെ ഇക്കോ ടൂറിസം പദ്ധതിയുടെ ഒാഫിസ് വളപ്പിൽ കാനനഭംഗിയുടെ പശ്ചാത്തലത്തിലാണു മ്യൂസിക്കൽ ഫൗണ്ടൻ സ്ഥാപിച്ചിട്ടുള്ളത്.
ഇക്കോ ടൂറിസം പദ്ധതിയിലെ വിവിധ മേഖലകൾ സന്ദർശിച്ച ശേഷം സന്ധ്യയോടെയാണു സഞ്ചാരികൾ മ്യൂസിക്കൽ ഫൗണ്ടൻ ആസ്വദിക്കാൻ എത്തിയിരുന്നത്. അവധിദിനങ്ങളിൽ രാത്രി വൈകിയും ഷോ നടത്തിയിരുന്നു. പ്രവർത്തനം നിലച്ചതോടെ ഇക്കോ ടൂറിസത്തിന്റെ മുഖ്യവരുമാനത്തിനാണു തിരിച്ചടി ഉണ്ടായത്. എന്നാൽ നവീകരണം പൂർത്തിയായെന്നും അന്തിമ പരീക്ഷണ പ്രവർത്തനം നടത്തി വരികയാണെന്നും ഒരു മാസത്തിനകം തുറക്കുമെന്നും ഇക്കോ ടൂറിസം പദ്ധതി അധികൃതർ അറിയിച്ചു.